GM News Online

കുരിശിന്‍റെ വഴിയിലെ ജയജീവിതം

നാശം ആഗ്രഹിക്കുന്നവര്‍ ക്രിസ്തുവിന്‍റെ കുരിശിന്‍റെ വചനത്തെ ഭോഷത്തമായി കരുതുമെന്നാണ് ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് (1 കൊരി 1:18). നാശമടയുന്നതില്‍ നിര്‍വൃതികണ്ടെത്തുക എന്നത് പൈശാചികചിന്തയാണ്. ഒരുകൂട്ടര്‍ കുരിശിലെ വചനത്തില്‍ ദൈവശക്തി കണ്ടെത്തി രക്ഷപ്പെടുമ്പോള്‍ മറ്റൊരുകൂട്ടര്‍ അതില്‍ ഭോഷത്തം ദര്‍ശിച്ച് നാശത്തില്‍ വീഴുന്നു. കുരിശിന്‍റെ വചനം എന്ന മര്‍മത്തെ പഠനവിധേയമാക്കുമ്പോള്‍, കുരിശിന്‍റെ വചനം എന്നത് കുരിശ് എന്ന ഒരു വസ്തുവിനോടുള്ള സ്വീകാര്യതയോ ആസ്വീകാര്യതയോ അല്ല, അതില്‍നിന്നും മുഴങ്ങിക്കേള്‍ക്കുന്ന ഒരു സന്ദേശത്തെയാണ് പ്രതിപാദിക്കുന്നത് എന്നു മനസ്സിലാകും.
വിശാല അര്‍ത്ഥത്തില്‍ സുവിശേഷം പൂര്‍ണ്ണമായും കുരിശിന്‍റെ വചനംതന്നെയാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ കുരിശില്‍നിന്നുള്ള സന്ദേശം എന്നത് ഏറെ സംക്ഷിപ്തമായ ഒരു സന്ദേശം തന്നെയാണ്. യേശുക്രിസ്തുവിന്‍റെ കുരിശിനെ മൂന്നു വ്യത്യസ്തതലങ്ങളില്‍ നിന്നു നോക്കുമ്പോള്‍ മൂന്നു വ്യത്യസ്ത മാനങ്ങള്‍ അതില്‍ കാണാം. ദൈവം മനുഷ്യനോട് ചരിത്രത്തില്‍ ഇടപെട്ടപ്പോള്‍ കുരിശിന് രക്ഷയുടെയും സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പരിത്യാഗത്തിന്‍റെയും രൂപമായിരുന്നു. എന്നാല്‍, മനുഷ്യന്‍ ദൈവത്തെ കുരിശിന്‍റെ വഴിയില്‍ ദര്‍ശിച്ചപ്പോള്‍ അത് നരജന്മത്തിന് മൂല്യവും അര്‍ത്ഥവും ലക്ഷ്യവും നല്‍കുന്ന പ്രത്യാശയുടെ പ്രതീകമായിരുന്നു. മനുഷ്യനും മനുഷ്യനും മധ്യേ കുരിശിനെ ദര്‍ശിക്കുമ്പോള്‍ അത് ക്ഷമയുടെ പര്യായമായി നിലകൊള്ളുന്നു. ഈ മൂന്നുതലങ്ങളില്‍ കുരിശിനെ നോക്കുമ്പോള്‍, ڇകുരിശിന്‍റെ വചനംڈ എന്ന് കൊരിന്ത്യ ലേഖനത്തില്‍ (1:18) വിവക്ഷിക്കുന്നത് ഇതില്‍ ഏതു ഗണത്തില്‍ ഉള്‍പ്പെടും?
