GM News Online

ഹോട്ടല്‍ മൊന്താനയിലെ ജനക്കൂട്ടം

പ്രമുഖ സാഹിത്യകാരനായിരുന്ന ഏണസ്റ്റ് ഹെമിംഗ്വേയുടെ ഒരു ചെറുകഥ വളരെ രസകരമാണ്. പിതാവുമായി വഴക്കുകൂടി വീടുവിട്ടു പോയ പാക്കോ എന്ന മകനെ അന്വേഷിക്കുന്ന സ്പാനിഷുകാരനായ പിതാവാണ് കഥയിലെ മുഖ്യകഥാപാത്രം. മകനെ അന്വേഷിച്ച് പിതാവ് ഏറെ അലഞ്ഞു. അവന്‍ സ്പെയിനിലെ പ്രമുഖ പട്ടണമായ മാഡ്രിഡില്‍ ഉണ്‍ടെന്നു മാത്രമേ പിതാവിന് അറിയുകയുള്ളൂ. അവനെ കണ്‍ടുമുട്ടിയാല്‍ എല്ലാം ക്ഷമിച്ച് അവനെ ആലിംഗനം ചെയ്യണം എന്ന് ആഗ്രഹിച്ചാണ് പിതാവ് പാക്കോയെ അന്വേഷിച്ചത്. ഒരിക്കല്‍ ഈ പിതാവിന് ഒരു ബുദ്ധി തോന്നി. മാഡ്രിഡിലുള്ള څഎല്‍ ലിബറല്‍چ എന്ന പ്രാദേശിക പത്രത്തില്‍ ഒരു പരസ്യം കൊടുക്കുക! നല്ല ഐഡിയ, ആ പിതാവ് പത്രപ്രരസ്യം നല്‍കി

 

“മകനേ പാക്കോ, ഹോട്ടല്‍ മൊന്താനയില്‍ ചൊവ്വാഴ്ച ഉച്ചയോടെ വരിക, നമുക്ക് അവിടെ വച്ച് കണ്‍ടുമുട്ടാം, ഞാന്‍ എല്ലാം ക്ഷമിച്ചിരിക്കുന്നു, സ്നേഹത്തോടെ പപ്പാ”

 

വളരെ പ്രതീക്ഷയോടെയാണ് ആ പിതാവ് ചൊവ്വാഴ്ച ഉച്ചയോടെ ഹോട്ടല്‍ മൊന്താനയില്‍ എത്തിയത്. അവിടെ വലിയ ജനക്കൂട്ടം. ഏതാണ്ട് എണ്ണൂറോളം പേര്‍ അവിടെ കൂടിനില്‍ക്കുന്നു. കാര്യമെന്താണെന്ന് തിരക്കിയപ്പോള്‍ ആ പിതാവ് ഞെട്ടിപ്പോയി. അവിടെയുള്ളവരെല്ലാവരുടെയും പേര്‍ പാക്കോ എന്നാണത്രേ. ഒരിക്കല്‍ തങ്ങളുടെ പിതാവുമായി വഴക്കുകൂടി വീടുവിട്ടിറങ്ങിയവരാണ് അവരെല്ലാം. ഈ പത്രപ്പരസ്യം കണ്‍ടപ്പോള്‍ സ്വന്തം പിതാവുമായി രമ്യതയിലാകാന്‍ വന്നിരിക്കുകയാണ് അവരെല്ലാം. ക്ഷമിച്ചു എന്നൊരു വാക്കു കേള്‍ക്കാന്‍ ആശയോടെ കാത്തിരിക്കുന്ന പാക്കമാര്‍!

 

ഒരിക്കല്‍ ഉണ്‍ടായ വാഗ്വാദവും ആശയ സംഘട്ടനവും സൃഷ്ടിച്ച വിഭാഗീയതയും വിദ്വേഷവും ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്ന എത്രയോ പേര്‍ ഈ ഭൂമുഖത്തുണ്ട്! ഹൃദയത്തില്‍ തിങ്ങിനിറഞ്ഞ വിദ്വേഷവുമായി അന്ത്യംവരെയും ജീവിച്ച് മരിച്ചവര്‍ എത്രയോ കോടികളായിരിക്കും. അതോടൊപ്പം, ചെയ്ത തെറ്റിന് ക്ഷമിച്ചു എന്നൊരു വാക്കു കേള്‍ക്കാന്‍ കൊതിച്ചിരിക്കുന്നവരും എത്രയോ ആയിരിക്കും! څമരിച്ചാലും ക്ഷമിക്കില്ലچ എന്നതൊരു നാടന്‍ പഴമൊഴിയാണെങ്കിലും മരണക്കിടക്കയില്‍ വച്ചുപോലും ക്ഷമിക്കാന്‍ തയാറാകാത്തവര്‍ ഉണ്‍ടായിരിക്കുമോ? അധികമാരെയും അറിയില്ല, എന്നാല്‍ ഒരാളെ അറിയാം. ബൈബിളിലെ ദാവീദ് എന്ന വ്യക്തി ക്ഷമിക്കാന്‍ തയാറാകാതെയാണ് മരിച്ചതെന്ന് 1 രാജാക്കന്മാര്‍ 2:8,9,10 വാക്യങ്ങളില്‍ വായിക്കാം.

