GM News Online

ജനാധിപത്യവും ദൈവാധിപത്യവും ദൈവസഭയില്‍ – Part 1

ജനാധിപത്യത്തിലൂടെ സഭാശ്രേണിയുടെ ഉന്നതാധികാരത്തിലേക്ക് ഭരണക്കാരെ തെരഞ്ഞെടുത്തുവിടുന്ന പെന്‍റക്കൊസ്റ്റ് സഭകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. യുവജനസംഘടനകളുടെ തെരഞ്ഞെടുപ്പു മുതല്‍ ജനാധിപത്യ തെരഞ്ഞെടുപ്പുകളുടെ കളരിപഠനം ആരംഭിക്കുന്നു. ദൈവവചനം പ്രസംഗിക്കാന്‍ മാത്രം കൊള്ളാവുന്ന ഒരു പുസ്തകമായി വിശ്വസിച്ചുകൊണ്ട്, തങ്ങളുടേതായ അറിവും മാര്‍ഗ്ഗങ്ങളും പാരമ്പര്യവും ഉപയോഗിച്ച് ദൈവവചനത്തെ നോക്കുകുത്തിയാക്കിമാറ്റുന്നു എന്നതാണ് ക്രൈസ്തവസഭകളില്‍ തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ സംഭവിക്കുന്നത്. ദൈവാധിപത്യത്തെ നിഷേധിച്ച് തെരഞ്ഞെടുപ്പുകള്‍ നടത്തി അധികാരശ്രേണികളിലേക്ക് നേതാക്കളെ തെരഞ്ഞെടുക്കുന്ന സഭകള്‍ വിശ്വാസികളെ വഞ്ചിക്കുന്ന വെറും മനുഷ്യപ്രസ്ഥാനങ്ങളാണ്. ദൈവരാജ്യത്തിന്‍റെ പരിഛേദമായി ഭൂമിയില്‍ സ്ഥാപിതമായിരിക്കുന്ന ദൈവസഭകളില്‍ ദൈവാധിപത്യത്തിനു പകരമായി ജനാധിപത്യപ്രക്രിയകളെ സ്വീകരിക്കുന്നതുവഴി സഭകള്‍ ആത്മീയമായി തളരുന്നു. ഈ തളര്‍ച്ച സഭയുടെ എല്ലാ മേഖലകളെയും ബാധിച്ച് സഭകള്‍ ആത്മീയമായി ശേഷിക്കുന്നു. ജനാധിപത്യം എന്ന മനുഷ്യഭരണസമ്പ്രദായത്തിന്‍റെ ആവിര്‍ഭാവവും വ്യാപനവും പഠനവിധേയമാക്കുന്നതാണ് ഈ ലേഖനം.

 

ആധുനിക ജനാധിപത്യ ഭരണവ്യവസ്ഥകളുടെ സങ്കീര്‍ണ്ണതകളെ പൂര്‍ണ്ണമായും നിര്‍വ്വചിക്കാന്‍ ജനാധിപത്യവ്യവസ്ഥിതിയിലുള്ള രാജ്യങ്ങള്‍ക്കോ സമൂഹങ്ങള്‍ക്കോ കഴിഞ്ഞ രണ്ടായിരത്തഞ്ഞൂറു കൊല്ലമായിട്ടും സാധിച്ചിട്ടില്ല. രാഷ്ട്രീയ -ഭരണ വ്യവസ്ഥിതികളില്‍ ജനാധിപത്യത്തോളം ജനകീയമായ മറ്റൊരു ഭരണക്രമം നിര്‍ദ്ദേശിക്കാന്‍ കഴിയാത്തവിധം ജനാധിപത്യം സര്‍വ്വപ്രതാപിയായി ലോകരാജ്യങ്ങളിന്മേല്‍ വാഴുന്നു. പഴയ ഏഥെന്‍സില്‍, ക്രിസ്തുവിനു മുമ്പ് 508ല്‍ ആരംഭിച്ച ജനാധിപത്യ ഭരണക്രമത്തിന്‍റെ തേരോട്ടം നൂറ്റാണ്ടുകളിലൂടെ, വന്‍കരകളെയും ജനകോടികളെയും കീഴടക്കി മുന്നേറുമ്പോള്‍ മതേതരസംഘങ്ങളും മതസംഘടനകളും ക്രൈസ്തവസഭകള്‍പോലും ഇതിന്‍റെ പരിധിയില്‍ ഇന്നു വന്നുകഴിഞ്ഞിരിക്കുന്നു. ജനാധിപത്യത്തിന് മനുഷ്യവര്‍ഗ്ഗത്തിന്മേല്‍ കൈവരിക്കാന്‍ കഴിഞ്ഞ സ്വാധീനശക്തി എത്രയോ വലുതാണെന്ന യാഥാര്‍ത്ഥ്യമാണ് ഇത് നമ്മേ ബോധ്യപ്പെടുത്തുന്നത്.

