GM News Online

ദൈവസഭ: ദൈവാധിപത്യത്തിന്‍റെ കേന്ദ്രസ്ഥാനം – Part 2

ബാലറ്റ് വോട്ടുകളോ, മത്സരാര്‍ത്ഥിയെ പിന്താങ്ങുന്നവരുടെ തലയെണ്ണിയോ ഭൂരിപക്ഷത്തെ കണ്ടെത്തി അവരെ ഭരണം ഏല്‍പ്പിക്കുക എന്നതാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ അധികാരത്തിലേറുന്നതിനുള്ള മാര്‍ഗ്ഗം. ഇവിടെ മത്സരാര്‍ത്ഥിയുടെ ജനപിന്തുണ മാത്രമാണ് കാര്യം. മത്സരാര്‍ത്ഥിക്കെതിരേയുള്ള ആരോപണങ്ങളോ പ്രത്യേക യോഗ്യതകളോ കഴിവുകളോ കഴിവില്ലായ്മകളോ തെരഞ്ഞെടുപ്പുകളില്‍ വിലപ്പോകില്ല. ജനപിന്തുണ -അതുമാത്രമാണ ജനാധിപത്യത്തില്‍ അധികാരത്തിലെത്താനുള്ള മാനദണ്ഡം. ഒരു ഐസ്ക്രീം വില്‍പ്പനക്കാരനെയും ഒരു മെഡിക്കല്‍ ഡോക്ടറെയും സ്ഥാനാര്‍ത്ഥികളാക്കി നഴ്സറി കുട്ടികളോടു വോട്ടുചെയ്യാന്‍ പറഞ്ഞാല്‍ ആരായിരിക്കും വിജയിക്കുക? തീര്‍ച്ചയായും ഐസ്ക്രീം വില്‍പ്പനക്കാരനായിരിക്കും! ഇതാണ് ജനാധിപത്യത്തിന്‍റെയും പ്രത്യേകത. ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുക എന്നതാണ് ജനാധിപത്യത്തില്‍ അധികാരശ്രേണികളിലേക്ക് കടന്നുകൂടാനുള്ള മാര്‍ഗ്ഗം. പണവും ശക്തിയും പ്രകടിപ്പിക്കുക, എതിരാളികളെ ഇല്ലാതാക്കുക, പണം നല്‍കി വോട്ടു സമ്പാദിക്കുക എന്നിങ്ങനെ എല്ലാ അനീതിയും തെരഞ്ഞെടുപ്പുകളില്‍ സംഭവിക്കുന്നു. ഇതിനാല്‍ ജനാധിപത്യത്തെ റ്റിറണിക്കു (tyranny) മുമ്പുള്ള ചന്തസ്ഥലമായി വിശേഷിപ്പിക്കുന്നു.

 

“ഉച്ചഭക്ഷണം എന്തായിരിക്കണം എന്നത് രണ്ട് ചെന്നായ്ക്കളും ഒരു ആട്ടിന്‍കുട്ടിയും ഒരുമിച്ചുകൂടി വോട്ടു ചെയ്യുന്നതു തീരുമാനിക്കുന്ന പോലെയാണ് ജനാധിപത്യം”  എന്ന് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ പറഞ്ഞിരിക്കുന്നു. വോട്ടുചെയ്യുന്ന ജനങ്ങളുടെമേല്‍ ഭരണാധിപനുള്ള അധികാരം ചെന്നായ്ക്ക് ആട്ടിന്‍കുട്ടിയുടെമേലുള്ള അവകാശംപോലെയാണ് എന്നത് വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍നിന്നു തന്നെ ധാരാളം തെളിവുകള്‍ നിരത്താന്‍ കഴിയും.

