GM News Online

ജീവിതം തന്നെ സുവിശേഷമാക്കിയ സാധു കൊച്ചുകുഞ്ഞ്‌ ഉപദേശി

‘ ബാഖായുടെ താഴ്വരയിലെ കൈപ്പുള്ള ദിനങ്ങള്‍ ’  സംഘര്‍ഷത്തിന്റെ ദിനങ്ങളായിരുന്നു. വിശ്വാസസ്നാനത്തെക്കുറിച്ചും രോഗശാന്തിയേക്കുറിച്ചുമുള്ള ചിന്തകള്‍ അദ്ദേഹത്തെ കണക്കറ്റ് അലട്ടിക്കൊണ്‍ടിരുന്നു. പ്രാപഞ്ചിക ബന്ധങ്ങളില്‍നിന്നകന്ന് ഏകാന്തതയില്‍ തപം ചെയ്ത് കൊച്ചുകുഞ്ഞ് തപോധനന്റെ ഉള്‍ക്കാഴ്ചയോടെയാണ് പുറത്തു വന്നത്. ബാഖായുടെ താഴ്വരയില്‍ പ്രാണപ്രിയനോടുകുടെയുള്ള  സഹവാസമാണ് അദ്ദേഹത്തിന് ആത്മധൈര്യം പകര്‍ന്നത്. വെളിച്ചം കടന്നുചെല്ലാത്ത തന്റെ നിലവറ ദിവ്യവെളിപ്പാടുകളുടെ ഈറ്റില്ലമായി മാറുകയായിരുന്നു. സാക്ഷാല്‍ ഭക്തി, ദൈവവുമായുള്ള രഹസ്യസംസര്‍ഗ്ഗത്തില്‍ അടങ്ങിയിരിക്കുന്നു എന്നും, ലോകര്‍ക്ക് അറിഞ്ഞുകൂടാത്ത യേശു രക്ഷിതാവിനോടുള്ള ഭക്തിയില്‍ പ്രിയപ്പെട്ടു ജീവിക്കുന്നതിന് വാഞ്ജിക്കുകയാണ് പരിപൂര്‍ണ്ണ ക്രിസ്ത്യാനിത്വമെന്നും അദ്ദേഹം ആ നാളുകളില്‍ മനസ്സിലാക്കി.

 

“ ലോകത്തിന് വെളിയില്‍ ഇറങ്ങിനില്‍ക്കുന്ന ക്രിസ്ത്യാനിക്കു മാത്രമേ ക്രിസ്ത്യാനിത്വത്തിന്റെ പരിപൂര്‍ണ്ണത ലഭിക്കുകയുള്ളു. വെളിമ്പ്രദേശത്തു നില്‍ക്കുന്ന ഒരു മനസ്സ് എത്രത്തോളം തുറസ്സായിരിക്കുമോ അവ്വണ്ണം ഇഹലോകത്തിലെ യാതൊന്നിനെയും കാണാതെ തന്റെ പ്രിയനെ ധ്യാനിക്കുന്ന ക്രിസ്ത്യനി നിത്യതയുടെ മനോവിശാലത്വമണിഞ്ഞവനായി ലോകത്തിന് വെളിക്കു നില്‍ക്കുന്നു. ‘പരമ ക്രിസ്ത്വാനിത്വം’  എന്ന ഉപദേശിയുടെ ഗ്രന്ഥത്തില്‍ നിന്നുള്ള ഈ പ്രസ്താവന എത്രവലിയ ഒരു ജീവിതദര്‍ശനമാണ് നമുക്ക് നല്‍കുന്നത്! സാധു സുന്ദര്‍സിംഗിന്റെ ‘സ്വാമിപാദാന്തികം’  എന്ന ഗ്രന്ഥത്തിന് സമാനമാണ് സാധുകൊച്ചുകുഞ്ഞിന്റെ ‘പരമ ക്രിസ്ത്വാനിത്വം’.

