GM News Online

കാപ്പന്‍ അച്ചനെ ഓര്‍മിക്കുമ്പോള്‍

 

നിയന്ത്രണമില്ലാത്ത വായന പുതിയ ദര്‍ശനങ്ങള്‍ക്കുവേണ്‍ടി പരതുന്ന 1990 കളുടെ ആരംഭത്തിലാണ് ഞാന്‍ ഫാദര്‍ എസ്. കാപ്പനെ കണ്‍ടുമുട്ടുന്നത്. പുറത്ത് കത്തോലിക്കനും അകത്ത് ഴാങ് പോള്‍ സാര്‍ത്രെയടെ ചിന്തകളും കെട്ടുപിണഞ്ഞു കിടന്നിരുന്ന ഒരു കാലഘട്ടമായിരുന്നു അതെനിക്ക്. യുക്തിചിന്ത എന്ന മധുരിക്കുന്ന വിഷത്തിന്‍റെ ഉയര്‍ന്ന ഡോസുകള്‍ തേടി പുസ്തകക്കെട്ടുകളില്‍ ഞാന്‍ പരതിനടക്കുന്ന ഏതൊ ഒരു സമയത്ത് കാപ്പന്‍ അച്ചന്‍റെ പുസ്തകത്തില്‍ എന്‍റെ കണ്ണുകളുടക്കി.

 

വിമോനചദൈവശാസ്ത്രത്തിന്‍റെ ശക്തനായ വക്താവായി അറിയപ്പെട്ട ജസ്യുട്ട് പുരോഹിതനായിരുന്നു അദ്ദേഹം. അതിനാല്‍, സഭാഗ്രന്ഥശാലയ്ക്ക് വെളിയില്‍ എവിടെയോ വച്ചായിരുന്നു ഫാദര്‍ കാപ്പന്‍റെ ഗ്രന്ഥവുമായി സന്ധിച്ചത്.

 

ദൈവവചനത്തേക്കാള്‍ തത്വശാസ്ത്രത്തിന്‍റെ ലഹരിപിടിച്ചവരായിരുന്നു എന്‍റെ സുഹൃത്തുക്കളായ യുവവൈദികര്‍ പലരും. അവരുമായുള്ള സമ്പര്‍ക്കത്തില്‍നിന്ന് തത്വശാസ്ത്രവും യുക്തിചിന്തയും ഒരേ തോണിയിലെ സഞ്ചാരികളാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. യുക്തിവാദം ലഹരിയായി എന്നില്‍ പടര്‍ന്നുകൊണ്‍ടിരുന്ന അക്കാലത്ത്, കുമ്പസാരം ആവശ്യമില്ലാത്ത പാപമാണ് യുക്തിചിന്തയെന്ന് യുവവൈദികരോടൊത്തുള്ള സമ്പര്‍ക്കത്തില്‍ നിന്ന് എനിക്ക് ബോധ്യപ്പെട്ടു. യുക്തിവാദം ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും കത്തോലിക്കനായി തുടരുന്നതില്‍ വലിയ കുഴപ്പമില്ല എന്ന തിരിച്ചറിവ് ഏറെ ആശ്വാസം നല്‍കി. എന്നിലെ യുക്തിവിചാരങ്ങള്‍ക്ക് അക്കാലത്ത് വീര്യം പകര്‍ന്നത് കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ പലരുടെയും കൃതികളായിരുന്നു. ദൈവശാസ്ത്ര പഠനത്തിനായി യൂറോപ്പിലേക്ക് വണ്‍ടി കയറിയ പല കത്തോലിക്കാ ചിന്തകരും ചെന്നു പതിച്ചത് യൂറോപ്യന്‍ തത്വചിന്തയുടെ ചതിക്കുഴികളിലായിരുന്നു. പുരോഹിതന്മാരും ബിഷപ്പുമാരും വരെ ഈ ചതിക്കുഴികളില്‍ വീണിരുന്നു. കത്തോലിക്കാ മതചിന്തയുടെ മറുപുറത്ത് കാണപ്പെടുന്നത് സാര്‍ത്രെയുടെ അസ്തിത്വചിന്തയുടെ രോദനമാണെന്ന് ആര്‍ക്കാണ് ഇന്ന് അറിഞ്ഞുകൂടാത്തത്? ഉണ്മയും ഇല്ലായ്മയും (Being and nothingness) തമ്മിലുള്ള സംഘട്ടനത്തില്‍ ഇല്ലായ്മയുടെ പക്ഷത്ത് നിലയുറപ്പിക്കുന്ന സാര്‍ത്രെയുടെ ചിന്തകള്‍ക്ക് മാമോദീസ നല്‍കിയാണ് യുവവൈദികാര്‍ത്ഥികള്‍ പലരും സെമിനാരിപഠനം ആരംഭിക്കുന്നതു തന്നെ. സമയംകൊല്ലികളായ ഇത്തരം കൃതികളില്‍ മുഴുകിയിരുന്ന എനിക്ക് കാപ്പന്‍ അച്ചന്‍റെ ചിന്താപ്രവാഹം പുതിയൊരു ലോകത്തേക്കുള്ള വഴികാട്ടിയായി മാറുകയായിരുന്നു.

