GM News Online

ജോണ്‍ വെസ്ലിയെ മറന്ന മെതഡിസ്റ്റ്‌ സഭ

വിശ്വാസത്തിനുവേണ്‍ടി ഇറങ്ങിത്തിരിച്ചവരുടെ പിന്‍തലമുറകള്‍ക്ക്‌ സംഭവിക്കുന്ന സ്വാഭാവിക പതനത്തിന്‌ മെതഡിസ്റ്റ്‌ സഭയും സാക്ഷിയാകുന്നു. സ്ഥാപകരുടെ ദര്‍ശനം പിന്‍ഗാമികളിലേക്കു പോകുന്തോറും മങ്ങിത്തുടങ്ങി ഒടുവില്‍ ദര്‍ശനം തീര്‍ത്തും നഷ്‌ടപ്പെട്ടവര്‍ക്ക്‌ സംഭവിക്കുന്ന അനിവാര്യമായ പിന്മാറ്റമാണ്‌ ഇപ്പോള്‍ മെതഡിസ്റ്റ്‌ സഭയ്‌ക്കും വന്നിരിക്കുന്നത്‌.
ജോണ്‍ വെസ്ലി

മാര്‍ട്ടിന്‍ ലൂഥര്‍ റോമാലേഖനത്തിന്‌ എഴുതിയ വ്യാഖ്യാനം വായിച്ച്‌ വിശ്വാസത്താലുള്ള നീതീകരണം എന്ന മര്‍മ്മം ഹൃദയത്തില്‍ പുകഞ്ഞുകത്താന്‍ തുടങ്ങിയതോടെയാണ്‌ ജോണ്‍ വെസ്ലി എന്ന ഒരു സാധാരണ സുവിശേഷകന്‍ ജനലക്ഷങ്ങള്‍ക്ക്‌ പ്രചോദനമായി മാറിയത്‌. 1703 ജൂണ്‍ 17ന്‌ ആംഗ്ലിക്കന്‍ റെക്‌ടറും ഓക്‌സ്‌ഫോര്‍ഡ്‌ പ്രഫസറുമായിരുന്ന സാമുവേല്‍ വെസ്ലിയുടെയും സൂസന്ന വെസ്ലിയുടെയും പതിനഞ്ചാമത്തെ മകനായാണ്‌ ജോണ്‍ വെസ്ലിയുടെ ജനനം. (സൂസന്ന വെസ്ലിയുടെ പിതാവ്‌ ഡോ.സാമുവേല്‍ അന്നസ്ലിയുടെ ഇരുപത്തിയഞ്ചാമത്തെ മകളായാണ്‌ സൂസന്ന ജനിക്കുന്നത്‌). ജോണ്‍ വെസ്ലിക്ക്‌ ആറു വയസുള്ളപ്പോള്‍ അവരുടെ വീടിന്‌ തീപിടിക്കുകയും ജോണ്‍ വെസ്ലിയെ ആരോ തീയില്‍നിന്ന്‌ രക്ഷപ്പെടുത്തിയെന്നാണ്‌ അമ്മ സൂസന്ന പിന്നീട്‌ പറഞ്ഞത്‌. അന്നുമുതല്‍ “ദൈവം വലിച്ചെടുത്ത തീക്കൊള്ളിയാണ്‌ അവനെ\’\’ന്നായിരുന്നു അമ്മയുടെ പ്രസ്‌താവന. വാസ്‌തവത്തില്‍ തെരുവില്‍നിന്ന്‌ വെസ്ലി സുവിശേഷസത്യങ്ങള്‍ വിളിച്ചറിയിച്ചപ്പോള്‍ അനേകരുടെ ഹൃദയങ്ങള്‍ക്ക്‌ അത്‌ തീകൊളുത്തി. മകനെക്കുറിച്ചുള്ള അമ്മയുടെ പ്രസ്‌താവനയ്‌ക്ക്‌ അടിവരയിട്ടുകൊണ്‍ടുള്ള ജീവിതമായിരുന്നു വെസ്ലിയുടേത്‌.

