GM News Online

പ്രകാശംപരത്തുന്നവര്‍

മാത്യൂ ചെമ്പുകണ്ടത്തില്‍

യേശുക്രിസ്തുവിന്‍റെ മടങ്ങിവരവിലല്ലാതെ പരിഹരിക്കപ്പെടാന്‍ കഴിയാത്തവിധം ലോകം അസമാധാനത്തിലേക്കും അരാജകത്വത്തിലേക്കും ദിനംതോറും കുതിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമിക തീവ്രവാദവും ലോകരാജ്യങ്ങളുടെ ആയുധമത്സരവുംകൊണ്ട് എന്തും സംഭവിക്കാവുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. അക്രമങ്ങളും നിഷ്ഠൂരമായ കൊലപാതകസംഭവങ്ങളും സ്വവര്‍ഗ്ഗരതിയുടെ വ്യാപനവും സമൂഹത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. നോഹയുടെ കാലത്തിന് തുല്യമായ സാമൂഹികാവസ്ഥയിലേക്ക് ലോകത്തിലെ എല്ലാ രാജ്യങ്ങളും എത്തിയിരിക്കുന്നു. ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന ഒരിടംപോലും ലോകത്തില്‍ ഇന്നില്ല. ഇതിനിടയിലും, ലോകത്തില്‍ ശാശ്വതമായ സമാധാനവും നീതിയോടെ ഭരണം നടത്തുന്നതുമായ ഒരു രാഷ്ട്രീയ ഭരണാധാകാരി ഉണ്ടാകുമെന്നും മനുഷ്യനിര്‍മിത നീതിന്യായ വ്യവസ്ഥകളിലൂടെയും രാഷ്ട്രീയമാര്‍ഗ്ഗങ്ങളിലൂടെയും സാമൂഹികവ്യവസ്ഥിതികളുടെ പുനഃര്‍നിര്‍മാണത്തിലൂടെയും സമാധാനവും നീതിയും ന്യായവും കൈവരിക്കാം എന്നുമൊക്കെ ജനകോടികള്‍ മനക്കോട്ടകെട്ടുന്നു. സമാധാന സംസ്ഥാപനം ഒരു രാഷ്ട്രത്തലവനിലൂടെ സാധ്യമാകും എന്ന ചിന്തയാണ് ഇക്കാലത്തെ ഏറ്റം അപ്രായോഗികമായ കാര്യം.

കാലാന്തരത്തില്‍ വരുവാന്‍ പോകുന്ന, ശാശ്വതസമാധാനത്തിന്‍റെയും നീതിയുടെയും അഭിഷിക്തപ്രഭുവിന്‍റെ ജനനത്തെയും ഭരണത്തെയും ദര്‍ശിച്ച ഏശയ്യാ ദീര്‍ഘദര്‍ശിയുടെ വാക്കുകള്‍ ഇവിടെ ചിന്തനീയമാണ്. സമാധാനപ്രഭുവായി പ്രവാചകന്‍ ദര്‍ശിച്ച യേശുമശിഹായുടെ ഭരണത്തെക്കുറിച്ച് വിവരിച്ചിരിക്കുന്നത് നോക്കുക: “അവന്‍റെ ആധിപത്യത്തിന്‍റെ വര്‍ധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാവുകയില്ല. ദാവീദിന്‍റെ സിംഹാസനത്തിലും അവന്‍റെ രാജത്വത്തിലും ഇന്നുമുതല്‍ എന്നേക്കും അവന്‍ അതിനെ ന്യായത്തോടും നീതയോടും കൂടെ സ്ഥാപിച്ച് നിലനിര്‍ത്തും” (ഏശയ്യ 9:7). യേശുക്രിസ്തുവില്‍ നിറവേറുവാനായി അവശേഷിച്ച ഈ പ്രവചനമാണ് ഇന്ന് ലോകത്തിന് ഏക ആശ്വാസം. സമാധാനപ്രഭുവായ യേശുക്രിസ്തു ഈ ഭൂമിയില്‍ ആക്ഷരികമായ ദൈവരാജ്യം സ്ഥാപിക്കാന്‍ പോകുന്നു എന്നതായിരുന്നു പുതിയനിയമത്തിലൂടെ സ്നാപകയോഹന്നാനും, അതിനുശേഷം യേശുക്രിസ്തുവും തുടര്‍ന്ന് അപ്പൊസ്തൊലന്മാരും വിളിച്ചുപറഞ്ഞ ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത(Goodnews of the Kingdom). ദൈവരാജ്യത്തിന്‍റെ ആക്ഷരികനിറവേറലിലൂടെ മാത്രമേ ലോകത്തിന് ഏല്ലാമേഖലയിലും സമുദ്ധാരണം സാധ്യമാകൂ. യേശുക്രിസ്തുവിന്‍റെ മഹത്വപ്രത്യക്ഷതയാണ് ഈ ആധുനികലോകത്തില്‍ സംഭവിക്കാന്‍പോകുന്ന അടുത്ത അതിമഹത്തായ സംഭവം. അതിനു ദൃക്സാക്ഷിയാവുക എന്നതാണ് വീണ്ടുംജനനം പ്രാപിച്ച ഓരോ ദൈവപൈതലിന്‍റെയും അഭിവാഞ്ജ.