 

ജനാധിപത്യം എന്ന ഇത്രമേല്‍ അപചയം സംഭവിച്ചതും ദുര്‍ഗന്ധപൂരിതവുമായ ഒരു ലോക ഭരണവ്യവസ്ഥിതിയെ ദൈവസഭയിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നതിലെ വൈരുദ്ധ്യമാണ് ഇവിടെല്ലാം ശ്രദ്ധേയമാകുന്നത്. ജനാധിപത്യം ദൈവസഭയില്‍ സന്നിവേശിച്ചിരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം ആ സഭ ദൈവരാജ്യത്തിനു വെളിയിലായിരിക്കുന്നു എന്ന സത്യമാണ് വെളിപ്പെടുന്നത്. ദൈവരാജ്യം ദൈവത്തിന്‍റെ പരമാധികാരമുള്ള ഇടമാണ്. നെബുക്കദ്നോസര്‍ രാജാവ് ഈ സത്യം തിരിച്ചറിഞ്ഞ് പ്രഖ്യാപിച്ചത് ഇപ്രകാരമാണെന്ന് ദാനിയേല്‍ രേഖപ്പെടുത്തുന്നത് “അവിടുത്തെ ആധിപത്യം അനന്തമാണ്; അവിടുത്തെ രാജ്യം തലമുറ തലമുറയായി നിലനില്‍ക്കുന്നു. സകല ഭൂവാസികളും അവിടുത്തെ മുന്‍പില്‍ ഒന്നുമല്ല; സ്വര്‍ഗീയ സൈന്യത്തോടും ഭൂവാസികളോടും തന്‍െറ ഇച്ഛയ്ക്കൊത്ത് അവിടുന്ന് പ്രവര്‍ത്തിക്കുന്നു. ആര്‍ക്കും അവിടുത്തെ കരം തടയാനോ എന്താണ് ഈ ചെയ്തത് എന്ന് അവിടുത്തോടു ചോദിക്കാനോ സാധിക്കയില്ല” (4:35). ദൈവാധിപത്യം എന്നതിന്‍റെ സംക്ഷിപ്തവിവരണമാണ് ദാനിയേല്‍ പ്രവചനത്തില്‍ കാണുന്നത്.

 

എഫേസ്യ ലേഖനം 3:8-11 വാക്യങ്ങളെ അടിസ്ഥാനമാക്കി ദൈവസഭയെയും ഇതിന്‍റെ ഭരണക്രമത്തെയും പരിശോധിക്കാം. സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലം മുതലേ മറഞ്ഞുകിടന്ന മര്‍മ്മമാണ് സഭ. സഭയിലൂടെ വെളിപ്പെടുവാനുള്ള ദൈവികജ്ഞാനവും ഇതിന്‍റെ വ്യവസ്ഥിതിയും സ്വര്‍ഗ്ഗത്തിലെ വാഴ്ചകള്‍ക്കും അധികാരശ്രേണിയിലുള്ള ഇതര സ്വര്‍ഗ്ഗീയഗണങ്ങള്‍ക്കും അജ്ഞാതമായിരുന്നു. ദൈവികത്രിത്വം അനാദിയില്‍ എടുത്ത തീരുമാനത്തിന്‍റെ ഭാഗമായി യേശുക്രിസ്തുവിലൂടെ നിവര്‍ത്തിച്ച രക്ഷാകരസംഭവങ്ങളും തുടര്‍ന്ന് അതിന്‍റെ പരിണിതഫലമായി രൂപപ്പെട്ട സഭയും, സഭയുടെ ഘടനയും ദൈവാധിഷ്ഠിതമായിത്തന്നെയാണ് നിലനില്‍ക്കുന്നത് എന്ന് ഇവിടെ ദൈവവചനം അടിവരയിട്ടുപറയുന്നു.