 

ദിവ്യവെളിപ്പാടുകളില്‍ നിന്നു ശക്തിയാര്‍ജ്ജിച്ച് കൊച്ചുകുഞ്ഞ് സുവിശേഷപ്രവര്‍ത്തനത്തിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ച് കൊ.വ 1088ല്‍ മൂത്താമ്പാക്കല്‍ വീടിന്റെ തട്ടുമ്പുറത്തും അറയിലുമായി ഏഴുദിവസം പരിപൂര്‍ണ്ണമായി ഉപവസിച്ചുകാത്തിരുന്നു. സുവിശേഷവേല തന്നെ ഏല്‍പ്പിച്ചിരിക്കുന്നു എന്ന ദിവ്യോദ്ദേശം വ്യക്തമായി. വീണ്‍ടും അഞ്ചു ദിവസംകൂടി വായനയും പ്രാര്‍ത്ഥനയും ധ്യാനവുമായി കഴിച്ചുകൂട്ടിയ അദ്ദേഹം ഉറച്ച നിശ്ചയത്തോടെ പുറത്തുവന്നു. ‘ഏക ആശ്രയസ്ഥാനമായ ദൈവത്തിന്റെ കരങ്ങളില്‍ ഒരായുധമായിത്തീരുക’ – ജീവിത സൌഭാഗ്യം അതുമാത്രമാണെന്ന് ഗ്രഹിച്ച ആ ജീവിതം ദൈവികനിയോഗത്തിനായി മാത്രം അര്‍പ്പിക്കപ്പെടുകയായിരുന്നു.

 

ഒരു മഹാത്യാഗിയുടെ  ജീവിതനിഷ്ടകളായിരുന്നു  മുപ്പതുവയസ്സിനോടടുത്ത കാലത്ത് അദ്ദേഹം സ്വീകരിച്ചത്. പ്രാപഞ്ചിക തൃഷ്ണകളെ സമൂലം ത്യജിച്ച് സുവിശേഷ പ്രചരണത്തിനു വേണ്‍ടി ജീവിതം മെരുക്കിയെടുക്കുകയായിരുന്നു ആ തപോധനന്റെ ലക്ഷ്യം. ഒരു ദൈവദൂതന്‍ ഭൂമിയില്‍ ജീവിക്കുന്നതുപോലെ ജീവിക്കണം എന്നതായിരുന്നു സാധുവിന്റെ ആഗ്രഹം. പാപകരമല്ലാത്തതും മറ്റുള്ളവര്‍ക്ക് അനുവദനീയവുമായ പല കാര്യങ്ങളും താന്‍ പരിത്യജിച്ചു. ദൈവം അതുവരെ തന്ന മക്കള്‍ മതിയെന്ന് വച്ചുകൊണ്‍ട് മേലാല്‍ ആത്മീയ മക്കള്‍ക്കായി മാത്രം ജീവിക്കുകയാണ് വേണ്‍ടതെന്ന വിചാരം ഭാര്യയുമായി പങ്കുവയ്ക്കുകയും അവള്‍ക്ക് അത് പരിപൂര്‍ണ്ണ സമ്മതമായിത്തിരുകയും ചെയ്തു.

 

