GM News Online

കാഹളനാദം കേള്‍ക്കുമ്പോള്‍…

ശവസംസ്‌കാരശുശ്രൂഷയ്‌ക്ക്‌ കത്തോലിക്കാ സഭയില്‍ പാടുന്ന ഒരു പാട്ടുണ്‍ട്‌ 

” മഴ പെയ്യുമ്പോള്‍ വയലുകളില്‍ വിത്തുകള്‍ പൊട്ടി മുളയ്‌ക്കുന്നു,
കാഹളനാദം കേള്‍ക്കുമ്പോള്‍ മൃതരില്‍ ജീവനുദിക്കുന്നു\’\’

കര്‍ത്താവിന്റെ കാഹളം വാനമേഘത്തില്‍ ഉയരുമ്പോള്‍ ഭൂമിയില്‍  എല്ലാ മൃതരിലും ജീവന്‍ ഉണ്‍ടാകുമെന്ന വ്യാഖ്യാനമാണ്‌ ഈ വരികളിലുള്ളത്‌. അതുതന്നെയാണ്‌ കത്തോലിക്കാ ദൈവശാസ്‌ത്രത്തിലും പ്രതിപാദിക്കുന്നത്‌. ഈ ദൈവശാസ്‌ത്രചിന്തയുടെ ശരിയോ തെറ്റോ ഇവിടെ പ്രതിപാദിക്കുന്നില്ല. എന്നാല്‍ ഒരു കാഹളനാദം കേള്‍ക്കാന്‍ സാധ്യതയുണ്‍ടെന്ന്‌ കത്തോലിക്കരും വിശ്വസിക്കുന്നു. വീണ്‍ടും ജനനം പ്രാപിച്ച ഓരോ വ്യക്തിയും ദൈവത്തിന്റെ കാഹളനാദത്തിന്‌ (1തെസ.4:16) ചെവിയോര്‍ത്ത്‌ കഴിയുന്നവനാണ്‌.

മനുഷ്യന്‍ ആദ്യമായി കാഹളനാദം കേള്‍ക്കുന്നതും ദൈവസന്നിധിയില്‍നിന്നുതന്നെ ആയിരുന്നു. ഒടുവില്‍ കേള്‍ക്കാന്‍പോകുന്നതും ദൈവസന്നിധിയില്‍നിന്നു തന്നെ ആയിരിക്കും. ഇസ്രായേല്‍ ജനം ആദ്യമായി കാഹളനാദം ദൈവസന്നിധിയില്‍നിന്നു കേട്ടപ്പോള്‍ ആ ശബ്‌ദത്തിന്റെ ഭയങ്കരത്വംകൊണ്‍ട്‌ അവര്‍ പേടിച്ച്‌ വിറച്ചതായി പുറപ്പാട്‌ (19:1517) വായിക്കുന്നു. അതുപോലെതന്നെ ഒടുവില്‍ കര്‍ത്താവിന്റെ കാഹളം കേള്‍ക്കുമ്പോഴും അത്‌ ഒരു ഭയവും വിറയലും മനുഷ്യനില്‍ ഉളവാക്കും.

ആദ്യത്തെ കാഹളനാദത്തിനും ഒടുവിലത്തെ കാഹളനാദത്തിനും ഇടയില്‍ വ്യത്യസ്‌ത ആവശ്യങ്ങള്‍ക്കായി മനുഷ്യര്‍ കാഹളമൂതുന്നു. മതാചാരത്തിന്റെ ഭാഗമായും യുദ്ധത്തിനു പുറപ്പെടുന്നതിനു മുമ്പും ജനങ്ങളെ ഒരുമിച്ചു ചേര്‍ക്കുവാനും പിരിച്ചുവിടുവാനും ന്യായാവിധിനടത്തുമ്പോഴുമെല്ലാം ജനസമൂഹങ്ങള്‍ വ്യത്യസ്‌തകാലഘട്ടങ്ങളല്‍ കാഹളശബ്‌ദത്തെ ആശ്രയിച്ചിരുന്നു. പ്രാകൃതാവസ്ഥയില്‍ ആടുമാടുകളുടെ കൊമ്പുകള്‍ കാഹളമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍ വിവിധ ലോഹങ്ങള്‍കൊണ്‍ട്‌ കാഹളം നിര്‍മിച്ചു.