 

അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചുകിടന്ന മനുഷ്യാത്മാവിന് (എഫേ 2:1), യേശുക്രിസ്തുവിലുള്ള വിശ്വാസത്താല്‍ (എഫേ 2:8, 1പത്രോസ് 1:23) ജീവന്‍ ലഭിക്കുന്നു. ഇതു വീണ്ടും ജനനമായി ദൈവവചനം പഠിപ്പിക്കുന്നു. ഇപ്രകാരം വീണ്ടും ജനിച്ച വ്യക്തി ദൈവകോപത്തില്‍നിന്ന് രക്ഷപ്പെട്ടിരിക്കുന്നതിനാല്‍ (റോമ 5:9) ആ വ്യക്തിയെ രക്ഷിക്കപ്പെട്ട വ്യക്തി എന്നു വിളിക്കുന്നു. രക്ഷിക്കപ്പെട്ട വ്യക്തികളുടെ സമൂഹമാണ് സഭ (മര്‍ക്കോസ് 16:16, അപ്പ.പ്രവൃത്തികള്‍ 2:47). ശരീരമരണത്തില്‍നിന്ന് (1 പത്രോസ് 3:18) ആദ്യഫലമായി ഉയിര്‍ത്തെഴുന്നേറ്റ യേശു (1 കൊരി 15:20) സഭയുടെ ശിരസാണ് (കൊളോസ്യര്‍ 1:18). ദൈവം മനുഷ്യരോടുകൂടെ വസിക്കുന്ന ഇമ്മാനുവേല്‍ (മത്തായി 1:22) തല ആയതിനാല്‍ സഭയിലെ അംഗങ്ങളെ څഇമ്മാനുവേല്‍ വംശംچ (കാാമിൗലഹ ഞമരല) എന്നു വിശേഷിപ്പിക്കാം. ഇത്രമേല്‍ അത്യുദാത്തമായ ദൈവികമര്‍മവും അതിന്‍റെ വ്യവസ്ഥിതികളും ദൈവഹൃദയത്തില്‍ അനാദിമുതലേ നിലനില്‍ക്കുകയും അതിനായി ദൈവം മനുഷ്യരൂപത്തില്‍ അവതരിച്ച് അവ മനുഷ്യമക്കളില്‍ സ്ഥാപിക്കുകയും ചെയ്തു.

 

ദൈവിക പദ്ധതികളുടെ സംഗമസ്ഥാനമായ ദൈവസഭയെന്ന ദൈവികമര്‍മ്മത്തെ, അപചയംസംഭവിച്ച് മുഷിഞ്ഞുനാറിയ മാനുഷികവ്യവസ്ഥിതികളുമായി വിളക്കിച്ചേര്‍ക്കാന്‍, രക്ഷിക്കപ്പെട്ടവര്‍ എന്നു ധരിച്ചുവച്ചിരിക്കുന്ന വ്യക്തികള്‍ കണ്ടെത്തിയ മാര്‍ഗ്ഗമായി മാത്രമേ ക്രൈസ്തവസഭകളില്‍ നടക്കുന്ന ബാലറ്റ് തെരഞ്ഞെടുപ്പുകളെ വ്യാഖ്യാനിക്കാന്‍ കഴിയൂ.

 

ദൈവികപദ്ധതിയില്‍ മാനുഷിക നേതൃത്വങ്ങള്‍ക്ക് ഇടമില്ല എന്നു തെറ്റിദ്ധരിക്കരുത്. തീര്‍ച്ചയായും ദൈവം മനുഷ്യനെയും മനുഷ്യത്വത്തെയും മാനിക്കുന്നു. വചനമാകുന്ന ദൈവം മനുഷ്യരൂപത്തില്‍ ഭൂമിയില്‍ അവതരിച്ചതും വീണ്ടും ജനിച്ച മനുഷ്യരുടെ കൂട്ടത്തെ യേശുവിന്‍റെ ഭൗതികശരീരമാകുന്ന സഭ എന്നു വിളിക്കുന്നതും മനുഷ്യരാല്‍ എഴുതപ്പെട്ട വാക്കുകള്‍ക്ക് ദൈവാത്മാവിനാല്‍ അംഗീകാരം ലഭിച്ച് അവ ദൈവവചനമായതും എല്ലാം മനുഷ്യനിലും തന്നോടുചേര്‍ന്നുള്ള അവന്‍റെ പ്രവര്‍ത്തനങ്ങളിലും ദൈവത്തിനുള്ള താല്‍പര്യമാണ് വെളിവാകുന്നത്. സഭയെ നയിക്കാന്‍ ദൈവാത്മാവ് ആക്കിവച്ചിരിക്കുന്ന അഞ്ചുവിധ ശുശ്രൂഷകവൃന്ദവും ജഡരക്തങ്ങളോടുകൂടിയ മനുഷ്യന്‍ തന്നെയാണ്. എന്നാല്‍ സഭാനേതൃത്വങ്ങളിലേക്ക് കടന്നുവരുന്ന വ്യക്തിയെ തെരഞ്ഞെടുക്കാനുള്ള പരമാധികാരം ദൈവത്തില്‍തന്നെ നിക്ഷിപ്തമായിരിക്കും എന്നതാണ് ദൈവസഭാഘടനയുടെ മര്‍മം.