കര്‍ത്താവു തന്നിട്ടുള്ള പുരയിടത്തില്‍ മാത്രം ജോലി ചെയ്തുകൊണ്‍ട് കര്‍ത്താവിന്റെ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് ആയുസ്സ് കഴിക്കണം എന്ന് നിശ്ചയിച്ചു. ദൈവവചനമാണ് യഥാര്‍ത്ഥശക്തി എന്ന് ഗ്രഹിച്ചതിനാല്‍ മറ്റ് പല പുസ്തകങ്ങളും വായിക്കുന്ന പതിവ് നിര്‍ത്തി. ഭക്ഷണകാര്യത്തില്‍, പ്രാകൃതമനുഷ്യന്റെ മനോഭാവം ഒരു ക്രിസ്ത്യാനിയായ തനിക്ക് ഒരിക്കലും ഉണ്‍ടായിക്കൂടാ എന്ന് നിര്‍ബന്ധമുണ്‍ടായിരുന്ന സാധു എപ്പോഴും ആത്മീയ ഭക്ഷണത്തന് മുന്‍ഗണന കൊടുത്തിരുന്നു. വസ്ത്രധാരണത്തില്‍ യാതൊരുവിധ ആഡംബരവും പാടില്ല എന്ന് നിഷ്കര്‍ഷിച്ചിരുന്ന സാധു മറ്റ് മാനസികോല്ലാസങ്ങളും ഭക്തര്‍ക്ക് ആവശ്യമുള്ളതായി കരുതിയില്ല. ക്രൂശിക്കപ്പെട്ട കര്‍ത്താവ് മാത്രം ഭക്തന്റെ സകല സന്തോഷവുമായിത്തീരേണ്‍ടതാണെന്ന് വിശ്വസിച്ച സാധു ലോകത്തിന്റെ ബഹുമാനം മായയാണെന്ന് ഗ്രഹിച്ചിരുന്നു. എല്ലാ വിധത്തിലുമുള്ള ജീവനത്തിന്റെ പ്രതാപവും ഹൃദയപൂര്‍വ്വം വെറുത്തിരുന്ന ഈ ഭക്തന്‍ ‘ പരമ രസ മധുപാനത്തിനായി’  ദൈവത്തില്‍ നിന്നും ആത്മജ്ഞാനേന്ദ്രിയങ്ങള്‍ പ്രാപിച്ചവനായിരുന്നു. ദൈവത്തേക്കുറിച്ചുള്ള മനോബോധത്തില്‍ എന്തെങ്കിലും ഒന്നിനേ നാം വേണ്‍ടെന്നു വയ്ക്കുമ്പോള്‍, നാം നിഷേധിക്കുന്ന ആ കാര്യത്തിന്റെ അനുഭവത്തിന് നമ്മില്‍ സ്ഥാനമില്ലാതാകുകയും, ആ സ്ഥാനത്ത് ഭക്തിയുടെ രസപ്രവാഹം ഉണ്‍ടാകയും ചെയ്യുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

 

സുവിശേഷ പ്രവര്‍ത്തനത്തിന് നിയുക്തനായിരിക്കുന്നു എന്ന ഉറപ്പോടെ, തുടര്‍ന്നുള്ള മൂന്ന് ദശകങ്ങള്‍ സാധുകൊച്ചുകുഞ്ഞിന്റെ പ്രേഷിതചരിത്രത്തിന്റെ കാലഘട്ടമാണ്. മലങ്കരയില്‍ ആത്മീയ ഉണര്‍വ്വിന്റെ അഗ്നിനാവുകള്‍ വെളിപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്. ഏക ആശ്രയമായ ദൈവത്തില്‍ അര്‍പ്പിതമായ മനസ്സോടെയാണ് സാധു സുവിശേഷ പ്രഘോഷണത്തിനിറങ്ങിയത്. അദ്ദേഹത്തിന്റെ  ഗീതങ്ങളില്‍പോലും പ്രതിഫലിക്കുന്നത് ദൈവത്തിലുള്ള അചഞ്ചലമായ ആശ്രയമാണ്.സ്ഥിരമായ വരുമാനം ഉണ്‍ടായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. സ്വന്തം ഇടവകയില്‍ നിന്നും ക്ളിപ്ത ശമ്പളം വാങ്ങി സുവിശേഷം അറിയിക്കുന്നതിനുള്ള ചില അഭ്യുതയകാംക്ഷികളുടെ താല്‍പര്യം നിഷേധിച്ചതും അതുകൊണ്‍ടുതന്നെയാണ്. പ്രേഷിതവൃത്തിയില്‍ വ്യാപൃതനായതോടുകൂടിയാണ് ‘കൊച്ചുകുഞ്ഞ് ’  ഉപദേശി  ‘സാധുകൊച്ചുകുഞ്ഞ്’  എന്ന പേരില്‍ പ്രസിദ്ധനായത്.

