സാത്താന്റെ വഞ്ചനയ്ക്ക് മനുഷ്യന് ഉപകരണങ്ങളായി മാറുന്നു എന്നതാണ് അന്ത്യകാലത്തിന്റെ ശ്രദ്ധേയമായ അടയാളം. വിശ്വസസമൂഹത്തെ വഴിതെറ്റിച്ചു തകര്‍ത്തുകളയാന്‍ സാത്താന് തെരഞ്ഞെടുക്കുന്നത് അവിശ്വാസികളെയോ അക്രൈസ്തവരെയോ സുവിശേഷവിരോധികളെയോ അല്ല, സുവിശേഷകന്മാരെതന്നെയാണെന്നതാണ് ഇതിലെ ഭയാനകത. എല്ലാവരും പ്രസംഗിക്കുന്നത് ഒരേ പുസ്തകത്തില്‍നിന്നും ഒരേ കാര്യത്തെക്കുറിച്ചും ആണെന്നുകരുതി എല്ലാവരും ക്രിസ്തുവിന്റെ സുവിശേഷകര്‍ ആയിരിക്കണമെന്നില്ല എന്നര്‍ത്ഥം. സുവിശേഷപ്രസംഗികളെക്കുറിച്ച് ക്രിസ്തുശിഷ്യനായിരുന്ന യോഹന്നാന് നല്കുന്ന മുന്നറിയിപ്പ് നോക്കുക “പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാര് പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുകയാല്‍ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്ന് ഉള്ളവയോ എന്ന് ശോധന ചെയ്യുവിന്‍. ദൈവാത്മാവിനെ ഇതില്‍നിന്ന് അറിയാം. യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്നിന്നുഉള്ളത്”(1 യോഹ 4:1,2).
രണ്ട് പ്രധാനപ്പെട്ട വിഷയങ്ങളാണ് മേല്പറഞ്ഞ വാക്യത്തില്‍ യോഹന്നാന് എഴുതുന്നത്. ഒന്ന്, എല്ലാ പ്രസംഗകനെയും പരിശോധനയ്ക്ക് വിധേയനാക്കണം. പരിശോധനയ്ക്ക് വിധേയനാക്കാനുള്ള മാനദണ്ഡം പ്രസംഗകനെ നയിക്കുന്ന ആത്മാവ് ദൈവാത്മാവോ ദുരാത്മാവോ എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം. ഇതു തിരിച്ചറിയാനുള്ള അടയാളം ദൈവാത്മാവ് നല്കുന്നു “യേശുക്രിസ്തു ജഡത്തില്‍ വന്നു എന്ന് സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്‍നിന്ന് ഉള്ളത് എന്ന് മനസ്സിലാക്കാം”. അപ്പോള്‍ യേശുക്രിസ്തു ജഡത്തില്‍ വെളിപ്പെട്ടില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയെ നയിക്കുന്നത് ദുരാത്മാവ് ആണ് എന്ന് സ്പഷ്ടം.