 

ഇന്ന് ക്രൈസ്തവസഭകളില്‍ കാണുന്ന ബാലറ്റ് ഇലക്ഷന്, വിശ്വാസി അല്ലെങ്കില്‍ പാസ്റ്റര്‍ എന്ന് പറയപ്പെടുന്ന വ്യക്തി, സ്വയം നാമനിര്‍ദേശപത്രിക പൂരിപ്പിച്ച്, ഒപ്പിട്ട് നല്‍കി സ്ഥാനാര്‍ത്ഥിയാകുന്നതും വോട്ടുചോദിക്കുന്നതും എതിരാളിക്കെതിരേ കുപ്രചാരണങ്ങള്‍ നടത്തുന്നതും ഗ്രൂപ്പ് യോഗങ്ങള്‍ സംഘടിപ്പിക്കുന്നതും ഇലക്ഷന്‍ നടത്തുന്നതും വോട്ടെണ്ണുന്നതും ഫലപ്രഖ്യാപനം നടത്തുന്നും അത് ആഘോഷമാക്കിമാറ്റുന്നതും തുടര്‍ന്ന് അധികാരത്തിലേറുന്നതും എല്ലാം ദൈവരാജ്യ വ്യവസ്ഥിതികള്‍ക്കു വെളിയിലുള്ള സമ്പ്രദായങ്ങളാണ്. എല്ലാറ്റിന്‍റെയും തുടക്കത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ മതി എന്നൊരു ന്യായീകരണചിന്തയാണ് പലര്‍ക്കുമുള്ളത്. എല്ലാ അക്രൈസ്തവമാര്‍ഗ്ഗങ്ങളെയും പ്രാര്‍ത്ഥനയുടെ വെള്ളപൂശീയാല്‍ അത് വിശുദ്ധമാകുമെന്ന ധാരണ പൈശാചികതന്ത്രമാണ്. പലരും തങ്ങളുടെ അധികാരക്കൊതിയെ ന്യായീകരിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗ്ഗവും ഇത്തരം പ്രാര്‍ത്ഥനകളും ആത്മീയഭാഷകളുമാണ്.

 

സഭയുടെ തല ക്രിസ്തുവാകുന്നു എന്ന് കൊലോസ്യര്‍ 1:18ലും ക്രിസ്തുവിന്‍റെ തല ദൈവം എന്നു 1 കൊരിന്ത്യര്‍ 11:2ലും രേഖപ്പെടുത്തിയിരിക്കുന്നു. ദൈവസഭയുടെ ഭരണവ്യവസ്ഥകളില്‍ ആത്യന്തികമായ എല്ലാ തീരുമാനങ്ങളും പിതാവായ ദൈവത്തിന്‍റേതായിരിക്കും. തീരുമാനം ക്രിസ്തുവിലൂടെ സഭയില്‍ കടന്നുവരുന്നു. പരിശുദ്ധാത്മാവ് ഈ തീരുമാനത്തെ സഭയിലെ വിശ്വാസികളില്‍നിന്നു തെരഞ്ഞെടുത്ത അഞ്ചുവിധ ശുശ്രൂഷാകാവൃന്ദത്തിലൂടെ നടപ്പാക്കുന്നു. ഈ ഭരണക്രമമാണ് ദൈവസഭ ആദിമകാലംമുതലേ പിന്തുടരുന്നത്. ഇതിന് വിരുദ്ധമായുള്ള എല്ലാ ഭരണക്രമങ്ങളും അക്രൈസ്തവികമാണ്.