മഹത്വപ്രത്യക്ഷതയില്‍ അല്ലാതെ, യേശു രണ്ടാമതും ഭൂമിയിലേക്കു കടന്നുവരുമ്പോള്‍ അതിനോട് ക്രൈസ്തവമതം പ്രതികരിച്ച ശ്രദ്ധേയമായ ഒരു സംഭവം “കാരമസോവ സഹോദരന്മാര്‍” (Brothers Karamazov) എന്ന നോവലില്‍ ദോസ്തോവസ്കി എന്ന റഷ്യന്‍ സാഹിത്യകാരന്‍ വിവരിക്കന്നുണ്ട്. ഏഡി 1232ല്‍ പോപ്പ് ഗ്രിഗറി ഒമ്പതാമന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച മതകോടതിയും മതവിചാരണയും (ഇന്‍ക്വിസിഷന്‍ inquisition) ക്രിസ്റ്റ്യന്‍ യൂറോപ്പില്‍ നിലവിലുണ്ടായിരുന്നു. മതവിരോധികളെയും ദുരുപദേശക്കാരെയും വിചാരണചെയ്ത് കൊന്നുകളയുവാനും തടവിലിടുവാനും ഈ കോടതിക്ക് അധികാരവുമുണ്ടായിരുന്നു. സ്വന്തമായി ഒരു ബൈബിള്‍ കൈയിലുള്ളവര്‍ പോലും മതവിചാരണ നേരിടേണ്ടി വന്നിരുന്നു. മതവിചാരണയില്‍ അനേകായിരം പോരെ യൂറോപ്പില്‍ കൊന്നുതള്ളി. മതകോടതികള്‍ ഫ്രാന്‍സിലെ ഒരു ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളെ ഒന്നടങ്കം കൊന്നുകളഞ്ഞ സംഭവവുമുണ്ട്.

ഇന്‍ക്വിസിഷന്‍റെ ഈ പശ്ചാത്തലത്തില്‍ യേശു ഒരിക്കല്‍കൂടി (മഹത്വപ്രത്യക്ഷതയ്ക്കു മുമ്പ്) യൂറോപ്പിലെ ഈ പ്രത്യേക സാഹചര്യത്തില്‍ വരുന്ന ഒരു സംഭവം ഇപ്രകാരമാണ് കാരമസോവ സഹോദരന്മാരില്‍ വിവരിച്ചിരിക്കുന്നത്. ഇന്‍ക്വിസിഷന്‍റെ തീവ്രതയിലൂടെ യൂറോപ്പ് കടന്നുപോകുമ്പോള്‍ യേശു വന്നിരിക്കുന്നു എന്ന വാര്‍ത്ത പരന്നു. കാട്ടുതീപോലെ വാര്‍ത്ത എല്ലായിടത്തും പ്രചരിച്ചു. മതവിചാരണയ്ക്ക് നേതൃത്വം നല്‍കുന്ന കര്‍ദിനാള്‍ (the Grand Inquisitor) ഇതറിഞ്ഞ് യേശു രോഗികളെ സൗഖ്യമാക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തെരുവില്‍ ഉടന്‍ ചെന്ന്, തന്‍റെ കൂടെ വന്ന പോലീസിനോട് യേശുവിനെ അറസ്റ്റുചെയ്തു ജയിലിടയ്ക്കാന്‍ കല്‍പപ്പിച്ചു. പോലീസ് യേശുവിനെ അറസ്റ്റ്ചെയ്ത് ജയിലിലടച്ചു. അന്ന് രാത്രി ഈ കര്‍ദിനാള്‍ ജയിലില്‍ ചെന്ന് യേശുവിനെ കണ്ട് ചോദിക്കുന്നു څڅനീ എന്തിന് ഇപ്പോള്‍ ഇവിടെ വന്നു? സഭയുടെ ഇപ്പോഴുള്ള പ്രവര്‍ത്തനങ്ങളെ തടയുവാനാണോ നീ വന്നിരിക്കുന്നത്? നിന്‍റെ അസാന്നിധ്യത്തില്‍ ഞങ്ങള്‍ ഭംഗിയായി കാര്യങ്ങള്‍ ചെയ്യുകയായിരുന്നു. സാത്താന്‍റെ പരീക്ഷണത്തില്‍ നീയൊരു പരാജയമായിരുന്നു, സാത്താന്‍റെ മുമ്പില്‍ (യേശു) നിഷേധിച്ചതെല്ലാം തങ്ങള്‍ തിരിച്ചെടുത്ത് ഇന്ന് ജനങ്ങളുടെ നന്മയ്ക്കായി അവയെല്ലാം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് തടസംനില്‍ക്കാന്‍ ഞങ്ങള്‍ നിന്നെ അനുവദിക്കില്ല..چچയേശു ഇതെല്ലാം നിശ്ശബ്ദമായി കേട്ടു.