 

“ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഗവര്‍മെന്‍റുകള്‍ ഭൂമിയില്‍ നശിക്കില്ല” എന്ന് അമേരിക്കയുടെ മുന്‍പ്രസിഡന്‍റ് ഏബ്രഹാം ലിങ്കന്‍റെ പ്രഖ്യാപനത്തോടെ ജനാധിപത്യം എന്നതിന്‍റെ സമ്പൂര്‍ണ്ണ നിര്‍വ്വചനമാണ് ലോകത്തിന് ലഭിച്ചു (“Government of the people, by the people, for the people, shall not perish from the earth.” Abraham Lincoln, 19 November 1863, Gettysburg Pennsylvania). എന്നാല്‍ ജനാധിപത്യം എന്നത് ഭൂരിപക്ഷത്തിന്‍റെ സര്‍വ്വാധിപത്യമാണെന്ന് ഇതിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നു. തെരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞാല്‍ അധികാരം കൈയാളുന്നവന്‍റെ ഏകാധിപത്യവും സര്‍വ്വാധിപത്യവും പരമാധികാരവുമായി ജനാധിപത്യഭരണത്തിന്‍റെ ഉന്നതശ്രേണി മാറുന്നു.

 

ജനാധിപത്യപ്രക്രിയ എന്ന ഭരണക്രമത്തിന്‍റെ ആചാര്യനായി കണക്കാക്കുന്നത് പ്ലേറ്റോ എന്ന ഗ്രീക്ക് തത്വചിന്തകനെയാണ്. അദ്ദേഹത്തിന്‍റെ ഭാവനയില്‍ അഞ്ചുവിധ ഭരണസംവിധാനങ്ങള്‍ ലോകത്തില്‍ വരികയോ നിലനില്‍ക്കുകയോ നശിച്ചുപോവുകയോ ചെയ്യും. ഈ അഞ്ചുവിധഭരണവ്യവസ്ഥകളെ നോക്കുക.

 

അരിസ്റ്റോക്രെസി (aristocracy)
അതില്‍ ആദ്യത്തേതാണ് അരിസ്റ്റോക്രെസി (aristocracy). ഉയര്‍ന്ന കുലമഹിമയും തത്വജ്ഞാനവും യുക്തിബോധവുമുള്ള ഒരു വ്യക്തിയുടെ നേതൃത്വമാണ് അരിസ്റ്റോക്രെസി. അദ്ദേഹത്തിന്‍റെ അതേ ഗുണങ്ങള്‍ ലഭിച്ച തന്‍റെ പിന്തുടര്‍ച്ചകളുമാണ് അരിസ്റ്റോക്രെസിയില്‍ സ്റ്റേറ്റിന്‍റെ ഭരണചക്രം കാലക്രമത്തില്‍ മുമ്പോട്ടു തിരിക്കുന്നത്.

 

റ്റിമോക്രസി (timocracy)
അരിസ്റ്റോക്രെസിയില്‍ കാലാന്തരത്തില്‍ അപചയം സംഭവിക്കുകയും ഒരു ഭരണാധികാരിയില്‍നിന്ന് ഒന്നിലേറെ വ്യക്തികള്‍ അധികാരശ്രേണിയില്‍ എത്തിച്ചേരുകയും ചെയ്യുന്ന അവസ്ഥയാണ് രണ്ടാമത്തെ ഭരണവ്യവസ്ഥിതിയാണ് റ്റിമോക്രസി.

 

ഒലിഗാര്‍ക്കി (oligarchy)
കാലാന്തരത്തില്‍ റ്റിമോക്രസിയില്‍ നേരിടുന്ന അപചയം അതിന്‍റെ അടുത്ത താഴ്ന്ന നിലയിലേക്ക് ഭരണക്രമത്തെ എത്തിക്കുന്നു. അതാണ് മൂന്നാമത്തെ വ്യവസ്ഥിതിയായി പ്ലേറ്റോ ദര്‍ശിച്ച ഒലിഗാര്‍ക്കി (oligarchy). ഒലിഗാര്‍ക്കിയില്‍ ജ്ഞാനസമ്പൂര്‍ണ്ണനോ തത്വജ്ഞാനിയോ അധികാരത്തില്‍ വരികയില്ല, പകരം ജനങ്ങളില്‍, സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തി -അദ്ദേഹം ആരുമായിക്കൊള്ളട്ടെ, ഭരണാധിപനാകുന്നു.

 