പഴയനിമയത്തില്‍ കാഹളം ഊതുന്നത്‌ യഹൂദമതത്തിന്റെ ആചാരങ്ങളുടെ ഭാഗമായിരുന്നു. മരുഭൂമിയില്‍ മോശയുടെ നേതൃത്വത്തില്‍ വാഗ്‌ദത്ത നാട്ടിലേക്ക്‌ പോകുന്ന ജനത്തെ സംഘടിപ്പിക്കുവാന്‍ വ്യത്യസ്‌തസന്ദര്‍ഭങ്ങളില്‍ കാഹളം ഊതിയിരുന്നു. ആദ്യത്തെ കാഹളം കേട്ടപ്പോള്‍ ഭയപ്പെട്ട ജനത്തിന്‌ പിന്നീട്‌ യഹോവ, കാഹളധ്വനിയുടെ പെരുന്നാള്‍ കല്‍പ്പിക്കുന്നു. ലേവ്യര്‍ 23:23 ല്‍ ആണ്‌ കാഹളധ്വനിയുടെ പെരുന്നാള്‍ ആഘോഷത്തിന്‌ യഹോവ ഇസ്രായേലിന്‌ നിര്‍ദ്ദേശം നല്‍കുന്നത്‌. സംഖ്യാപുസ്‌തകം 10:1-10 വരെ കാഹളനിര്‍മാണം, കാഹളത്തില്‍നിന്നും വ്യത്യസ്‌തമായ ശബ്‌ദമുണ്‍ടാകുമ്പോള്‍ ആരെല്ലാം എന്തെല്ലാം ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങളും വിശദീകരിക്കുന്നു. കാഹളശബ്‌ദത്തിന്‌ മതിലുകളെ തള്ളിയിടാനും കഴിയുമെന്ന്‌ യോശുവായുടെ പുസ്‌തകത്തില്‍ വായിക്കുന്നു. (പുരോഹിതന്മാര്‍ കാഹളം നീട്ടി ഊതിയപ്പോള്‍ ബലമേറിയ യെരീഹോ മതില്‍ വീണെങ്കില്‍ കാഹളത്തിന്റെ ശക്തിയോ ഊത്തുകാരുടെ ശക്തിയോ? )

പുതിയനിയമത്തില്‍ വരുമ്പോള്‍ അന്ത്യകാഹളശബ്‌ദത്തിന്‌ കാതോര്‍ക്കുവാനുള്ള ആഹ്വാനമാണ്‌ നിറഞ്ഞുനില്‍ക്കുന്നത്‌.

പുതിയനിയമസഭയില്‍ പഴയനിയമത്തിലെ കാഹളം ഊതേണ്‍ട ആവശ്യമുണ്‍ടോ?

കേരളത്തില്‍ ഈ കഴിഞ്ഞ മാസം നടന്ന ഒരു പ്രമുഖ പെന്റക്കൊസ്റ്റ്‌ സഭയുടെ കണ്‍വന്‍ഷനില്‍ കാഹളം ഊതിയതായുള്ള വാര്‍ത്ത കണ്‍ട്‌ നിരവധിപേര്‍ അതിന്റെ പ്രസക്തിയെക്കുറിച്ച്‌ ചോദ്യങ്ങളുന്നയിച്ചിരുന്നു. പെന്റക്കൊസ്റ്റിന്‌ ശേഷം കാഹളം ഊതേണ്‍ടതിന്റെ പ്രസക്തിയാണ്‌ എല്ലാവരുടെയും ചോദ്യവിഷയം.

പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും
ഉല്‍പ്പത്തി പുസ്‌തകം ഒന്നാം അധ്യായം 28-ാം വാക്യം ദൈവം മനുഷ്യനെ സൃഷ്‌ടിച്ചതിന്റെ വിവരണം നല്‍കുന്നു. ഈ വാക്യം മുതല്‍ ഉല്‍പ്പത്തി 19:10 വരെയുള്ള ബൈബിള്‍ കാലഘട്ടത്തെ വ്യത്യസ്‌തങ്ങളായ ഏഴു യുഗങ്ങളായി ബൈബിള്‍ പണ്‍ഡിതര്‍ തിരിച്ചിട്ടുണ്‍ട്‌.

1. നിഷ്‌കന്മഷയുഗം അഥവാ നിഷ്‌പാപ യുഗം -ഇത്‌ ഉല്‍പ്പത്തി 1:28 മുതല്‍ ഉല്‍പ്പത്തി 3:6 വരെ.
2. മനഃസാക്ഷിയുഗം -ഉല്‍പ്പത്തി 3:7 മുതല്‍ 8:14 വരെ.
3. മാനുഷിക ഭരണയുഗം (ഉല്‍പ്പത്തി 8:15 മുതല്‍ 11:32 വരെ)
4. വാഗ്‌ദത്തയുഗം (ഉല്‍പ്പത്തി 12:1 മുതല്‍ പുറപ്പാട്‌ 19:4 വരെ).
5. ന്യായപ്രമാണയുഗം (പുറപ്പാട്‌ 19:5 മുതല്‍ അപ്പൊസ്‌തൊല പ്രവൃത്തി 1:26 വരെ)
6. കൃപായുഗം (അപ്പ.പ്രവൃത്തി 2:1 മുതല്‍ വെളിപ്പാട്‌ 19:10 വരെ)
7. സഹസ്രാബ്‌ദയുഗം (വെളിപ്പാട്‌ 20:4-6). ഇതേതുടര്‍ന്ന്‌ നിത്യത ആരംഭിക്കുന്നു.

“ന്യായപ്രമാണം മോശ മുഖാന്തരം ലഭിച്ചു, കൃപയും സത്യവും യേശുക്രിസ്‌തു മുഖാന്തരം വന്നു\’\’ (യോഹ.1:17). ന്യായപ്രമാണത്തിന്റെ കാലഘട്ടത്തെയും കൃപയുടെ കാലഘട്ടത്തെയും രണ്‍ട്‌ വ്യത്യസ്‌ത കാലങ്ങളായിത്തന്നെ ഇവിടെ പ്രകടമാക്കിയിരിക്കുന്നു. ന്യായപ്രമാണം മോശയ്‌ക്കു ലഭിച്ച സമയം മുതല്‍ ഇന്നുവരെ യഹൂദനെ സംബന്ധിച്ചിടത്തോളം അത്‌ അനുഷ്‌� ിക്കേണ്‍ടവ തന്നെയാണ്‌. എന്നാല്‍ യേശുക്രിസ്‌തുവില്‍ വാഗ്‌ദത്ത മശിഹായെ കണ്‍ടെത്തിയ യഹൂദനും വിജാതീയനും ന്യായപ്രമാണം കാലഹരണപ്പെട്ട നിയമസംഹിതകളാണ്‌. ഈ സത്യം പുതിയനിയമത്തില്‍ പൗലോസ്‌ അപ്പൊസ്‌തൊലനിലൂടെ ദൈവാത്മാവ്‌ അറിയിക്കുന്നു. പുതിയത്‌ എന്ന്‌ പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു (ഹെബ്രായര്‍ 8:13) (By calling this covenant \’new\’, he has made the first one obsolete; and what is obsolete and aging will soon disappear.)