 

ചിന്തകളുടെ കൊടുങ്കാറ്റുകളെ അക്ഷരക്കോട്ടയില്‍ തളച്ചിട്ട പ്രതിഭാധനനായിരുന്നു കാപ്പനച്ചന്‍. അസ്തിത്വവാദത്തിന്‍റെ വരള്‍ച്ചയല്ല, കമ്യൂണിസത്തിന്‍റെ അപ്രായോഗികതയുടെ പുറംപോക്കുകളില്‍ തഴച്ചുവളര്‍ന്ന വരണ്ട ദര്‍ശനങ്ങളായിരുന്നു കാപ്പനച്ചനില്‍ പ്രതിഭലിച്ചിരുന്നത്. എങ്കിലും ക്രിസ്തുശിഷ്വത്വം തേടിയലഞ്ഞ ഒരു മനസ് കാപ്പനച്ചനില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാമായിരുന്നു. ക്രിസ്തുശിഷ്യത്വം ഇന്നും സാധ്യമാണെന്ന ചിന്ത നല്‍കിയത് ഈ കമ്യൂണിസ്റ്റ് സഹയാത്രികനായ വൈദികനായിരുന്നു. “സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചവരെപ്പോലും ഉള്‍പ്പെടുത്തിക്കൊണ്‍ട് യേശു നടത്തിയ തിരുവത്താഴങ്ങളായിരിക്കണം നമ്മുടെ മാതൃകയെന്നും ഏതു ചൈതന്യമാണോ യേശുവിനെ ആദ്യം മരുഭൂമിയിലേക്കും പിന്നെ ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഒടുക്കം കുരിശിലേക്കും നയിച്ചത്, അതേ ചൈതന്യം തങ്ങള്‍ക്കും പകര്‍ന്നുകിട്ടാന്‍ ശിഷ്യര്‍ ചെയ്യേണ്‍ടതിതാണ്- സാമാന്യജനതയുടെ ജീവിതസരിത്തില്‍ ജ്ഞാനസ്നാനം ചെയ്യുക, അവുടെ ഭാഗധേയത്തോടു സാത്മീഭവിക്കുക” (പ്രവചനം പ്രതിസംസ്കൃതി, അധ്യായം ആറ്, പ്രവചനത്തില്‍നിന്ന് പ്രതിസംസ്കൃതയിലേക്ക്, പേജ് 97,98) എന്നിങ്ങനെ ഈ കാലഘട്ടത്തില്‍ നമ്മെ നയിക്കേണ്‍ട പല ചിന്തകളും ഈ കത്തോലിക്കാ പുരോഹിതനില്‍നിന്ന് അന്നേ കേള്‍ക്കാന്‍ കഴിഞ്ഞു.