പ്രത്യക്ഷത്തില്‍ വളരെ ലളിതമായ ഒരു ടെസ്റ്റാണ് ഇതെന്ന് തോന്നും. എന്നാല്‍ അത്ര ലളിതമല്ല ഈ ടെസ്റ്റ് എന്ന് ഈ വിഷയത്തെ അടുത്തറിയുമ്പോഴേ മനസ്സിലാവുകയുള്ളൂ. യേശു ജഡത്തില്‍ വെളിപ്പെട്ടു എന്നതു വിശ്വസിക്കുന്ന സഭയുടെ അടിസ്ഥാനപ്രമാണം എടുത്തുകാണിച്ചുകൊണ്ടായിരിക്കും പലരും ഇതിന് മറുപടി പറയുക. എന്നാല്‍ ചോദ്യം തുടരുന്നു: ഈ അടിസ്ഥാനവിശ്വാസപ്രമാണത്തിന് സുവിശേഷപ്രസംഗവേദിയില് എന്തു പ്രസക്തിയാണുള്ളത്? യേശുവിന്റെ ജഡാവതാരത്തിന് വിശ്വാസിയുടെ ജീവിതത്തില്‍ എന്തു പ്രസക്തിയാണുള്ളത്? യേശുക്രിസ്തുവിന്റെ ജഡാവതാരവും അതില്‍ സുവിശേഷ പ്രസംഗകനുള്ള കടമയും എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുമ്പോഴേ സാത്താന്റെ വഞ്ചനയുടെ ആഴം ക്രൈസ്തവലോകം തിരിച്ചറിയൂ. യേശുക്രിസ്തുവിന്റെ ജഡാവതാരവും സുവിശേഷകന്റെ കടമയും തിരിച്ചറിയാത്ത പ്രസംഗരും ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്ത വിശ്വാസികളുമാണ് ക്രൈസ്തവലോകം ഇന്ന് നേരിടുന്ന എല്ലാ ദുരുപദേശ വിഷയങ്ങളുടെയും ഇരകളാകുന്നത്. അതിനാല്‍ ഈ വിഷയം അതീവ ഗൗരവത്തോടെ ഓരോ വിശ്വാസിയും അറിയേണ്ടിയിരിക്കുന്നു. ഈ പോയിന്റിലാണ് ദുരുപദേശവും ദുരുപദേശകന്മാരും നില്‍ക്കുന്നത്, ഈ വിഷയത്തിലുള്ള അജ്ഞതയാണ് ക്രൈസ്തവലോകത്ത്, വീണ്ടുംജനനം പ്രാപിച്ചവരുടെ ഇടയില്‍ പ്രത്യേകിച്ചും ദുരുപദേശങ്ങള്‍ ഇത്രമേല്‍ വ്യാപരിക്കാന്‍ കാരണമാകുന്നത്. ഈ വിഷയത്തെ നമുക്ക് ഒന്ന് ആഴത്തില്‍ പരിശോധിക്കാം.
“യേശുക്രിസ്തു സമ്പൂര്‍ണ്ണ ദൈവമായിരിക്കെ, ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്ത് മനുഷ്യസാദൃശ്യത്തിലായി, തന്നെത്താന്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി…” (ഫിലി 2:6-8). ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ഈ വചനം. ക്രിസ്തുവിജ്ഞാനീയം എന്ന പഠനശാഖയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വചനമാണിത്. യേശുവിന്റെ ദൈവത്വത്തെ നിഷേധിച്ച് ജനകോടികളും യേശുവിന്റെ മനുഷ്യത്വത്തെ നിഷേധിച്ച് ജനകോടികളും നൂറ്റാണ്ടുകളായി രണ്ടുപക്ഷത്ത് നിലയുറപ്പിച്ചിരിക്കുമ്പോള്‍ ഇതിന്റെ നടുവില്‍ യേശുക്രിസ്തു മനുഷ്യസാദൃശ്യത്തില്‍ കാണപ്പെട്ട ദൈവമായിരുന്നു എന്നതിന് ജീവന്‍കൊടുത്തും നേരിട്ട ഒരു വിഭാഗം സഭയുടെ ആദിമനൂറ്റാണ്ടുമുതല്‍ ഉണ്ടായിരുന്നു. തിരുവചനത്തെ സമ്പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന വിശ്വാസസത്യമാണ് യേശുവില്‍ നിറഞ്ഞുനിന്ന സമ്പൂര്‍ണ്ണ ദൈവത്വവും മനുഷ്യത്വവും . മോശയും പ്രവാചകന്മാരും എല്ലാ തിരുവെഴുത്തുകളഉം സാക്ഷിനില്ക്കുന്ന ഈ സത്യത്തില്‍നിന്ന് ക്രിസ്തുവിശ്വാസികളെ വഴിമാറ്റിവിടുന്ന തന്ത്രമാണ് ഇന്ന് സാത്താന്റെ വഞ്ചനയായി അവതരിച്ചിരിക്കുന്നത്. ഈ വഞ്ചനയുടെ ആഴങ്ങള്‍ തിരിച്ചറിയുവാനായി യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും അതിന്റെ പ്രായോഗികതയും എന്നത് നാം വ്യക്തമായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.