ജോണ്‍ വെസ്ലിയും സഹോദരന്‍ ചാള്‍സ്‌ വെസ്ലിയും ഒരുപോലെ സുവിശേഷവേലയില്‍ ജ്വലിച്ചുനിന്ന സഹോദരങ്ങളാണ്‌. ജോണ്‍ വെസ്ലിയുടെ പ്രസംഗങ്ങളും ചാള്‍സ്‌ വെസ്ലിയുടെ ഗാനങ്ങളും ഇംഗ്ലണ്‍ടിനെ മാറ്റിമറിച്ചു. 1729ല്‍ ഓക്‌സ്‌ഫോര്‍ഡിലെ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ ജോണ്‍ വെസ്ലി ആരംഭിച്ച \’ഹോളി ക്ലബില്‍\’ വച്ച്‌ കണ്‍ടുമുട്ടിയ ജോര്‍ജ്‌ വൈറ്റ്‌ഫീല്‍ഡും വെസ്ലി സഹോദരന്മാരും ചേര്‍ന്ന്‌ 1735ല്‍ അമേരിക്കയിലേക്ക്‌ ഒരു സുവിശേഷയാത്ര നടത്തി. അമേരിക്കയില്‍ ജോര്‍ജിയയിലെത്തിയ ഈ സംഘം അവിടെ ഉണ്‍ടായിരുന്ന \’മൊറേവിയന്‍ ബ്രദറണ്‍ സമൂഹ\’വുമായി പരിചയപ്പെട്ടതോടെയാണ്‌ സുവിശേഷീകരണം ആരംഭിക്കുന്നതിനു മുമ്പ്‌ സുവിശേഷകന്‍ വ്യക്തിപരമായി രക്ഷിക്കപ്പെട്ട വ്യക്തി വ്യക്തിയായിരിക്കണമെന്ന തിരിച്ചറിവ്‌ ജോണ്‍ വെസ്ലിക്കു കൈവരുന്നത്‌. മിഷനറിവേലയും സുവിശേഷീകരണവും ഉള്‍പ്പെടെയുള്ള എല്ലാ മതഭക്തിയും നിറഞ്ഞുനിന്ന ഇംഗ്ലണ്‍ടിലെ ആംഗ്ലിക്കന്മാര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയാതെപോയ അറിവായിരുന്നു വ്യക്തിപരമായുള്ള രക്ഷ. ഈ തിരിച്ചറിവ്‌ വെസ്ലിയെ സംബന്ധിച്ചടത്തോളും വിപ്ലവകരമായ മാറ്റത്തിലേക്കാണ്‌ വഴി തെളിച്ചത്‌.

ഇംഗ്ലണ്‍ടില്‍ തിരികെയെത്തിയ വെസ്ലി പിന്നീട്‌ പറഞ്ഞത്‌ -“ജോര്‍ജിയക്കാരേ മാനസാന്തരപ്പെടുത്താന്‍ പോയ ഞാന്‍ വാസ്‌തവമായി മാനസാന്തരപ്പെട്ട്‌ ഇംഗ്ലണ്‍ടില്‍ മടങ്ങിയെത്തി\’\’ എന്നായിരുന്നു. പിന്നീട്‌ ദൈവവചനത്തിന്റെ ആഴങ്ങളിലേക്കുള്ള ഒരു യാത്രയായിരുന്നു അദ്ദേഹത്തിന്‌. അറിഞ്ഞ സത്യങ്ങള്‍ പറയാന്‍ അവസരം നല്‍കാതെ ആംഗ്ലിക്കന്‍ സഭ അദ്ദേഹത്തെ വിലക്കിയപ്പോള്‍ പ്രസംഗപീ� ം പിന്നീട്‌ തെരുവിലേക്ക്‌ മാറ്റി. ജോണ്‍ വെസ്ലിയുടെ പ്രസംഗവും ചാള്‍സ്‌ വെസ്ലിയുടെ ഗാനങ്ങളും കേള്‍ക്കാന്‍ ആളുകള്‍ ഓടിക്കൂടി. “വിശ്വാസത്താലുള്ള നീതീകരണം\’\’ എന്ന വിഷയത്തില്‍ നിന്നുകൊണ്‍ട്‌ അദ്ദേഹം പ്രസംഗിച്ചു. ഈ പ്രസംഗത്തിലൂടെ അനേകായിരങ്ങള്‍ രക്ഷയുടെ സന്തോഷം അനുഭവിച്ചു. ഇതോടെ ആംഗ്ലിക്കന്‍ സഭയില്‍നിന്ന്‌ അനേകര്‍ വെസ്ലിയുടെ പ� ിപ്പിക്കലുകളെ പിന്‍പറ്റി സഭയില്‍നിന്ന്‌ പുറത്തുവന്നു. ഇതായിരുന്നു മെതഡിസ്റ്റ്‌ സഭയുടെ ഉത്ഭവം.

സുവിശേഷം അറിയിക്കുന്നതിനായി അദ്ദേഹം 42 തവണ ഇംഗ്ലണ്‍ടിന്‌ വെളിയിലേക്ക്‌ പോയിരുന്നു. അമ്പത്തിരണ്‍ട്‌ വര്‍ഷം നീണ്‍ടുനിന്ന ശുശ്രൂഷാ കാലയളവ്‌ ദൈവം അദ്ദേഹത്തിന്‌ നല്‍കി. രണ്‍ടരലക്ഷം മൈല്‍ അദ്ദേഹം സഞ്ചരിച്ചതായും ഇംഗ്ലണ്‍ടിലെ എല്ലാ പട്ടണങ്ങളിലും എല്ലാ പ്രധാന തെരുവുകളിലും അദ്ദേഹം പ്രസംഗിച്ചതായും കണക്കാക്കുന്നു. പത്ത്‌ ഭാഷകള്‍ വശമുണ്‍ടായിരുന്ന അദ്ദേഹം നാല്‍പ്പതിനായിരം പ്രസംഗങ്ങള്‍ നടത്തിയതായും കണക്കാക്കുന്നു. നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു.