 

ചിന്തകളുടെ പുറംപോക്കകളില്‍ ഏറെക്കാലം നിലയുറപ്പിച്ചതിനാലായിരിക്കണം, “ഗലീലാപ്രവാചകന്‍چ പ്രസംഗിച്ച സുവിശേഷത്തിന്‍റെ ആത്മാവിലേക്ക് കടന്നുവരാതെ സ്റ്റോയിസവും നിയോപ്ലേറ്റോണിസവും നല്‍കിയ ഈശ്വരവിജ്ഞാനീയത്തിലും ആധ്യാത്മികതയിലും തുടര്‍ന്ന് വിമോചനദൈവശാസ്ത്രത്തിന്‍റെ തടവറയിലും അദ്ദേഹം കാലം കഴിച്ചത്. ക്രൈസ്തവികതയില്‍നിന്ന് വഴിമാറി, തത്വശാസ്ത്രത്തിന്‍റെ ചതുപ്പില്‍ ആഴ്ന്നു പോകുമ്പോഴും “ക്രിസ്തീയതയുടെ പ്രഭവസ്ഥാനമായ ഗലീലാ പ്രവാചകനിലേക്ക് മടങ്ങിപ്പോയേ തീരൂ” (പ്രവചനം പ്രതിസംസ്കൃതി -പേജ് 101) എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞുകൊണ്‍ടിരുന്നു. ഈശോസഭാ വൈദികനെന്ന (Jesuit Priest) സ്വതന്ത്ര്യവിഹായുസില്‍ പറന്ന ഈ പുരോഹിതന് സഭയില്‍ കൊടുങ്കാറ്റുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ചിന്തകന്മാരുടെ മസ്തിഷ്കങ്ങളില്‍ അസ്വസ്ഥമാക്കുന്ന കുറേ ചോദ്യങ്ങളുയര്‍ത്തിയാണ് ഫാദര്‍ കാപ്പന്‍ വിടവാങ്ങിയത്.

 

ഇപ്പോള്‍ ഞാന്‍ എന്തുകൊണ്‍ടാണ് ഫാദര്‍ കാപ്പനെയും അദ്ദേഹത്തിന്‍റെ കൃതികളെയും സ്മരിച്ചത്? ഇന്നത്തെ ക്രൈസ്തവലോകത്തിന്‍റെ ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചപ്പോള്‍ പെട്ടെന്ന് എനിക്ക് കാപ്പനച്ചനെ ഓര്‍മ്മ വന്നു എന്നേയുള്ളൂ. സത്യാന്വേഷിയായി അലഞ്ഞ ഒരു കാലത്ത് എനിക്ക് വീര്യം പകര്‍ന്ന ഒരു ചിന്ത ഉയര്‍ത്താന്‍ കാപ്പനച്ചന് കഴിഞ്ഞു. ആ ചിന്ത ഇതായിരുന്നു -കത്തോലിക്കാ സഭ ഉയര്‍ത്തിക്കാണിക്കുന്ന യേശുക്രിസ്തുവിനെ ബൈബിളിലോ ബൈബിള്‍ ഉയര്‍ത്തിക്കാണിക്കുന്ന ക്രിസ്തുവിനെ കത്തോലിക്കാ സഭയിലോ നിങ്ങള്‍ക്ക് കണ്‍ടെത്താനാകില്ല എന്ന ചിന്ത.

 

എന്‍റെ ജീവിതം ഒരു വലിയ പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ ڇനീ ബൈബിള്‍ വായിക്കുക, അതില്‍ സത്യമുണ്‍ട് ആശ്വാസം ലഭിക്കുംچچ എന്ന് എന്നോടു പറഞ്ഞത് ഒരു മുസ്ലിം സുഹൃത്തായിരുന്നു. അന്നുമുതല്‍ എന്‍റെ ബൈബിള്‍ വായന പുതിയൊരു തലത്തിലേക്ക് പ്രവേശിച്ചു. ഈ ഘട്ടത്തിലാണ് കാപ്പനച്ചന്‍റെ ചിന്തകള്‍ വീണ്‍ടും എന്നില്‍ കടന്നുവരുന്നത്. ബൈബിളിലെ ക്രിസ്തുവും കത്തോലിക്കാ സഭയിലെ ക്രിസ്തുവും രണ്‍ട് വ്യക്തിത്വങ്ങളായി വഴിപിരിയുന്നത് അന്നുമുതല്‍ ഞാന്‍ കണ്‍ടു. പിന്നീട് ബൈബിളിലെ ക്രിസ്തുവിലേക്കുള്ള തീര്‍ത്ഥയാത്രയായി എന്‍റെ ജീവിതം മാറുന്നതും ഞാനറിഞ്ഞു. ഇന്നും ബൈബിളിലെ ക്രിസ്തു എനിക്ക് ത്രസിപ്പിക്കുന്ന പ്രത്യാശയാണ്. കാപ്പനച്ചന്‍ തന്ന കൈത്തിരി എല്ലാ ആത്മീയ മേഖലയിലും എനിക്ക് ക്രിസ്തുവിലേക്കുള്ള മാര്‍ഗ്ഗം വ്യക്തമാക്കുന്നു. വിവിധ സഭകളും പ്രസംഗകരും ചിന്തകന്മാരും തങ്ങളുടെ ക്രിസ്തുദര്‍ശനം പങ്കുവയ്ക്കുമ്പോള്‍ അന്തരാത്മാവില്‍ ഒരു ചോദ്യം ഉയരുന്നു – ബൈബിളിലെ ക്രിസ്തുവും ഇവിടെ കേള്‍ക്കുന്ന ക്രിസ്തുവും ഒന്നാണോ എന്ന ചിന്ത. കറുപ്പും വെളുപ്പും വേര്‍തിരിച്ച് മനസ്സിലാക്കാന്‍ എനിക്ക് ഇന്നും ഒരു സൂത്രവാക്യമാണ് കാപ്പനച്ചന്‍ നല്‍കിയ ഈ സവിശേഷചിന്ത.