 

പ്രേഷിത പ്രവര്‍ത്തനത്തില്‍ സാധു കൊച്ചുകുഞ്ഞ് സ്വീകരിച്ച പ്രധാന മാധ്യം പ്രസംഗ വേദിയായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം മാത്രമല്ല തെക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും വിശ്രമമില്ലാതെ സഞ്ചരിച്ച് 30 വര്‍ഷത്തോളം സുവിശേഷമറിയിച്ച സാധുവിന്റെ പ്രഭാഷണങ്ങള്‍ ശ്രോതാക്കളെ തട്ടിയുണര്‍ത്തിയിരുന്നു. പ്രസംഗവേദികളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ജീവിതത്തിന്റെ സമസ്ത മേഖലകളും പ്രേഷിത മേഖലയായി അദ്ദേഹം കരുതിയിരുന്നു. ഉണര്‍വ്വുയോഗങ്ങള്‍ നടത്തുന്നതോടൊപ്പം സാമൂഹികപരിവര്‍ത്തനത്തിന്റെ കാഹളം മുഴക്കുന്നതിനൊരുമ്പെട്ടതും അതുകൊണ്‍ടുതന്നെയാണ്. സാമൂഹികപരിവര്‍ത്തനം ലക്ഷ്യമാക്കി സ്ത്രീധന ത്യാഗപ്രസ്ഥാനത്തിന് രൂപം നല്‍കി. അശരണരെയും ആലംബഹീനരേയും പരിരക്ഷിക്കുന്നതിനു വയോവൃദ്ധ മന്ദിരങ്ങളും അനാഥശാലകളും സ്ഥാപിച്ചു.

 

ഒരാഴ്ചപോലും മുടങ്ങാതെ മുപ്പതിലധികം വര്‍ഷം സുവിശേഷപ്രസംഗം നടത്തിയ സാധു സഞ്ചരിക്കാത്ത നാടോ, സാധുവിന്റെ പ്രസംഗം കേള്‍ക്കാത്ത ജനങ്ങളോ അധികമുണ്‍ടാവില്ല. കൊട്ടാരം മുതല്‍ കുടില്‍ വരെയുള്ളവര്‍ ആ ഭക്തന്റെ വാക്കുകള്‍ക്കു ചെവികൊടുത്തിരുന്നു. സാധാരണയായി വ്യാഴം മുതല്‍ ഞായര്‍ വരെയായിരിക്കും യോഗം ക്രമീകരിക്കുക. പ്രസംഗമുള്ള ദിവസങ്ങളില്‍ രാവിലെ 7.30ന് ആരംഭിക്കുന്ന പരിപാടി അവസാനിക്കുന്നത്  രാത്രി പന്ത്രണ്‍ടു മണിക്കായിരിക്കും. കുറിപ്പുകള്‍ എഴുതിവച്ചു പ്രസംഗിക്കുന്ന പതിവില്ലാത്ത സാധുവിന്റെ വാക്കുകള്‍ക്ക് തിരുവചനത്തിന്റെ ഉറപ്പുള്ള അടിത്തറയും പരിശുദ്ധാത്മാവിന്റെ പ്രചോദനവും ഉണ്‍ടായിരുന്നു. ഉണര്‍വ്വിന്റെ പ്രധാന ലക്ഷണങ്ങളായി അന്ന് കണ്‍ടു പോന്നത് അഗാധമായ പാപബോധം, പരിശുദ്ധാത്മാവിലുള്ള സന്തോഷം, രക്ഷിക്കപ്പെടാത്തവരെക്കുറിച്ചുള്ള ഉള്ളുരുക്കം, ശക്തിയേറിയ സാക്ഷ്യം എന്നിവയായിരുന്നു. അഗാധമായ പാപബോധം വരുമ്പോള്‍ ജനങ്ങള്‍ നിലവിളിയോടെ പാപം ഏറ്റുപറയുകയും വിദ്വേഷികളായിരുന്നവര്‍ കെട്ടിപ്പിടിച്ച് പരസ്പരം ക്ഷമചോദിക്കുകയും ചെയ്തിരുന്നു.

 

(കടപ്പാട്: ജീവമൊഴികള്‍ ഡോ. മാത്യു ഡാനിയേലിന്റെ ലഘുജീവചരിത്രത്തില്‍ നിന്ന്)

 

 

Mathew Chempukandathil

Add comment

Most discussed