യേശുക്രിസ്തുവിന്റെ ദൈവത്വത്തിന്റെയും മനുഷ്യത്വത്തിന്റെയും പ്രായോഗികത നമ്മുടെ ജീവിതത്തില്‍ എപ്രകാരമാണ് പ്രതിഫലിക്കുന്നത്? യേശു ദൈവമായതിനാല്‍ ഞാന്‍ യേശുവിനെ ആരാധിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, ആവശ്യങ്ങള്‍ അറിയിക്കുന്നു, രോഗസൗഖ്യത്തിനായി അപേക്ഷിക്കുന്നു, യേശു മനുഷ്യന് ആയിരുന്നതിനാല്‍ യേശുവിലെ മനുഷ്യത്വത്തെ ഞാന്‍ ദിവസംതോറും പിന്‍പറ്റുന്നു.
യേശുവിന്റെ ജഡാവതാരം ക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷവേളയില്‍ മാത്രം ചിന്തിക്കുന്ന സംഗതിയാണെങ്കില്‍, വീണ്ടുംജനിച്ച ഓരോ ദൈവപൈതലിന്റെയും ജീവിതത്തില്‍ ദിവസംതോറും, ഓരോ മിനിറ്റിലും പ്രതിഫലിക്കേണ്ട യാഥാര്‍ത്ഥ്യമാണത്. പരസ്യശുശ്രൂഷാ വേളയില്‍ യേശു ഏറ്റവുമധികം പ്രാവശ്യം ആഹ്വാനംചെയ്ത പ്രസ്താവനകളില്‍ ഒന്ന് “എന്നെ അനുഗമിക്കുക” എന്നതായിരുന്നു. യേശുവിനെ അനുഗമിക്കുന്ന ഒരുപറ്റം ആളുകളെ രൂപപ്പെടുത്തുക എന്നതാണ് ഇന്നത്തെ സുവിശേഷകരുടെ/പ്രസംഗകരുടെ കടമ. ഈ കടമ നിര്‍വ്വഹിക്കാത്ത പ്രസംഗകരെയാണ് ഇന്ന് ക്രൈസ്തവലോകം കണ്ടുകൊണ്ടിരിക്കുന്നത്. ഈ വിഷയം കേള്‍ക്കാത്ത ഒരു തലമുറയാണ് ഇന്ന് ക്രൈസ്തവലോകത്ത് രംഗപ്രവേശം ചെയ്തിരിക്കുന്നത്. അതുതന്നെയാണ് ഇന്നിന്റെ വെല്ലുവിളി.
യേശുക്രിസ്തുവിന്റെ മനുഷ്യത്വത്തെ ഉള്‍ക്കൊള്ളാത്തവരെ ഒന്നടങ്കം യോഹന്നാന് തന്റെ മൂന്നാം ലേഖനത്തില്‍ കുറേക്കൂടി ശക്തമായി വിളിച്ചിരിക്കുന്നത് “വഞ്ചകര്‍” എന്നാണ്: “യേശുക്രിസ്തുവിനെ ജഡത്തില്‍ വന്നവന് എന്നു സ്വീകരിക്കാത്ത വഞ്ചകന്മാര് പലരും ലോകത്തിലേക്കു പുറപ്പെട്ടുവന്നിരിക്കുന്നുവല്ലോ. വഞ്ചകനും എതിര്‍ക്രിസ്തുവും ഇങ്ങനെയുള്ളവന് ആകുന്നു” (1യോഹന്നാന് 1:7). യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ പ്രായോഗികത വ്യക്തിജീവിതത്തില്‍ എന്താണെന്ന് തിരിച്ചറിയാത്ത ഓരോ വിശ്വാസിയും വഞ്ചിക്കപ്പെട്ടിരിക്കുന്നു എന്നു സാരം. മറ്റ് ദേവന്മാരേക്കാള് ശ്രേഷ്ഠനും ശക്തനും ഏതു രോഗവും എന്തുപ്രശ്നവും പരിഹരിക്കാന്‍ കഴിയുന്ന ഒരു ദേവനാണ് യേശു എന്ന ചിന്തയാണ് ഇന്ന് അനേകര്‍ക്കും. “മിറക്കിള്‍സ് ആന്‍ഡ് ബ്ലസിംഗ്സ്” എന്നതാണ് പല സുവിശേഷയോഗങ്ങളുടെയും തീം.