\’പഴയനിയമം\’ എന്നതില്‍തന്നെ ആ നിയമങ്ങള്‍ പഴയതാണെന്ന്‌ വെളിപ്പെടുന്നു. \’പുതിയനിയമം\’ എന്ന പദത്തില്‍നിന്നുതന്നെ ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്‌ എന്നത്‌ വ്യക്തവുമാണ്‌. എന്നാല്‍ പഴയ ഉടമ്പടിയെ ചിലര്‍ തെറ്റിദ്ധരിച്ച്‌ പഴയനിയമഗ്രന്ഥങ്ങള്‍ വായിക്കേണ്‍ട, പ� ിക്കേണ്‍ടെ എന്ന്‌ ശ� ിക്കുന്നു. ഇത്‌ ശരിയല്ല. പഴയനിയമം വായിക്കാതെയും പ� ിക്കാതെയും പുതിയനിയമത്തിലെ വാഗ്‌ദത്തങ്ങളെയും വാഗ്‌ദത്ത മശിഹായെയും തിരിച്ചറിയാന്‍ കഴിയണമെന്നില്ല. കാലഹരണപ്പെട്ടത്‌ മോശവഴി യഹൂദമതത്തിന്‌ നല്‍കപ്പെട്ട കുറെ നിയമങ്ങളായിരുന്നു. ന്യായപ്രമാണം, യാഗങ്ങള്‍, പരിഛേദന, ശബത്ത്‌, വിവിധ പെരുന്നാളുകള്‍, പെസഹായും ചോരത്തളിയും തുടങ്ങിയവയുടെ ആചരണങ്ങളിലൂടെ ദൈവത്തെ പ്രസാദിപ്പിക്കാന്‍ യഹൂദജാതിയെ 1500 കൊല്ലം ദൈവം അനുവദിച്ചു.

\’\’യഹോവ പിന്നെയും മോശയോടു അരുളിച്ചെയ്‌തു: നീ യിസ്രായേല്‍ മക്കളോടു പറയേണ്‍ടതു എന്തെന്നാല്‍: ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീം ദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുത്‌. ഞാന്‍ നിങ്ങളെ കൊണ്‍ടുപോകുന്ന കനാന്‍ദേശത്തിലെ നടപ്പുപോലെയും അരുത്‌. അവരുടെ മര്യാദ ആചരിക്കരുത്‌. എന്റെ വിധികളെ അനുസരിച്ച്‌ എന്റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു. ആകയാല്‍ എന്റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം. അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും; ഞാന്‍ യഹോവ ആകുന്നു\’\’. (ലേവ്യ 18:5). നൂറ്റാണ്‍ടുകളായി യഹൂദന്‍ ഈ നിയമങ്ങളെ അനുഷ്‌� ിക്കുവാന്‍ ആവുന്നത്ര പരിശ്രമിച്ചു. എന്നാല്‍ \’\’ഒരുത്തന്‍ ന്യായപ്രമാണം മുഴുവന്‍ അനുസരിച്ച്‌ നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിനും കുറ്റക്കാരന്‍ ആയിത്തീരുന്നു\’\’ (യാക്കോബ്‌ 2:10) -ഇതായിരുന്നു അവസ്ഥ.