 

“ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയി എന്നൊരുവന്‍ ഉണ്‍ടല്ലോ, ഞാന്‍ മഹാനയീമിലേക്ക് പോകുന്ന ദിവസം അവന്‍ എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവന്‍ യോര്‍ദ്ദാങ്കല്‍ എന്നെ എതിരേറ്റുവന്നതുകൊണ്‍ട് അവനെ വാള്‍കൊണ്‍ടു കൊല്ലുകയില്ല എന്ന് ഞാന്‍ യഹോവയുടെ നാമത്തില്‍ അവനെടു സത്യം ചെയ്തു. എന്നാല്‍ നീ അവനെ ശിക്ഷിക്കാതെ വിടരുത്. നീ ബുദ്ധിമാനല്ലോ, അവനോട് എന്തു ചെയ്യണമെന്നു നീ അറിയും. അവന്‍റെ നരയെ രക്തത്തോടെ പാതാളത്തിലേക്ക് അയയ്ക്കുക. പിന്നെ ദാവീദ് തന്‍റെ പിതാക്കന്മാരേപ്പോലെ നിദ്രപ്രാപിച്ചു” ( രാജാക്കന്മാര്‍ 2:8,9,10).

 

ദാവീദിന്‍റെ അപദാനങ്ങള്‍ എല്ലാ ആഴ്ചയിലും പ്രസംഗിക്കുന്നവരുണ്‍ട്. യേശുവിനെക്കുറിച്ച് കേട്ടില്ലെങ്കിലും ദാവീദിനെക്കുറിച്ച് ഒരു പ്രസംഗമെങ്കിലും കേട്ടില്ലെങ്കില്‍ ഉറക്കം വരാത്തവരുമുണ്ട്. ഇത്തരക്കാരുടെ ഹൃദയങ്ങള്‍ പകയുടെയും വിദ്വേഷത്തിന്‍റെയും പ്രതികാരചിന്തയുടെയും വിളനിലങ്ങളാണ്. ദാവീദാണല്ലോ മാതൃക. എതിരാളികള്‍ അന്യമതസ്ഥരോ ഇതര ക്രൈസ്തവസഭാംഗങ്ങളോ അല്ല. തൊട്ടടുത്ത സഭയിലെ പാസ്റ്ററും വിശ്വാസികളുമാണ് ശത്രുക്കള്‍. നരകത്തില്‍ പോയാലും വേണ്‍ടില്ല, ഇവിടെ ക്ഷമിക്കാന്‍ കഴിയില്ല എന്ന വാശിയിലാണവര്‍.

 

ഗെതസമെന മുതല്‍ കാല്‍വരി കുരിശുവരെ മണിക്കൂറുകളോളം ഉപദ്രവിച്ച്, ഒടുവില്‍ കൈയിലും കാലിലും ആണിയടിച്ച് കുരിശില്‍ ഉയര്‍ത്തി നിര്‍ത്തിയ യഹൂദ -റോമന്‍ ജനതയോടെ ക്ഷമിച്ച യേശുക്രിസ്തുവിനെ പ്രസംഗിക്കുകയും ക്രിസ്തുവിന്‍റെ ഉപദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ക്ഷമിക്കാന്‍ കഴിയാതെ പോകുന്നതാണ് ഇന്നത്തെ ക്രൈസ്തവസഭകള്‍ നേരിടുന്ന കടുത്ത ആത്മീയ വെല്ലുവിളി. ക്ഷമിക്കാത്തവരുടെ പ്രാര്‍ത്ഥനയുടെ ശബ്ദമാണ് പല കൂട്ടായ്മകളില്‍നിന്നും സഭകളില്‍നിന്നും ഉയരുന്നത്. യേശുക്രിസ്തുവിനെക്കാള്‍ അധികമായി ഇന്ന് ദാവീദാണ് പ്രസംഗിക്കപ്പെടുന്നത്. ഇത്തരക്കാരുടെ ജീവിതത്തില്‍ ക്ഷമിക്കാന്‍ കഴിയാത്ത കുറേ കാര്യങ്ങളുണ്ട് എന്നത് തീര്‍ച്ച.