എന്താണ് യേശുവിന്റെ മനുഷ്യാവതാരത്തിന്റെ പ്രായോഗികത? യേശുവിന്റെ വ്യക്തിത്വത്തിലെ “ദൈവികത”യുടെ ഒരു ഭാഗം മാത്രം എടുത്ത് പ്രസംഗിക്കുകയും അത്ഭുതങ്ങളും നേട്ടങ്ങളും പ്രതീക്ഷിച്ച് വരുന്ന ആള്‍ക്കൂട്ടങ്ങളെ തൃപ്തരാക്കുകയും ചെയ്യുന്നവരുടെ രംഗവേദിയായി സുവിശേഷപ്രസംഗവേദികള്‍ മാറിയിരിക്കുന്നു. യഹോവയുടെസാക്ഷികള്‍ യേശുവിന്റെ മനുഷ്യത്വം മാത്രം എടുത്തുപറയുമ്പോള് അവര്‍ അപൂര്ണ്ണസുവിശേഷമാണ് പറയുന്നതെന്നും അതിലൂടെ അവര്‍ ദുരുപദേശക്കാരാണെന്നും നാം വാദിക്കുമ്പോള്‍, ഇന്നത്തെ സുവിശേഷപ്രസംഗവേദികളില്‍ കേള്‍ക്കുന്നത് യേശുവിന്റെ ദൈവത്വത്തെക്കുറിച്ചു മാത്രമാണെങ്കില്‍ അതും അപൂര്ണ്ണസുവിശേഷമാണെന്നും ഇതും ദുരുപദേശത്തിന്റെ മറുപുറമാണെന്നും തിരിച്ചറിഞ്ഞവര്‍ എത്രപേരുണ്ട്? യേശുവില്‍നിന്ന് അത്ഭുതവും രോഗസൗഖ്യവും മറ്റ് ഭൗതികനേട്ടങ്ങളും പ്രതീക്ഷിച്ച് യേശുവിന്റെ ദൈവികതയെ മാത്രം കണ്ടുകൊണ്ട് വരുന്ന ജനങ്ങളെ തൃപ്തിപ്പെടുത്തുക എന്നതാണ് എല്ലാ ക്രൂസേഡുകളിലും കണ്‍വന്‍ഷനുകളിലും ഇന്ന് നടക്കുന്നത്. കുറിവാക്യം എവിടെ വായിച്ചാലും ഒടുവില്‍ അത്ഭുതപ്രവര്‍ത്തകനായ യേശു എന്നതിലേക്ക് എല്ലാ പ്രസംഗകരും എത്തിച്ചേരും. ജനങ്ങള്‍ക്ക് വേണ്ടും ഇതുതന്നെയാണ്, ഈ അവസരം പ്രതീക്ഷിച്ചാണ് പലരും എത്തിച്ചേര്‍ന്നിരിക്കുന്നത്. “ഈ ദുഷ്ടലോകത്തില്‍നിന്ന് നമ്മെ വിടുവിച്ചവനില്നിന്ന്” (ഗലാത്യ 1:3) ഈ ദുഷ്ടലോകത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ വന്നിരിക്കുന്നവരെ തൃപ്തരാക്കിയതില് പ്രസംഗകനും സായൂജ്യമടയുന്നു!