ഡെമോക്രസി (democracy)
ഒലിഗാര്‍ക്കി വ്യവസ്ഥിതിയില്‍ സംഭവിക്കുന്ന അപചയം, അതിലും നിലവാരംകുറഞ്ഞ നാലാമത്തെ വ്യവസ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നു. ഇവിടെയാണ് ഇന്ന് ഇന്നത്തെ കാലത്തെ ഏറ്റവും ജനകീയമായ ഭരണവ്യവസ്ഥിതിയായ ജനാധിപത്യം അഥവാ ഡെമോക്രസി (റലാീരൃമര്യ) രംഗപ്രവേശം ചെയ്യുന്നത്. ജനങ്ങളുടെ സ്വതന്ത്രലോകമാണ് ജനാധിപത്യം. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാതിരുന്ന മറ്റ് മൂന്നു വ്യവസ്ഥിതികളെയും അപേക്ഷിച്ച് څജനങ്ങള്‍ സ്വാതന്ത്ര്യത്തിന് അടിമകളായി മാറുന്ന  ഒരവസ്ഥയായി ഇതിനെ വിശേഷിപ്പിക്കുന്നു. ജനങ്ങളുടെ പ്രതിനിധികള്‍ ഒത്തുചേര്‍ന്ന് നിയമങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങള്‍ അതിനെ ഇഷ്ടംപോലെ ലംഘിക്കുകയും പിന്നീട് മാറ്റിയെഴുതുകയും ചെയ്തുകൊണ്ടുള്ള ഒരുതരം ഭരണക്രമം. നിയമലംഘനങ്ങള്‍ക്കുപോലും അവകാശമുള്ള വ്യവസ്ഥിതിയാണിത്. മറ്റുള്ള മൂന്നു വ്യവസ്ഥിതികളെയുംപോലെ ഏറെ ന്യൂനതകളുള്ളതാണ് ജനാധിപത്യത്തിനും ഉള്ളത്. (ഉദാഹരണംത്തിന് നൂറുപേര്‍ക്ക് വോട്ടവകാശമുള്ള ഒരു രാജ്യത്ത്, തെരഞ്ഞെടുപ്പില്‍ 70 പേര്‍ വോട്ടുചെയ്യുന്നു. ഈ വോട്ടിംഗില്‍ 36 വോട്ടോ അതില്‍ കൂടുതലോ ലഭിച്ച വ്യക്തി ജയിക്കുന്നു. അപ്പോള്‍ 36 പേര്‍ എന്ന ന്യൂനപക്ഷത്തിന്‍റെ തീരുമാനം ബാക്കിയുള്ള 64 പേരിലേക്കും അടിച്ചേല്‍പ്പിക്കുന്നു) ഒരു ഭാഗത്ത് പണം കുന്നുകൂടുന്നതും തനിക്ക് ഇഷ്ടമുള്ളതൊക്കെ പണംകൊണ്ട് നേടാന്‍ കഴിയുന്നതും ജനാധിപത്യത്തിന്‍റെ അപചയത്തിന് ആക്കം കൂട്ടുന്നു. ഒടുവില്‍ ജനാധിപത്യവും പരാജയത്തിലേക്ക് എത്തിച്ചേരുന്നു.

 

റ്റിറണി (tyranny)
എല്ലാ മാര്‍ഗ്ഗങ്ങളും പരാജയപ്പെടുമ്പോള്‍ സമൂഹം അഞ്ചാമത്തെ ഭരണക്രമമായ റ്റിറണിയിലേക്ക് കൂപ്പുകുത്തുന്നു. രാഷ്ട്രീയാധഃപതനത്തിന്‍റെ ആഴങ്ങളിലേക്ക് ഭരണസംവിധാനങ്ങള്‍ നിപതിച്ച്, സമൂഹങ്ങള്‍ മുഴുവന്‍ ബഹളംനിറഞ്ഞതായി മാറുന്നു. അച്ചടക്കമില്ലാത്ത സമൂഹങ്ങളും ഭരണക്കാരോടു കൂറോ ബഹുമാനമോ ഇല്ലാത്ത ജനങ്ങളും റ്റിറണിയുടെ പ്രത്യേകതയാണ്. നിയമവാഴ്ചയില്‍ വിശ്വാസം നഷ്ടപ്പെട്ട്, ജനങ്ങളെല്ലാം നിയമം കൈകാര്യം ചെയ്യുന്ന അവസ്ഥ സംജാതമാകുന്നു. പണവും പ്രതാപവുമുള്ള തന്ത്രശാലികള്‍ ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുകയും കൈയൂക്കുള്ളവന്‍ കാര്യക്കാരനാവുകയും ചെയ്യുന്നു. മതനിയമങ്ങള്‍ നിലനില്‍ക്കുന്ന ചില ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഇന്നത്തെ അവസ്ഥ റ്റിറണിയാണ്.

 

ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ഈ അഞ്ചു വ്യവസ്ഥിതികളിലാണ് ലോകഭരണം ഇതുവരെയും കടന്നുപോയതോ അല്ലെങ്കില്‍ ഇന്ന് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നതോ എന്ന് ലോകരാജ്യങ്ങളെയും അവിടെ നിലവിലുള്ള രാഷ്ട്രീയ ഭരണക്രമങ്ങളെയും പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ഈ അഞ്ചു വ്യവസ്ഥിതികളില്‍ നാലാമത്തേതായ ഡെമോക്രിസിയാണ് ഇന്ന് പല ക്രൈസ്തവസഭകളും പിന്തുടരുന്നത്. ഡെമോക്രാറ്റിക് വ്യവസ്ഥിതിയെ ദൈവവചനത്തിന്‍റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കുകയും ദൈവസഭയില്‍ ഏത് ഭരണക്രമമാണ് വേണ്ടത് എന്ന് അറിയുകയും വേണം.

 

(രണ്ടാംഭാഗം: ദൈവസഭ: ദൈവാധിപത്യത്തിന്‍റെ കേന്ദ്രസ്ഥാനം)

Mathew Chempukandathil

Add comment

Most discussed