 

പ്രമുഖ ക്രൈസ്തവ ചിന്തകനായിരുന്ന സി.എസ്. ലൂയീസ് പറഞ്ഞത്  “ക്ഷമിക്കാന്‍ കഴിയാത്തതെന്ന് കരുതുന്നവയെല്ലാം ക്ഷമിക്കാന്‍ തയാറാകേണ്‍ടവര്‍ എന്നാണ് ക്രൈസ്തവന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം. കാരണം, ആര്‍ക്കും ക്ഷമിക്കാന്‍ കഴിയാതിരുന്നതല്ലേ ദൈവം നമ്മോടു ക്ഷമിച്ചത്”

 

ഞാന്‍ കത്തോലിക്കാ സഭയില്‍ അംഗമായി ജീവിച്ചിരുന്ന കാലത്ത് വാര്‍ഷിക ധ്യാനം എന്നൊരു പരിപാടി അന്ന് ഉണ്‍ടായിരുന്നു. വിദൂരസ്ഥലങ്ങളില്‍നിന്നും വരുന്ന വൈദികരായിരുന്നു ധ്യാനങ്ങള്‍ നടത്തിയിരുന്നത്. സാധാരണ അഞ്ചു ദിവസം മുതല്‍ ഏഴു ദിവസം വരെ ആയിരിക്കും ധ്യാനം. ആദ്യത്തെ ഒന്നു രണ്‍ട് ദിവസം വ്യക്തികളെ ക്ഷമിക്കാന്‍ പ്രചോദിപ്പിക്കുന്ന വിഷയങ്ങളാണ് അവര്‍ പ്രസംഗിക്കുക. ഈ ദിവസങ്ങളില്‍ ഭാര്യാഭര്‍തൃ ബന്ധത്തില്‍ ക്ഷമിക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ രമ്യതയിലാകുന്നു, മാതാപിതാക്കളും മക്കളും തമ്മില്‍, അയല്‍വാസികള്‍ തമ്മില്‍ എന്നിങ്ങനെ അനേകര്‍ ധ്യാനദിവസങ്ങളില്‍ അനുരഞ്ജനത്തിന്‍റെ വഴിയിലെത്തുന്നു. പിന്നീടുള്ള ദിവസങ്ങളിലാണ് കൂടുതല്‍ ആഴമേറിയ ആത്മീയാനുഭവം പലര്‍ക്കും അനുഭവേദ്യമാകുന്നത്. ആത്മീയവും മാനസികവുമായി പലരും സൗഖ്യം പ്രാപിക്കുന്നു. ക്ഷമിച്ചതിലൂടെ മനസ്സ് ശാന്തരായ എത്രയോപേര്‍ പുതിയ ജീവിതത്തിലേക്ക് കടന്നുവരുവാന്‍ ആ ധ്യാനങ്ങളിലൂടെ കഴിഞ്ഞിരുന്നു. സ്വന്തം മകളുടെ ശരീരം ഇരുമ്പു ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച ഒരു പിതാവ് മോങ്ങിക്കരയുന്നതും തന്‍റെ അയല്‍വാസികളായ പലരോടും പോയി ക്ഷമ ചോദിക്കുന്നതും ഞാന്‍ നേരിട്ടു കണ്‍ട സംഭവമാണ്.

 

പെന്‍റക്കൊസ്റ്റ് സഭകളില്‍ ഇന്ന് നടക്കുന്ന കണ്‍വന്‍ഷനുകളിലും ഉപവാസപ്രാര്‍ത്ഥനകളിലും കോണ്‍ഫറന്‍സുകളിലും ക്ഷമിക്കുവാന്‍ പ്രചോദനമാകുന്ന എത്ര പ്രസംഗങ്ങള്‍, എത്ര പരിശ്രമങ്ങള്‍ നടക്കുന്നുവെന്ന് ഒന്നു വിലയിരുത്തുവാന്‍ തയാറായാല്‍ എന്തായിരിക്കും ഫലം? പലപ്പോഴും കണ്‍വന്‍ഷനുകളിലും കോണ്‍ഫറന്‍സുകളും കഴിയുമ്പോഴായിരിക്കും പലരുടെയും വാശിയും വൈരാഗ്യവും ഏറി വരുന്നത്. കമ്മിറ്റിക്കാര്‍ തമ്മില്‍ ബഹളം, വാക്പയറ്റ്. ചിലയിടങ്ങളിലെല്ലാം പ്രതിഫലം കുറഞ്ഞുപോയെന്ന പരാതിയോടെ സംഘാടകരോടു അങ്കംകുറിച്ചുകൊണ്‍ട് പ്രസംഗകന്‍ പടിയിറങ്ങുന്നു. പിന്നീട് ചെല്ലുന്ന ഇടങ്ങളിലെല്ലാം പ്രസംഗകന്‍ ദുഷിപ്പു പ്രചരിപ്പിക്കുന്നു. ചിലയിടങ്ങളില്‍ ഒരു സഭ കണ്‍വന്‍ഷന്‍ തയാറാക്കുമ്പോഴായിരിക്കും തൊട്ടടുത്ത സഭക്കാര്‍ അതിലും വലിയ പരിപാടിയുമായി രംഗപ്രവേശം ചെയ്യുന്നത്. മനസ്സില്‍ കിടക്കുന്ന പഴയ ചൊരുക്കുകള്‍ തലയുയര്‍ത്തുന്നു, പിന്നീട് കണ്‍വന്‍ഷന്‍ പൊളിക്കുവാനും ആളുകള്‍ വരുന്നതിന് തടയിടാനും വേണ്‍ടിയുള്ള പരിശ്രമമാണ്.