യേശുവിന്റെ മനുഷ്യത്വം എന്ന മറുഭാഗത്തെക്കുറിച്ച് യാതൊന്നും പറയാതെ, മനുഷ്യാവതാരത്തെ തീര്‍ത്തും അവഗണിക്കുന്നവരെയാണ് യോഹന്നാന് “വഞ്ചകര്‍” എന്ന് വിളിക്കുന്നത്. യേശുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ മാത്രമേ യേശുവിനെ പിന്‍പറ്റുക എന്നതലത്തിലേക്ക് ഒരു വ്യക്തിക്ക് എത്തിച്ചേരാന്‍ കഴിയുകയുള്ളൂ. ദിവസേന തന്റെ കുരിശുവഹിച്ച് യേശുവിന്റെ നിണമണിഞ്ഞ കാല്പാടുകളെ പിന്‍പറ്റുകയും പാപത്തിനുമുന്നില് ക്രൂശിതനായിരിക്കുകയും ചെയ്യുക -ഇതാണ് കുരിശിന്റെ സന്ദേശം. നിന്റെ കുരിശ് വഹിച്ച് യേശുവിനെ പിന്‍പറ്റുക എന്ന സന്ദേശത്തിന് ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിക്കാന്‍ കഴിയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ സന്ദേശം കേള്‍ക്കാന്‍ ആളുകള്‍ വരില്ല, വന്നവരില്‍തന്നെ മഹാഭൂരിപക്ഷവും വേദി വിട്ടുപോവുകയും ചെയ്യും. കുരിശിനെക്കുറിച്ച് യേശു പ്രസംഗിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി(യോഹ 6:68)യെങ്കില്‍ ഇന്നും സ്ഥിതി വ്യത്യസ്തമായിരിക്കില്ല.
മനുഷ്യനായി ജീവിച്ച യേശുവിനെ അവിടുത്തെ മനുഷ്യത്വത്തില്‍ പിന്‍പറ്റുവാനാണ് വീണ്ടുംജനിച്ച ഓരോ വ്യക്തിയോടും യേശു ആവശ്യപ്പെടുന്നത്. (മത്തായി 10:38, 16:24, മര്‍ക്കോസ് 8:34, ലൂക്കോസ് 9:23, 14:25-27, യോഹന്നാന് 12:26). കുരിശിന്റെ വചനം ദൈവശക്തിയാണെങ്കില് (1കൊരി 1:19) അന്ത്യകാലത്ത് ഭക്തിയുടെ വേഷംകെട്ടി (2തിമോത്തി 3:5) അതിന്റെ ശക്തിയെ -അഥവാ കുരിശിന്റെ വചനത്തെ ത്യജിക്കുന്നവരെ ദൈവവചനം പ്രവചിച്ചിരിക്കുന്നു.
യേശുവിന്റെ ദൈവത്വത്തെ പിന്പറ്റുവാന് ഈ ഭൂമിയില്‍ മനുഷ്യനായി ജനിച്ച ഒരു വ്യക്തിക്കും സാധ്യമല്ല എന്നത് നിസ്തര്‍ക്കമായ സംഗതിയാണ്. അപ്പോള്‍ യേശുവിനെ പിന്‍പറ്റുക എന്നത് യേശുക്രിസ്തുവിന്റെ മനുഷ്യത്വത്തെ പിന്‍പറ്റുക എന്നത് സുവ്യക്തമാണ്. ഈ വിഷയമാണ് സഭായോഗങ്ങളില്‍, വിശ്വാസികളെ പ്രബോധിപ്പിക്കേണ്ട വേദികളില്‍നിന്ന് ഉയരേണ്ട സന്ദേശം. യേശുവിനെ ഒരു ശിഷ്യനായി പിന്‍പറ്റുക എന്ന അതിമഹത്തായ ഈ വിഷയത്തെക്കുറിച്ച് യാതൊന്നും പ്രതിപാദിക്കാതെ, യേശു നിന്നെ അനുഗ്രഹിക്കും, യേശു അത്ഭുതങ്ങളുടെ ദൈവമാണ്, യേശുവിന് കഴിയാത്തതായി ഒന്നുമില്ല, യേശുവില്‍ എല്ലാം സാധ്യം എന്നിങ്ങനെയുള്ള സ്ഥിരംപല്ലവികള് ആവര്ത്തിക്കുന്നവര് വിശ്വാസലോകത്തെ വചനത്തിന്റെ സമ്പൂര്‍ണ്ണ സന്ദേശത്തില്‍നിന്ന് വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇത് സാത്താന്റെ വഞ്ചനയുടെ സുവ്യക്തമായ ഭാവമാണ്. ഇത്തരം സമൂഹങ്ങളിലാണ് വിവിധ ഉപദേശങ്ങള്‍ കൊടുങ്കാറ്റുകളായി വീശിയടിക്കുന്നതും അനേകരും ആടിയുലഞ്ഞുകൊണ്ടിരിക്കുന്നതും.