മതരൂപം പ്രാപിച്ച ക്രൈസ്തവികതയില്‍ ഇന്നും വാസ്തവത്തില്‍ സംഭവിക്കുന്നത് ഇതുതന്നെയാണ്. പ്രസ്ഥാനങ്ങളും രാഷ്ട്രീയബന്ധങ്ങളും സമൂഹത്തിലെ രാഷ്ട്രീയനേട്ടങ്ങളും കണ്ടുകൊണ്ടുള്ള ക്രൈസ്തവികതയുടെ ഏക്കാലത്തെയും പ്രതിനിധിയാണ് മതവിചാരകനായ കര്‍ദിനാള്‍ (the Grand Inquisitor). യേശുവിന്‍റെ മടങ്ങിവരവിലൂടെ തങ്ങള്‍ക്ക് നഷ്ടമാകുന്നതിനെയാണ് ക്രൈസ്തവമതം അന്നും ഇന്നും എന്നും ഭയപ്പെടുന്നത്. അതിനാല്‍ യേശു രണ്ടാമതും വരും എന്നത് പ്രചരിപ്പിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ല. സഭയ്ക്ക് എല്ലാം കഴിയും എന്നാണ് കത്തോലിക്കാസഭയും മറ്റ് അനേകം ക്രൈസ്തവസഭകളും വിശ്വസിക്കുന്നത്. സഭയുടെ പ്രവര്‍ത്തനങ്ങളിലൂടെയും രാഷ്ട്രീയത്തിലുള്ള സഭയുടെ ഇടപെടലുകളിലൂടെയും ലോകത്തില്‍ സമാധാനം സ്ഥാപിക്കാനും നീതിയും സത്യവും പുരോഗതിയും കൈവരിക്കാനും കഴിയും എന്ന് ക്രൈസ്തവമതം ധരിച്ചിരിക്കുന്നു. മതാധിഷ്ഠിതമായി ഇപ്രകാരം ചിന്തിക്കുന്നവരുടെ എണ്ണം ഇന്ന് പെന്‍റക്കൊസ്റ്റ് സമൂഹത്തിലും വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

അധികാരവും പണവും സ്ഥാനമാനങ്ങളും പ്രസ്ഥാനങ്ങളുംകൊണ്ട് കനപ്പെട്ടിരിക്കുന്നവര്‍ ഗ്രാന്‍ഡ് ഇന്‍ക്വിസിറ്ററെപ്പോലെ യേശുവിനെയും ചോദ്യംചെയ്യാന്‍ മടിക്കില്ല.

പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ട പെന്‍റക്കൊസ്റ്റ് സഭകളെ കണ്ട് ശീലിച്ച ഒരു തലമുറയാണ് ഇന്നുള്ളത്. യേശുവിന്‍റെ മടങ്ങിവരവ് എന്നത് അപ്പച്ചന്മാരുടെ കാലത്തെ ഒരു ഉട്ടോപ്യന്‍ ചിന്തയായി കാണുന്നവരുടെ കൈകളിലാണ് ഇന്ന് സഭകള്‍ പലതും. കേട്ടുശീലിച്ച ഒരു ഉപദേശമായി (doctorine) യേശുവിന്‍റെ രണ്ടാംവരവിനെ മനസ്സിലാക്കിയിട്ടുള്ള സഭാനേതൃത്വങ്ങളാണ് ഇന്നുള്ളത്. വാസ്തവത്തില്‍ ഇതൊരു ഉപദേശമായിട്ടല്ല, ഇതൊരു ജീവിതശൈലിയായിട്ടാണ് ദൈവവചനം പഠിപ്പിക്കുന്നത്. “അന്യോന്യം സ്നേഹിക്കുന്നതല്ലാതെ ആരോടും ഒന്നും കടപ്പെട്ടിരിക്കാതെയുള്ള ജീവിതം” (റോമ 13:8)! ബുദ്ധിയുള്ള കന്യകമാരെപ്പോലെ എപ്പോഴും എണ്ണ കരുതിയുള്ള ജീവിതം. മധ്യാകാശത്തിലെ കാഹളധ്വനിക്ക് കാതോര്‍ത്തുള്ള അത്യാകാക്ഷാനിര്‍ഭരമായ ജീവിതം!

“തന്നെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കായി” യേശു രണ്ടാമതു വരും (to those who eagerly await Him) എന്നാണ് ഹെബ്രായര്‍ 9:28ല്‍ വായിക്കുന്നത്. യേശുവിന്‍റെ മടങ്ങിവരവിലുള്ള പ്രത്യാശാനിര്‍ഭരമായ ജീവിതക്രമമാണ് പെന്‍റക്കൊസ്റ്റലിസത്തിന്‍റെ ആത്യന്തികസത്ത. ഇതൊരു ജീവിതമാകുമ്പോള്‍ അത് ജീവിതത്തിന്‍റെ നാനാമേഖലകളെയും സ്വാധീനിക്കും. ഉറങ്ങുന്നതും ഉണര്‍ന്നിരിക്കുന്നതും ക്രിസ്തുവിലുള്ള സമ്പൂര്‍ണ്ണരക്ഷ (1 തെസ 5:10) പ്രാപിക്കുവനായുള്ള പരിശീലനത്തിന്‍റെ ഭാഗമാണെന്ന പ്രഖ്യാപനമാണ് ഈ ജീവിതശൈലി വിളിച്ചുപറയുന്നത്. പാതിരാവിന്‍റെ മണവാളനെ കാത്തിരിക്കുന്നവരുടെ ജീവിതം കേവലം ഉപദേശങ്ങളുടെയും ദൈവശാസ്ത്രചിന്തകളുടെയും പരീക്ഷണശാലയാകുമ്പോഴാണ് പെന്‍റക്കൊസ്റ്റലിസം മറ്റൊരു മതമായി അധഃപതിക്കുന്നത്. ദൈവസഭകള്‍ക്കും വിശ്വാസികള്‍ക്കും സംഭവിച്ച ആത്മീയ അപചയത്തിന്‍റെ കാരണവും ക്രിസ്തുവിന്‍റെ മഹത്വപ്രത്യക്ഷതയുടെ ദര്‍ശനം നഷ്ടപ്പെട്ടതുമാത്രമാണ്.

“എന്‍െറ പ്രിയനേ, വേഗം വരുക. സുഗന്ധദ്രവ്യങ്ങളുടെ മലകളില്‍കലമാന്‍കുട്ടിയെപ്പോലെയോ ചെറുമാന്‍പേടയെപ്പോലെയോ വേഗം വരുക (ഉത്തമഗീതം 8:14)” പ്രണയാതുരമായ മനസ്സോടെ യേശുവിനായി ആഗ്രഹിക്കുന്നവരുടെ കൂട്ടമാണ് ദൈവസഭ. സഭയുടെ പ്രണയസംഗീതമാണ് ശലോമോന്‍ ശൂലേംകാരിയിലൂടെ വെളിപപ്പെടത്തിയത്. എന്നാല്‍ പുത്തന്‍ ഗ്രാന്‍ഡ് ഇന്‍ക്വിസിറ്ററുടെ (മതമേലാളന്മാരുടെ) ഇടപെടലുകളും സ്വാധീനശക്തിയും ദൈവസഭകളില്‍ ശക്തമായതോടെ യേശുവിന്‍റെ വരവിനായുള്ള പ്രത്യാശയും ആകാംക്ഷയും നഷ്ടപ്പെട്ട സഭക്ക്, ഇന്ന് യേശു വന്നാല്‍ ഉണ്ടാകുന്നത് “നീ ഇപ്പോള്‍ വന്നതില്‍ സന്തോഷമുണ്ട്” എന്നൊരു തണുപ്പന്‍ പ്രതികരണമായിരിക്കും.