 

അധികാരത്തിനു വേണ്‍ടി വീണ്‍ടും ജനനം പ്രാപിച്ച ക്രൈസ്തവര്‍ മത്സരിക്കുമ്പോള്‍, വിശ്വാസസമൂഹത്തെ ഗിന്നിപ്പന്നികളായി കണ്‍ടുകൊണ്‍ട് തിയോളജിയുടെ പുത്തന്‍ പ്രവണതകള്‍ പരീക്ഷിക്കുന്ന പരീക്ഷകന്മാരുടെ മധ്യേ, ക്രിസ്തുസൂക്തങ്ങളെ പണച്ചരക്കും നേട്ടങ്ങളുടെ ഉത്പന്നവുമാക്കി മാറ്റുന്ന ആത്മീയ കച്ചവടക്കാരുടെ മുമ്പാകെ, പഴയ റോമാസാമ്രാജ്യത്തിലെ ജനറല്‍മാരെപ്പോലെ സഭകളുടെ പേരില്‍ ഇടയന്മാര്‍ പരസ്പരം കൊമ്പുകോര്‍ക്കുമ്പോള്‍, പ്രശസ്തിക്കുവേണ്‍ടി സ്വയംപൊക്കികളായി യുവസുവിശേഷകരും പ്രഭാഷകരും മത്സരിക്കുമ്പോള്‍, പണത്തിന്‍റെ ആര്‍ത്തിപൂണ്ടവര്‍ സുവിശേഷകരായി വേഷംമാറി പണക്കൊയ്ത്ത് നടത്തുമ്പോള്‍, വാര്‍ദ്ധക്യത്തിലെത്തിയതോടെ അധികാരപ്രമത്തതയുടെ ആള്‍രൂപങ്ങളായി പരിണാമം സംഭവിച്ച പഴയ സുവിശേഷ പോരാളികളെ കണ്‍ടുമുട്ടുമ്പോള്‍ ….. (പ്രിയ വായനക്കാരാ നിങ്ങളും ഇവിടെ കുറേ പൂരിപ്പിച്ചുകൊള്ളുക) കാപ്പനച്ചന്‍റെ ശബ്ദം മുഴങ്ങുന്നു. ബൈബിളിലെ ക്രിസ്തുവാണോ ഇവരെയെല്ലാം നയിക്കുന്നത്? ഇന്നത്തെ പെന്‍റക്കൊസ്റ്റ്, കരിസ്മാറ്റിക് സഭകളില്‍ ബൈബിളിലെ ക്രിസ്തുവാണോ ഉള്ളത്? ഫാദര്‍ സെബാസ്റ്റ്യന്‍ കാപ്പന്‍റെ ചിന്തകള്‍ക്ക് ഗാംഭീര്യമേറുന്നത് ഇവിടെ ഞാന്‍ കാണുന്നു, ബൈബിളിലെ ക്രിസ്തുവിലെക്ക് ഇനിയെത്രദൂരം?

 

Mathew Chempukandathil

Add comment

Most discussed