യേശുക്രിസ്തുവിന്റെ മനുഷ്യത്വത്തിനും ദൈവത്വത്തിനും ഒരേമൂല്യം നല്കുന്നവര് ദിനംതോറും യേശുവിനെ ആരാധിക്കുകയും ദൈനംദിനജീവിതത്തില്‍ തന്റെ സ്വയത്തെ ത്യജിച്ചുകൊണ്ട്, തന്റെ സ്വന്തം കുരിശുമെടുത്ത് യേശുവിനെ പിന്‍പറ്റുകയും ചെയ്യുന്നു. ഗുരുവിന്റെ കാല്പാടുകള് നോക്കിയുള്ള ഇടുങ്ങിയ വഴിയിലൂടെയുള്ള ഈ യാത്രയില്‍ ഒരു തിയോളജിയും സാത്താന്റെ യാതൊരു തന്ത്രവും വിലപ്പോകില്ല. ക്രിസ്തുവിനോടുള്ള ഏകാഗ്രതയില്‍ ബന്ധിതമാണ് കുരിശുവഹിക്കുന്ന ശിഷ്യന്റെ മനസ്സ്. ഈ മനസ്സിനെ സ്വാധീനിക്കാന്‍ ഒന്നിനും കഴിയില്ല.
ഇന്നത്തെ സുവിശേഷപ്രസംഗവേദികളിലെ പ്രസംഗങ്ങളെ ഒന്നു തരംതിരിച്ചാല്‍ ഒരു വിഭാഗം പ്രസംഗിക്കുന്നത് -ദൈവത്തിന്/യേശുവിന് എല്ലാം സാധ്യം എന്ന വിഷയത്തെക്കുറിച്ചായിരിക്കും. മറ്റൊരുവിഭാഗം തങ്ങളുടെ ബൈബിള്‍ ജ്ഞാനവും ഏറ്റവും പുതിയ ബൈബിള്‍ അറിവുകളും പങ്കുവയ്ക്കാന്‍ വ്യഗ്രത കാണിക്കുന്നു. മറ്റൊരുവിഭാഗത്തിന് പഴയ/പുതിയനിയമ ഗ്രന്ഥങ്ങളില്‍ പരസ്പരം യോജിക്കുന്ന വിവിധ സംഭവങ്ങളെ കൂട്ടിയിണക്കി ഭാഷാശൈലിയുടെയും പ്രാസഭംഗിയുടെയും മോടിയില്‍ കുറെ തമാശയും പറഞ്ഞ് ജനത്തെ രസിപ്പിക്കാനാണ് ഇഷ്ടം. മര്മങ്ങള് വെളിപ്പെടുത്താന്‍ വ്യഗ്രത കാണിക്കുന്ന വ്യക്തികളുണ്ട്. ഇക്കൂട്ടര്‍ക്ക് വെളിപ്പാടുപുസ്തകത്തിലെ സംഭവങ്ങളാണ് പഥ്യം.