“ആധുനിക പെന്റക്കൊസ്റ്റലിസത്തിത്തിന്റെ മുതുമുത്തച്ഛന്‍\’\’ എന്ന പേരില്‍ അറിയപ്പെടുന്ന ജോണ്‍വെസ്ലി പരിശുദ്ധാത്മ സ്‌നാനം പ്രാപിച്ച വ്യക്തി ആയിരുന്നു. അദ്ദേഹം അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കാറുണ്‍ടായിരുന്നുവെന്നത്‌ അനിഷേധ്യമായ സംഗതിയാണ്‌. എന്നാല്‍ പിന്നീട്‌ വന്ന മെതഡിസ്റ്റ്‌ നേതാക്കള്‍ ഈ വാദഗതിയെ അംഗീകരിക്കുന്നില്ല. പെന്റക്കൊസ്റ്റലിസത്തിന്റെ കഴിഞ്ഞ നൂറ്റാണ്‍ടുകളിലെ വക്താവായാണ്‌ ജോണ്‍ വെസ്ലിയെ ചരിത്രകാരനായ ജയിംസ്‌ ഡണ്‍ വിശേഷിപ്പിക്കുന്നത്‌. “തന്റെ ഹൃദയം യുക്ത്യാതീതമായി സന്തോഷിക്കാറുണ്‍ടായിരുന്നുവെന്ന്‌ വെസ്ലി പറയുമായിരുന്നു, അദ്ദേഹത്തെ പെന്റക്കൊസ്റ്റലിസത്തിന്റെ മുതുമുത്തച്ഛനായി ചിത്രീകരിക്കുന്നതില്‍ ഒരു അപാകതയുമില്ല\’\’ – ബ്രിട്ടീഷ്‌ പുതിയനിയമപണ്‌ഡിതനും ഡറാം യൂണിവേഴ്‌സിറ്റി പ്രഫസറുമായിരുന്ന ജയിംസ്‌ ഡണ്‍ രേഖപ്പെടുത്തിയിരിക്കുന്നു (James Dunn, The Pentecostals, History of Christianity, Page 618).

1791 മാര്‍ച്ച്‌ 21ന്‌ തന്റെ എണ്‍പത്തിയെട്ടാമത്തെ വയസിലാണ്‌ ജോണ്‍ വെസ്ലി നിത്യവിശ്രമത്തിനായി ദൈവസന്നിധിയിലേക്ക്‌ കടന്നുപോയത്‌. വെസ്ലി ആരംഭിച്ച പ്രസ്ഥാനം ഇന്ന്‌ എവിടെ നില്‍ക്കുന്നു? ആരംഭത്തിലേക്കുള്ള ഒരു മടങ്ങിപ്പോക്കിനുവേണ്‍ടി ഒടുവിലത്തെ വട്ടമേശസമ്മേളനത്തിനായി മെതഡിസ്റ്റുകള്‍ തിരക്കുകൂട്ടുമ്പോഴും ഒരു ജീവിതംകൊണ്‍ട്‌ ജോണ്‍ വെസ്ലി ലോകത്തിന്‌ ഉത്തേജനം നല്‍കിയ വിശ്വാസത്താലുള്ള നീതീകരണത്തിന്റെ ദീപശിഖയേന്തി മെതഡിസം എന്തെന്നറിയാത്ത അനേകായിരങ്ങള്‍ വിവിധ ലോകരാജ്യങ്ങളിലായി മുന്നേറിക്കൊണ്‍ടിരിക്കുന്നു.

യാന്ത്രികമായി മുന്‍ഗാമികളെ പിന്‍പറ്റുന്നവര്‍ക്ക്‌ സംഭവിക്കുന്ന സ്വാഭാവികമായ ഭ്രംശമേ ഇവിടെ മെതഡിസ്റ്റ്‌ പിന്‍ഗാമികള്‍ക്കും സംഭവിച്ചിട്ടുള്ളൂ. മറ്റ്‌ പല പ്രസ്ഥാനങ്ങളിലും സംഭവിച്ച ആ ദുരന്തംനാടകം ഇവിടെ നമുക്കു മുന്നില്‍ ഒരിക്കല്‍കൂടി ആവര്‍ത്തിക്കുന്നു. വിരസമാകാത്ത ആവര്‍ത്തനങ്ങള്‍കൊണ്‍ട്‌ രംഗംകൊഴുപ്പിക്കുന്ന ചരിത്രവേദിയില്‍ അടുത്ത കഥാപാത്രമായി പ്രവേശിക്കുന്നത്‌ ആരായിരിക്കും?

Mathew Chempukandathil

Add comment

Most discussed