ന്യായപ്രമാണം ലഭിച്ചിട്ട്‌ പതിനഞ്ച്‌ നൂറ്റാണ്‍ടുകള്‍ക്കു ശേഷം ന്യായപ്രമാണത്തെ വാസ്‌തവമായി അനുഷ്‌� ിക്കുവാന്‍ ഒരു മനുഷ്യന്‍ ദാവീദിന്റെ വംശാവലിയില്‍ പിറന്നു – മനുഷ്യപുത്രനായ യേശു. യേശു തന്റെ പരസ്യജീവിതകാലയളവില്‍ പറഞ്ഞു -ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്‍ടതിന്‌ വന്നു എന്നു നിരൂപിക്കരുത്‌. നീക്കുവാനല്ല, നിവര്‍ത്തിപ്പാനത്രേ ഞാന്‍ വന്നത്‌ (മത്തായി 5:17). ന്യായപ്രമാണത്തെ നിവര്‍ത്തിച്ചുകൊണ്‍ട്‌ മുപ്പത്തിമൂന്നരക്കൊല്ലം യേശു പലസ്‌തീന്‍ നാട്ടില്‍ ജീവിച്ചു. ന്യായപ്രമാണം ശക്തിയായി നിലനിന്നിരുന്ന കാലഘട്ടത്തില്‍ മതനേതാക്കളുടോ മുമ്പാകെ നിന്ന്‌ ഒരുവേള യേശു ചോദിക്കുന്നു -നിങ്ങളില്‍ ആര്‍ എന്നില്‍ പാപബോധം വരുത്തും? പീലാത്തോസ്‌ പരസ്യമാക്കുന്നു -ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല (യോഹ. 18,19 അധ്യായങ്ങള്‍). ക്രൂശുമരണത്തിനു ശേഷം മൂന്നാം ദിവസം ഉയിര്‍ത്തതിലൂടെ യേശു ലേവ്യപുസ്‌തകം 18:5ലെ വാക്യത്തിന്‌ നിവൃത്തി വരുത്തി -അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാല്‍ ജീവിക്കും. പന്തക്കുസ്‌താ ദിവസം പ്രസംഗിച്ചപ്പോള്‍ പത്രോസ്‌ പ്രസ്‌താവിക്കുന്നു – ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട്‌ അവനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. മരണത്തിന്‌ അവനെ പിടിച്ചുവയ്‌ക്കുന്നത്‌ അസാധ്യമായിരുന്നു (അപ്പ.പ്രവൃത്തി 2:24). തന്റെ ജീവിതത്തിലൂടെ ന്യായപ്രമാണത്തെ വാസ്‌തവമായി യേശു തികച്ചു.

പത്തുകല്‍പ്പനകള്‍ അസാധുവായോ?
മോശയ്‌ക്കു നല്‍കിയ ന്യായപ്രമാണം സമ്പൂര്‍ണ്ണമായി യേശു തികച്ചു എന്നതിനാല്‍ പത്തു കല്‍പ്പനകള്‍ ഇല്ലാതെയാകുന്നോ? പത്തു കല്‍പ്പനകള്‍ മനുഷ്യന്‌ മോശയിലൂടെ ദൈവപിതാവാണ്‌ നല്‍കിയത്‌. എന്നാല്‍ യേശുക്രിസ്‌തുവിന്റെ ജീവിതം ന്യായപ്രമാണത്തെ തികച്ചതിനാല്‍ കല്‍പ്പനകള്‍ അസാധുവായി എന്നു പറയുന്നത്‌ ശരിയാകില്ല. എന്നാല്‍ പത്ത്‌ കല്‍പ്പനകള്‍ക്ക്‌ ന്യായപ്രമാണയുഗത്തില്‍ ലഭിച്ചതിനേക്കാള്‍ ശക്തമായ നിര്‍വ്വചനങ്ങളാണ്‌ യേശു കൃപായുഗത്തിലെ വിശ്വാസികള്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. മലയിലെ പ്രസംഗത്തില്‍ (മത്തായി 5,6,7അധ്യായങ്ങള്‍ കാണുക) യേശു പറയുന്നു: നിങ്ങളുടെ നീതി ശാസ്‌ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. പത്തുകല്‍പ്പനകള്‍ക്ക്‌ ശാസ്‌ത്രിമാരും പരീശന്മാരും നല്‍കിയതിനേക്കാള്‍ പ്രാധാന്യം നല്‍കാനാണ്‌ യേശു ആവശ്യപ്പെട്ടത്‌. ഉദാഹരണത്തിന്‌ ഒരു വ്യക്തിയെ ശാരീരികമായി കൊലപ്പെടുത്തുന്നതായിരുന്നു ന്യായപ്രമാണത്തിലെ കൊലപാതകമെങ്കില്‍ സഹോദരനോടു കോപിക്കുന്നതും നിസ്സാരാ എന്നു വിളിക്കുന്നതും മൂഡാ എന്നു വിളിക്കുന്നതുപോലും കൊലപാതകത്തിനു തുല്യമായ ശിക്ഷ ലഭിക്കാന്‍ പര്യാപ്‌തമായ കുറ്റമായി.