ഈ അടുത്തകാലം മുതല്‍ സുവിശേഷപ്രസംഗവേദികളില്‍ കേള്‍ക്കുന്ന ചില പതിവു ശൈലികള്‍ ഇതാണ് “നിന്റെ ശുശ്രൂഷ ഇനി ഒരു പ്രത്യേക മണ്ഡലത്തിലേക്കു മാറുകയാണ്, മറ്റൊരു തലത്തിലേക്ക് നിങ്ങള്‍ മാറ്റപ്പെടുകയാണ്, നിങ്ങള്‍ക്കൊരു സ്പെഷല്‍ അനോയിന്റിംഗ് ലഭിക്കാന്‍ പോവുകയാണ്, വേറൊരു ലെവലിലേക്ക് എന്റെ ശുശ്രൂഷ കയറിയതോടെ പിന്നീട് വലിയ വിടുതലായിരുന്നു, ഇതുവരെ ആരും ചെയ്തിട്ടില്ലാത് ശുശ്രൂഷയ്ക്കായി ഒരുങ്ങുക…” ദൈവവചനത്തില്‍ അടിസ്ഥാനമില്ലാത്ത ഇത്തരം തലങ്ങളും പ്രതലങ്ങളും മണ്ഡലങ്ങളുമാണ് ഇന്ന് അനേകരെയും തലയ്ക്ക് സ്ഥിരമില്ലാത്തവരെപ്പോലെ അലറുവാനും അട്ടഹസിക്കുവാനും ഉരുളുവാനും മറിച്ചിടാനും മറിഞ്ഞുവീഴുവാനും ഒടുവില്‍ വഴിതെറ്റിപ്പോകുവാനും ഇടയാക്കിയിരിക്കുന്നത്.
കുറഞ്ഞത് പത്തോളം സന്ദര്‍ഭങ്ങളിലെങ്കിലും “എന്നെ പിന്തടരുക” എന്ന് യേശു വ്യക്തമായി പറഞ്ഞതിനെ പിന്തുടരുന്ന എത്ര സുവിശേഷപ്രസംഗകര്‍ ഇന്ന് ക്രൈസ്തവലോകത്ത് അവശേഷിച്ചിട്ടുണ്ട്? പൗലോസ് തിമോഥിയോസിനെഴുതി: “ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ആലയത്തില്‍ നടക്കേണ്ടത് എങ്ങനെയെന്ന് നീ അറിയേണ്ടതിന് ഇത് എഴുതുന്നു, അവന് ജഡത്തില്‍ വെളിപ്പെട്ടു…” ദൈവസഭയില്‍ പഠിക്കേണ്ടതും പഠിപ്പിക്കേണ്ടതും പ്രസംഗിക്കപ്പെടേണ്ടതും ജഡത്തില്‍ വെളിപ്പെട്ട് പാപമൊഴികെ സര്‍വ്വത്തിലും നമുക്കു തുല്യനായി (ജീവിച്ച്) പരീക്ഷിക്കപ്പെട്ടവനെ (എബ്രായര്‍ 4:15) അനുകരിക്കാന്‍ പഠിപ്പിക്കുക എന്നതാണ്.