 

പാസ്റ്റര്‍മാര്‍ തമ്മിലുള്ള പോരാണ് മലയാളി പെന്‍റക്കൊസ്റ്റ് ക്രൈസ്തവലോകം നേരിടുന്ന മറ്റൊരു ദുരവസ്ഥ. തൊട്ടടുത്ത സഭകളിലെ പാസ്റ്റര്‍മാര്‍ തമ്മില്‍ ക്രിസ്തീയസ്നേഹത്തോടെയും സഹകരണത്തോടെയും കഴിയുന്നത് ലോകത്ത് എവിടെയെങ്കിലും ഉണ്‍ടോ എന്ന് അറിയില്ല. വര്‍ഗ്ഗശത്രുവിനെപ്പോലെയാണ് തൊട്ടടുത്ത സഭക്കാരേയും അതിലെ പാസ്റ്ററെയും കാണുന്നത്. കള്ളക്കഥകളും ഗോസിപ്പുകളും തമ്മില്‍ തമ്മില്‍ മത്സരിച്ച് പ്രചരിപ്പിക്കുന്നു. അന്യജാതിക്കാരോടും ദൈവവിശ്വാസമില്ലാത്തവരോടുപോലും ചങ്ങാത്തം കൂടിയാലും തൊട്ടടുത്ത സഭയിലെ പാസ്റ്ററോട് നഹി. കാരണമെന്ത്? ദൈവദാസന്മാര്‍ എന്ന് വിശേഷിപ്പിക്കുന്നവര്‍ക്ക് ക്ഷമിക്കാന്‍ കഴിയുന്നില്ല. സ്നേഹം എല്ലാ ക്ഷമിക്കുന്നു, എല്ലാം പൊറുക്കുന്നു.

 

ജോണ്‍ വെസ്ലിയും ജോര്‍ജ് വൈറ്റ്ഫീല്‍ഡും തമ്മില്‍ നിലനിന്നിരുന്ന ആശയസംവാദം വ്യക്തിപരമായ പോരാട്ടം പോലെ വളര്‍ന്ന സമയം. ഇക്കാലത്ത് ഒരിക്കല്‍ ജോര്‍ജ് വൈറ്റ്ഫീല്‍ഡിനോട് ഒരു വ്യക്തി ചോദിച്ചു -ജോണ്‍ വെസ്ലിയോട് “നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ചെന്നാലെങ്കിലും സാംസാരിക്കുമോ” എന്ന്. “കഴിയുമെന്ന് തോന്നുന്നില്ല” എന്നായിരുന്നു വൈറ്റ്ഫീല്‍ഡ് മറുപടി നല്‍കിയത്. അതിന് കാരണം അദ്ദേഹം വിശദീകരിച്ചു “ജോണ്‍ വെസ്ലി സ്വര്‍ഗ്ഗത്തില്‍ ദൈവത്തോട് കൂടുതല്‍ അടുത്ത് ആയിരിക്കും, ഞാന്‍ വളരെ അകലെയുമായിരിക്കും, അതിനാല്‍ എനിക്ക് സ്വര്‍ഗ്ഗത്തില്‍ അദ്ദേഹത്തെ കാണാന്‍ കഴിയുമോ എന്നുതന്നെ അറിയില്ല”. ആരോഗ്യപരമായ വാദപ്രതിവാദങ്ങളുള്ളപ്പോള്‍ തന്നെ ആത്മാവിന്‍റെ ഐക്യം നഷ്ടപ്പെടാതെ സൂക്ഷിക്കുമ്പോള്‍ മാത്രമേ ശത്രുവിനോടുപോലും ക്ഷമിച്ച യേശുവിന്‍റെ ശരീരത്തിന്‍റെ ഭാഗമായിരിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ.

 

ക്ഷമിച്ചു എന്നതു കേള്‍ക്കാന്‍ എത്രയോ ഹൃദയങ്ങള്‍ കാത്തിരിക്കുന്നു. എല്‍ ലിബറല്‍ പത്രത്തിലെ ഒരു പരസ്യത്തിനായി ക്രൈസ്തവലോകത്ത് എത്രയോ പാക്കോമാര്‍ കാത്തിരിക്കുന്നു.

 

Mathew Chempukandathil

Add comment

Most discussed