വ്യഭിചാരം ചെയ്യരുത്‌ എന്ന കല്‍പ്പന നിരോധിച്ചത്‌ ശാരീരികമായുള്ള വ്യഭിചാരമായിരുന്നു. സ്‌ത്രീയെ മോഹത്തോടെ നോക്കിയ പരീശന്മാരും ശാസ്‌ത്രിമാരും ന്യായപ്രമാണപ്രകാരം തെറ്റു ചെയ്‌തില്ല. എന്നാല്‍ പുതിയ ന്യായപ്രമാണത്തില്‍ യേശു അതിന്‌ കൂടുതല്‍ വ്യക്തമായ നിര്‍വ്വചനം നല്‍കി -മോഹത്തോടെ സ്‌ത്രീയെ നോക്കുമ്പോള്‍ ഹൃദയംകൊണ്‍ടു വ്യഭിചാരം ചെയ്യുന്നു (മത്തായി 5:28). ഇപ്രകാരം പത്തു കല്‍പ്പനകള്‍ കൂടുതല്‍ ശക്തിയോടെ, ഉയര്‍ന്നതലത്തില്‍ പുതിയനിയമസഭയില്‍ അഥവാ കൃപായുഗത്തില്‍ നിലനില്‍ക്കുന്നു. പഴയ ഉടമ്പടി മാറി വിശേഷതയേറിയ മറ്റൊരു നിയമം നമുക്കു ലഭിച്ചിരിക്കുന്നു (ഹെബ്രായര്‍ 7:22). പുതിയ ഉടമ്പടി വിശേഷതയേറിയ വാഗ്‌ദത്തങ്ങളാല്‍ സ്ഥാപിക്കപ്പെട്ടിരികക്കുന്നു (ഹെബ്രായര്‍ 8:6). മരണത്തിലൂടെ മാറിപ്പോകുന്ന പൗരോഹിത്യങ്ങള്‍ക്ക്‌ മാറ്റം വന്ന്‌ ഉന്നതമായ ഒരു പൗരോഹിത്യമാണ്‌ പുതിയ ഉടമ്പടിയുടെ പ്രത്യേകത (ഹെബ്രായര്‍: 7:12-28). പുതിയ ഉടമ്പടിയില്‍ ഏറെ നല്ല പ്രത്യാശ (ഹെബ്രായര്‍ 7:19, കൊലോ: 1:27)യുണ്‍ട്‌.
കല്‍പ്പലകയില്‍ രേഖപ്പെടുത്തിയതായിരുന്നു പഴയ ഉടമ്പടിയെങ്കില്‍ പുതിയ ഉടമ്പടി രേഖപ്പെടുത്തിയിരിക്കുന്നത്‌ വിശ്വാസിയുടെ ഹൃദയഫലകങ്ങളിലാണ്‌