യേശു പറയുന്നു: കള്ളപ്രവാചന്മാരെ സൂക്ഷിച്ചുകൊള്ളുവിന്‍, അവര്‍ ആടുകളുടെ വേഷംപൂണ്ട് നിങ്ങളുടെ അടുക്കല്‍ വരുന്നു, അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു (മത്തായി 7:15). ഈ വാക്യം മെസേജ് ബൈബിള്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നത് Don’t be impressed with charisma; look for character. Who preachers are is the main thing, not what they say. A genuine leader will never exploit your emotions എന്നാണ്. ഇന്ന് പ്രസംഗകന്റെ കരിസ്മ അഥവാ സ്റ്റേജിലുള്ള പ്രകടനം കണ്ടാണ് അനേകരും സാത്താന്റെ തന്ത്രങ്ങളില്‍ വീണിരിക്കുന്നത്. സ്റ്റേജില്‍ വിവിധ പ്രകടനങ്ങള്‍ ചെയ്യുന്നവരും വാക്ധോരണിയില് തന്റെ കരിസ്മ പ്രകടിപ്പിച്ചുംകൊണ്ട് ഇവര്‍ ആളുകളെ കൈയിലെടുക്കുന്നു. ഇക്കൂട്ടര്‍ സ്റ്റേജില്‍ പ്രകടിപ്പിക്കുന്ന അത്ഭുതങ്ങളും അടയാളങ്ങളുമാണ് അനേകരും നോക്കുന്നത്. യേശു പറയുന്നു: “അവരുടെ ഫലത്തില്‍നിന്ന് അവരെ തിരിച്ചറിയുക” (മത്തായി 7:16) ആത്മാവിന്റെ വരങ്ങളല്ല, ആത്മാവിന്റെ ഫലങ്ങളാണ് ഒരു വ്യക്തിയുടെ ആത്മീയജീവിതം ദൈവസന്നിധിയില്‍ സ്വീകാര്യമാകുന്നതിന് പ്രധാനം എന്ന അതിമഹത്തായ യാഥാര്‍ത്ഥ്യമാണ് യേശു തന്റെ ശിഷ്യന്മാര്ക്ക് ഉപദേശിച്ചത്. സുവിശേഷകന്റെ/ പ്രസംഗകന്റെ സ്വകാര്യജീവിതവും വേദിക്കു വെളിയിലുള്ള കാരക്ടറുമാണ് യേശു നോക്കുന്നത്.
“അധര്‍മം പ്രവര്‍ത്തിക്കുന്നവരേ എന്നേ വിട്ടുപോകുവിന്” (മത്തായി 7:23) എന്ന വാക്യത്തിലെ “അധര്‍മം” എന്നതിന് മെസേജ് ബൈബിള്‍ നല്കുന്ന വ്യാഖ്യാനം വളരെ ശ്രദ്ധേയമാണ്. “എന്നെ ഉപയോഗിച്ച് നിങ്ങള്‍ നിങ്ങളെത്തന്നെ പ്രധാനികളാക്കി” (all you did was use me to make yourselves important) ഇതുന്നെയല്ലേ ഇന്നു ക്രൈസ്തവലോകത്ത് നടക്കുന്ന അധര്‍മം? യേശുവിനെയും അവിടുത്തെ വചനത്തെയും ഉപയോഗിച്ച് സ്വയം പ്രസിദ്ധരാകാന്‍ മത്സരിക്കുന്ന ഒരുകൂട്ടര്‍. പ്രസിദ്ധരാകുക, നേതാവാകുക, പണമുണ്ടാക്കുക, പ്രസ്ഥാനങ്ങളുടെ തലവനും വലിയ പണ്ഡിതനുമാണെന്ന് മറ്റുള്ളവരെ കാണിച്ചുകൊടുക്കുക…
ക്രൈസ്തവലോകത്തെ ബാധിച്ചിരിക്കുന്ന ഇത്തരം അധര്‍മികളുടെ സ്വാധീനവലയത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ ഒന്നേ ചെയ്യാനുള്ളൂ: ഓരോ വിശ്വാസിയും സ്വയം പരിത്യജിച്ച്, തന്റെ സ്വന്തം കുരിശെടുത്ത് യേശുവിനെ ഒരു ശിഷ്യനായി ഇടുങ്ങിയ വഴികളിലൂടെ പിന്തുടരുക. യേശുവിനെ ദിനംതോറും ആരാധിക്കുകയും ജീവിതാന്ത്യം വരെ പിന്തുടരുകയും ചെയ്യുക. ഇതാണ് അവിടുത്തെ മഹിമകണ്ട അനേകം സാക്ഷികള്‍ ഇതിനോടകം നടന്നുതീര്‍ത്ത എളിയ ക്രിസ്തീയജീവിതം. സാത്താന്റെ വഞ്ചനയെ നേരിടാന്‍ യേശു വിജയംകൊണ്ടാടിയ (കൊലോ 2:14,15) കുരിശുമാത്രമേയുള്ളൂ എന്ന സത്യം വിസ്മരിക്കാതിരിക്കുക.
Add comment