 

ജനാധിപത്യവ്യവസ്ഥിതിയില്‍ ഏറ്റവും മുകളിലെ ശ്രേണിയില്‍ ഒരു പ്രസിഡന്‍റ്, അല്ലെങ്കില്‍ ഒരു ജനറല്‍ സെക്രട്ടറി, അല്ലെങ്കില്‍ ഒരു ഓവര്‍സീയര്‍ എന്നിങ്ങനെ ശ്രേണിയുടെ മുകളിലെ വ്യക്തി സഭയില്‍ ഏറ്റവും ശ്രേഷ്ഠനായി, സഭയിലെ എല്ലാറ്റിന്‍റെയും നിയന്താവായി വാഴുന്നു. ഇവിടെ സഭ വ്യക്തികേന്ദ്രീകൃതമായി മാറുന്നു. ഈ വ്യക്താധിഷ്ഠിതമായ ഭരണക്രമം നൂറ്റാണ്ടുകളായി നിലകൊള്ളുന്ന ഹ്യൂമനിസ്റ്റിക് (മാനവികതാവാദം) ചിന്താധാരായുടെ ഉപോത്പന്നമാണ്. എല്ലാം മനുഷ്യകേന്ദ്രീകൃതമാണ് എന്ന ചിന്തയാണ് ഹ്യൂമനിസം വിഭാവനം ചെയ്യുന്നത്. ദൈവകേന്ദ്രീകൃതമായ വ്യവസ്ഥിതിയില്‍ മനുഷ്യകേന്ദ്രീകൃതമായ ഭരണഘടന വിഭാവനം ചെയ്താല്‍ അത് എത്രയോ അര്‍ത്ഥശൂന്യമായിരിക്കും! ഈ നിരര്‍ത്ഥകതയുടെ അപ്പൊസ്തൊലത്വത്തിനാണ് ഇന്ന് സഭകളില്‍ മത്സരം നടക്കുന്നത്!

 

ദൈവസഭയുടെ അധികാരശ്രേണിയുടെ അര്‍ത്ഥശൂന്യത തിരിച്ചറിഞ്ഞ അപ്പൊസ്തൊലനായ പൗലോസ് ചോദിക്കുന്നു: അപ്പൊല്ലോസ് ആര്‍? പൗലോസ് ആര്‍? (1 കൊരി 3:5). ക്രൈസ്തവഗോളത്തില്‍ എത്രമേല്‍ ഉന്നതനായ ക്രിസ്തുഭക്തനും ഒടുവില്‍ ഈ ചോദ്യം ചോദിച്ച്, പാനീയയാഗമായി അര്‍പ്പിക്കപ്പെടാന്‍ (ഫിലി 2:17) വിളിക്കപ്പെട്ടവനാണെന്ന തിരിച്ചറിവോടെ ദൈവസഭയുടെ വേലക്കരനായി ജീവിച്ച് ക്രിസ്തുവില്‍ മറയുമ്പോഴാണ് ക്രിസ്തുഭക്തന്‍ ദൈവേഷ്ടത്തില്‍ will of God 1 Cor 1:1) ജീവക്കുന്നത്. ദൈവേഷ്ടത്തില്‍ ജീവിക്കുന്നവരുടെ കൂട്ടം എന്നതാണ് ദൈവസഭയുടെ ലക്ഷണം.

 

Mathew Chempukandathil

Add comment

Most discussed