യേശുവിന്‍റെ മടങ്ങിവരവില്‍ ലോകത്തില്‍ പല മാറ്റങ്ങളും സംഭവിക്കുമെങ്കിലും ദൈവസഭയില്‍ സംഭവിക്കുന്നതിന്‍റെ ഒരു രത്നച്ചുരുക്കം 1 കൊരിന്ത്യര്‍ 4:5ല്‍ വെളുപ്പെടുത്തിയിട്ടുണ്ട്. څڅആകയാല്‍ കര്‍ത്തവു വരുവോളം സമയത്തിനു മുമ്പേ ഒന്നും വിധിക്കരുത്, അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തുംچچ. സഭയിലെ ഇരുട്ടിനെയും വെളിച്ചത്തെയും വേര്‍തിരിക്കുന്നതായിരിക്കും യേശുവിന്‍റെ വരവില്‍ ആദ്യം സംഭവിക്കുന്നത്. സൃഷ്ടിയുടെ ആരംഭത്തിലും ഇരുളിനെയും വെളിച്ചത്തെയും വേര്‍തിരിക്കുന്ന പ്രക്രിയയായിരുന്നു ദൈവം ആദ്യം നിര്‍വ്വഹിച്ചത്. ഇതുതന്നെയായിരിക്കും ദൈവസഭയിലും സംഭവിക്കുന്നത്. ദൈവസഭയില്‍ ഇരുളിന്‍റെ ആധിപത്യത്തിലും അന്ധതമസ്സിന്‍റെ സുഖസുഷുപ്തിയിലും ആണ്ടിരിക്കുന്നവരെ, തന്‍റെ വരവിനുവേണ്ടി ആകാംക്ഷാപൂര്‍വ്വം കാത്തിരുന്നവരില്‍നിന്ന് വേര്‍തിരിക്കുന്ന പ്രക്രിയയാണ് യേശുവിന്‍റെ മടങ്ങിവരവില്‍ ആദ്യം സംഭവിക്കുന്നത്.

“ഇരുളിന്‍റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുത്, അവയെ ശാസിക്ക അത്രേ വേണ്ടത്چچ (എഫേ. 5:11) څڅരാത്രി കഴിയാറായി, പകല്‍ അടുത്തിരിക്കുന്നു, അതുകൊണ്ട് നാം ഇരുട്ടിന്‍റെ പ്രവൃത്തികളെ ത്യജിച്ചുകളഞ്ഞ് വെളിച്ചത്തിന്‍റെ ആയുധവര്‍ഗ്ഗം ധരിച്ചുകൊള്ളുക” (റോമ 13:11)

അന്ത്യകാലം നോഹയുടെ കാലംപോലെയാണെന്ന് യേശു പറഞ്ഞതായി മത്തായി 24:37ല്‍ വായിക്കുന്നു. നോഹയുടെ കാലത്തിന്‍റെ പ്രത്യേകതകള്‍ ഉല്‍പ്പത്തി 6-ാം അധ്യായം 1-12 വാക്യങ്ങളിലും കാണാം. നോഹയുടെ കാലത്തിന്‍റെ പ്രത്യേകതകള്‍ മനുഷ്യവര്‍ഗ്ഗത്തില്‍ സാത്താന്‍റെ ഉള്‍പ്രവേശം (ഉല്‍പ്പത്തി 6:1-4), ദോഷകരമായ ഹൃദയവിചാരങ്ങളും ചിന്തകളും പ്രവണതകളും (6:5), അക്രമം (6:11), സ്വവര്‍ഗ്ഗരതിയും ലൈംഗിക അതിക്രമങ്ങളുടെയും അതിപ്രസരം (6:12) എന്നിവയായിരുന്നു. നോഹയുടെ കാലത്തെ സംഭവങ്ങളെ പരിശോധിച്ചാല്‍ വിശ്വാസികളെന്നോ അവിശ്വാസികളെന്നോ വ്യത്യാസമില്ലാതെ ഏവരെയും ബാധിക്കുന്ന ഒന്നാണ് ഹൃദയത്തിലെ ദുഷിച്ച ചിന്തകള്‍ എന്നത്. ചിന്തകളിലെ വിശുദ്ധി അഥവാ ഹൃദയത്തിന്‍റെ വിശുദ്ധിയാണ് ദൈവസന്നിധിയില്‍ നമ്മെ വിശുദ്ധനാക്കുന്നത്. ഇതാണ് ദൈവസന്നിധിയിലെ വിശുദ്ധിയുടെ മാനദണ്ഡം. ഇതാണ് വെളിച്ചം.