എന്തായിരുന്നു ന്യായപ്രമാണത്തിന്റെ കര്‍ത്തവ്യം?
സ്‌പഷ്‌ടമായി ഇതിനുള്ള ഉത്തരം ഗലാത്യലേഖനത്തില്‍ വായിക്കുന്നു: ന്യായപ്രമാണം ക്രിസ്‌തുവിന്റെ അടുക്കലേക്ക്‌ നടത്തുവാന്‍ ശിശുപാലകനായിരുന്നു (ഗലാത്യര്‍ 3:24). മോശയിലൂടെ ലഭിച്ചതും ഇസ്രായേല്‍ സമൂഹം ന്യായപ്രമാണയുഗത്തില്‍ അനുഷ്‌� ിച്ചതുമായ എല്ലാ ആചാരങ്ങളും ക്രിസ്‌തുവിലേക്ക്‌ നടത്തുവാന്‍ അവരെ പരിശീലിപ്പിച്ചുകൊണ്‍ടിരുന്ന ശിശുപാലകന്‍ മാത്രമായിരുന്നു. ശിശുപാലകന്റെ കീഴിലുള്ളവര്‍ എല്ലാവരും ദൈവമുമ്പാകെ ശിശുക്കള്‍ ആയിരുന്നു എന്നും ഇതില്‍നിന്ന്‌ മനസ്സിലാക്കാം. മോശെ മുതല്‍ ന്യായപ്രമാണത്തിന്‌ ഒടുവില്‍ വന്ന സ്‌നാപകയോഹന്നാന്‍വരെ ശിശുക്കള്‍ ആയിരുന്നു. അതിനാലാണ്‌ വ്യഭിചാരവും കൊലപാതകവും ഉള്‍പ്പെടെ പല തെറ്റുകളും ചെയ്‌തിട്ടും ദാവീദ്‌ എന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ (അപ്പ.പ്രവൃത്തി 13:22) എന്ന്‌ ദൈവം പറയുന്നത്‌. പഴയനിയമകാലത്ത്‌ അവര്‍ക്ക്‌ ലഭിച്ചതിനേക്കാള്‍ എത്രയോ ഉയര്‍ന്ന വെളിപ്പാടുകളാണ്‌ പുതിയനിയമകാലത്ത്‌ ജീവിക്കുന്ന നമുക്ക്‌ ലഭിച്ചിരിക്കുന്നത്‌!

സ്‌ത്രീകളില്‍നിന്ന്‌ ജനിച്ചവരില്‍ സ്‌നാപകയോഹന്നാനേക്കാള്‍ വലിയവര്‍ ആരും അന്നുവരെ ജനിച്ചിരുന്നില്ല. പഴയനിയമകാലത്തെ പ്രമുഖരില്‍വച്ച്‌ ഏറ്റവും വലിയവനായിരുന്നു സ്‌നാപക യോഹന്നാന്‍. എന്നാല്‍ ദൈവരാജ്യത്തിലെ ഏറ്റവും ചെറിയവന്‍പോലും സ്‌നാപക യോഹന്നാനേക്കാള്‍ വലിയവനായിരിക്കും (ലൂക്ക്‌ 7:28). ജലത്താലും ആത്മാവിനാലും വീണ്‍ടൂം ജനിച്ചവരാണല്ലോ ദൈവരാജ്യത്തിലെ അംഗങ്ങള്‍. ഇതാണ്‌ പുതിയനിയമസഭ. യേശുക്രിസ്‌തുവിനെ രക്ഷകനായി സ്വീകരിച്ച്‌ രക്ഷിക്കപ്പെട്ട ദൈവമക്കളില്‍ ഏറ്റവും ചെറിയവന്‍പോലും സ്‌നാപകയോഹന്നാനേക്കാള്‍ വലിയവനായിരിക്കും എന്ന്‌ യേശു വ്യക്തമാക്കുന്നു. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം അറിയാതെ ഇന്നും അനേകര്‍ക്ക്‌ പഴയനിയമത്തിലെ ഭക്തരാണ്‌ ഏറ്റവും വലിയവര്‍.