ബാഹ്യമായി വെളുപ്പിച്ചെടുക്കാനുള്ള തത്രപ്പാടില്‍ അകം ഇരുണ്ടുപോയവരാണ് യേശുവിന്‍റെ വരവില്‍ പിടിക്കപ്പെടുന്ന ഇരുട്ടിലുള്ളവര്‍. ദൈവസഭയില്‍ ആയിരിക്കുകയും ദുര്‍ചിന്തകളുടെ ഇരുട്ടില്‍ വസിക്കുകയും ചെയ്യുന്നവരെ ജഡത്തിന്‍റെ പ്രവൃത്തികളില്‍ ഉള്‍പ്പെട്ടവര്‍ എന്നാണ് ദൈവവചനം വിവരിച്ചിരിക്കുന്നത്. ജഡത്തിന്‍റെ പ്രവൃത്തികള്‍ څڅവ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു” (ഗലാത്തിയര്‍ 5:19-21).

ജഡത്തിന്‍റെ പ്രവൃത്തികളില്‍ സാമാന്യ വിശ്വാസികളെ ഏറെ കീഴ്പ്പെടുത്തുന്നത് ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത എന്നിവയാണ്. ഇവയില്‍നിന്ന് സ്വതന്ത്രരാകുവാന്‍ ഭയത്തോടും വിറയലോടുംകൂടി ഓരോ വിശ്വാസിയും വ്യക്തിപരമായി ഏറെ പ്രവര്‍ത്തിക്കാനുള്ള കാലമാണിത്. നമ്മുടെ മനസ്സിന്‍റെ നിയന്ത്രണം പരിശുദ്ധാത്മാവിന് പൂര്‍ണ്ണമായും ഏല്‍പ്പിക്കുകയും, പരിശുദ്ധാത്മാവിന്‍റെ സമ്പൂര്‍ണ്ണ ഇടപെടലിലൂടെ മാത്രം വിജയിക്കാന്‍ കഴിയുന്നതുമാണ് ജഡത്തിന്‍റെ പ്രവൃത്തികള്‍. ഇതില്‍ വിജയിക്കുക എന്നത് ഓരോ വിശ്വാസിയുടെയും ആത്യന്തികലക്ഷ്യമായിരിക്കണം. ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത എന്നിവകൊണ്ട് നശിച്ച വിശ്വാസികളും ഇവയാല്‍ തകര്‍ക്കപ്പെട്ട സഭകളും എത്രയോ നമുക്കുചുറ്റും ഉണ്ട്! ഇരുട്ടിന്‍റെ ഈ കോട്ടയില്‍ ഇരുന്നുകൊണ്ട് പ്രകാശത്തില്‍ വസിക്കുന്നവനെ ആരാധിക്കാനോ സേവിക്കാനോ കഴിയില്ല. വെളിച്ചത്തിന് ഇരുളിനോട് എന്തു ബന്ധം? (2 കൊരി 6:14). യേശുവിന്‍റെ ജീവനാണ് നമ്മിലെ വെളിച്ചം (യോഹന്നാന്‍ 1:4,5). ക്രിസ്തുവിലെ ജീവനില്‍നിന്നു കടന്നുവരുന്ന വെളിച്ചത്തെ എത്രഘോരമായ ഇരുളിനുപോലും കീഴ്പ്പെടുത്താന്‍ കഴിയില്ല. ക്രിസ്തുവിന്‍റെ ജീവനില്‍ വസിക്കുന്നവരാണ് ക്രിസ്തുവിനുള്ളവര്‍. നമുക്ക് ഈ ക്രിസ്തുവെളിച്ചത്തില്‍ ജീവിക്കുന്നവരാകാം.

Mathew Chempukandathil

Add comment

Most discussed