താന്‍ ജയിലില്‍ കഴിയുമ്പോള്‍, സ്‌നാപക യോഹന്നാന്‍ തന്റെ ശിഷ്യന്മാരേ യേശുവിന്റെ അടുക്കലേക്ക്‌ അയയ്‌ക്കുന്നു. വരുവാനുള്ളവന്‍ നീയോ (ലൂക്കോസ്‌ 7:19) എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം. യേശുവിന്‌ യോര്‍ദ്ധാനില്‍ സ്‌നാനം നല്‍കിയ യോഹന്നാന്‍, സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും ദൈവാത്മാവ്‌ പ്രാവിന്റെ രൂപത്തില്‍ വരുന്നതും കണ്‍ട്‌ സാക്ഷീകരിച്ച യോഹന്നാന്‍ യേശുവിനെ സംശയിക്കുന്നു. തന്നെ തടവറയില്‍നിന്ന്‌ ഇറക്കാന്‍ കഴിയാത്തവന്‍ വാഗ്‌ദത്തം ചെയ്യപ്പെട്ടവന്‍തന്നെയാണോ എന്നതായിരുന്നു യോഹന്നാന്റെ സംശയം. ഇതിനുള്ള ഉത്തരം നല്‍കി, ഒടുവില്‍ യേശു വ്യക്തമാക്കുന്നു -എന്നില്‍ ഇടറിപ്പോകാത്തവന്‍ ഭാഗ്യവാന്‍. എന്നാല്‍ തടവറയില്‍ കഴിഞ്ഞ പൗലോസിനും ശീലാസിനും ഈ സംശയം ഉണ്‍ടായിരുന്നില്ല. തടവറയില്‍ കിടന്ന്‌ മരിച്ചാലും അവര്‍ ദൈവപുത്രനെ സംശയിക്കില്ലായിരുന്നു. ആരാണ്‌ വലിയവന്‍? സ്‌നാപകയോഹന്നാനോ പൗലോസും ശീലാസുമോ? തീര്‍ച്ചയായും ദൈവരാജ്യത്തിലെ ചെറിയവര്‍പോലും സ്‌നാപകന്റെ മുമ്പില്‍ വലിയവര്‍തന്നെ ആയിരിക്കും. കാണാതെ വിശ്വസിക്കുന്നവര്‍ ആണല്ലോ വാസ്‌തവത്തില്‍ ഭാഗ്യവാന്മാര്‍.

പഴയഉടമ്പടിയും പുതിയ ഉടമ്പടിയും ഇരുളും വെളിച്ചവും പോലെ വേര്‍പെട്ടുനില്‍ക്കുന്നു. ഈ രണ്‍ട്‌ ഉടമ്പടികള്‍ തമ്മിലുള്ള വ്യക്തമായ വ്യത്യാസം മനസ്സിലാക്കാതെ പുതിയനിയമസഭയെ മുന്നോട്ടു കൊണ്‍ടുപോകുമ്പോഴാണ്‌ ന്യായപ്രമാണത്തിലെ പല സംഗതികളും ഇവിടേക്ക്‌ കടമെടുക്കേണ്‍ടിവരുന്നത്‌. ന്യായപ്രമാണത്തിലെ അനുഗ്രഹങ്ങളും ശാപങ്ങളും പുതിയനിയമസഭയില്‍ പ്രയോഗിക്കുന്നതും ന്യായപ്രമാണകാലത്തെ കാഹളങ്ങള്‍ പുതിയനിയമസഭയില്‍ ഊതുന്നതും ഒട്ടും ഭക്തി വര്‍ദ്ധിപ്പിക്കുന്നതോ ക്രിസ്‌തുവിലുള്ള പരിജ്ഞാനപൂര്‍ത്തി പ്രാപിക്കുവാന്‍ പര്യാപ്‌തമോ അല്ല. പഴയനിയമത്തിലെ അനുഷ്‌� ാനങ്ങള്‍ ആചരിച്ചതുകൊണ്‍ട്‌ പുതിയനിയമസഭയില്‍ ഭക്തി വര്‍ദ്ധിക്കില്ല, ദൈവപ്രസാദം ഉണ്‍ടാവുകയില്ല. ഇന്നും ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവിടുന്ന്‌ അയച്ചവനില്‍ വിശ്വസിക്കുന്നതു തന്നേ (യോഹ. 6:29). കാഹളങ്ങള്‍ ഊതി ക്ഷീണിക്കാതെ കാഹളശബ്‌ദത്തിന്‌ പ്രത്യാശയോടെ കാതോര്‍ക്കാം.

Mathew Chempukandathil

Add comment

Most discussed