സഭയിലെ അഭിപ്രായഭിന്നതയും പിണക്കവും പക്ഷപാതവും ആണ് കൊരിന്ത്യലേഖനം ഒന്നാമധ്യായത്തിലെ പ്രതിപാദ്യവിഷയം. പിണക്കവും ഭിന്നതയും പക്ഷഭേദങ്ങളും മാറ്റിവച്ച് രക്ഷാമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍ക്കു വിജയകരമായി മുന്നേറുവാനുള്ള ശക്തിസ്രോതസ്സായി കുരിശിന്‍റെ വചനത്തെ സ്വീകരിക്കുവാനുള്ള ആഹ്വാനമാണ് ഈ അധ്യാത്തില്‍ ദൈവാത്മാവ് നല്‍കുന്നത്. സഭയുടെ ആരംഭംമുതലേ പക്ഷംപിടിക്കലും ഭിന്നതയും പിണക്കവും രൂപപ്പെട്ടുതുടങ്ങിയതായി അപ്പൊസ്തൊലപ്രവൃത്തികള്‍ ആറാം അധ്യായം മുതല്‍ കാണുന്നു. ഭിന്നതയിലൂടെ ദൈവസഭ വിഘടിച്ചുപോയപ്പോള്‍, അതിനു പരിഹാരമായി ദൈവാത്മാവ് നല്‍കിയ പ്രതിവിധിയാണ് കുരിശിന്‍റെ വചനം എന്നത്. കക്ഷിവഴക്കുകളും പാനല്‍ മത്സരങ്ങളും ഭിന്നതയും അട്ടഹാസങ്ങളും ആക്രോശങ്ങളുംകൊണ്ട് ക്രൈസ്തവജീവിതം കലുഷിതമാകുമ്പോള്‍ ഇന്നും കുരിശിന്‍റെ വചനത്തിലേക്കു തിരിയുവാനാണ് ദൈവാത്മാവ് സഭയെ ഉത്ബോധിപ്പിക്കുന്നത്. കാലാതിവര്‍ത്തിയായ ഈ ഈ സന്ദേശം മാത്രമേ വിഭാഗീയതയ്ക്ക് പരിഹാരമായി ദൈവാത്മാവ് നിര്‍ദേശിച്ചിട്ടുള്ളൂ.
അനുദിനജിവിതത്തില്‍ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുമായി ഇടപെടുമ്പോഴാണ് കുരിശിന്‍റെ വചനം രക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നതിനുള്ള (being saved)ദൈവശക്തിയായി രൂപപ്പെടുന്നത്. വിശ്വാസികള്‍ തമ്മില്‍ ഭിന്നതയുടെ സ്വരം ഉയരുമ്പോള്‍, അവിടെ ക്ഷമിക്കുവാനുള്ള ദൈവശക്തിയുടെ ഉറവിടമാണ് ക്രിസ്തുവിന്‍റെ കുരിശിന്‍റെ സന്ദേശം.
പഴയനിയമകാലത്തെ ഭക്തനായിരുന്ന ദാവീദിന്‍റെ ജീവിതവും അദ്ദേഹം മനസ്സിലാക്കിയ ക്ഷമയുടെ അര്‍ത്ഥവും നോക്കുമ്പോള്‍ മാത്രമേ പുതിയനിയമകാലത്തെ ക്ഷമയുടെ പ്രസക്തി മനസ്സിലാകുവയുള്ളൂ. ദാവീദിന്‍റെ ജീവിതാന്ത്യം ഒടുവിലത്തെ നാഴികയിലേക്കെത്തിയപ്പോള്‍ അദ്ദേഹം മകന്‍ ശലോമോനെ വിളിച്ചുപറയുന്നു: ഗേരയുടെ മകന്‍ ശമയി എന്നെ ശപിച്ചു, എങ്കിലും അവന്‍ എന്നെ യോര്‍ദ്ദാങ്കല്‍ എതിരേറ്റുവന്നതിനാല്‍ ഞാന്‍ അവനെ കൊല്ലുകയില്ല എന്ന് യഹോവയുടെ നാമത്തില്‍ സത്യം ചെയ്തു, എന്നാല്‍ ശലോമോനെ, നീ ബുദ്ധിമാനല്ലോ, അവന്‍റെ നരയെ രക്തത്തോടെ പാതാളത്തിലേക്ക് അയക്ക്കുക ( 1 രാജാക്കന്മാര്‍ 2:9). ഇതുപറഞ്ഞ ശേഷം ദാവീദ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു എന്നാണ് കാണുന്നത്. ശിമയയെ കൊല്ലുകയില്ലെന്നു യഹോവയുടെ നാമത്തില്‍ സത്യം ചെയ്തെങ്കിലും മരണത്തിന്‍റെ തൊട്ടടുത്തനിമിഷംപോലും ശിമയിയെക്കുറിച്ചുള്ള വൈരാഗ്യചിന്ത അദ്ദേഹത്തെ അസ്വസ്ഥമാക്കിയിരുന്നു, ഈ അസ്വസ്ഥചിന്തയുടെ പ്രതികാരം തന്‍റെ മകന്‍ ശലോമോന്‍ ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് മഹാനായ ദാവീദ് രാജാവ് ചരിത്രത്തില്‍നിന്ന് തിരോഭവിക്കുന്നത്.
പുതിയനിയമത്തിലെ ക്ഷമയുടെ ചിന്തകള്‍ ലോകത്തിന്‍റെ നിലനില്‍പ്പിനെതന്നെ താങ്ങിനിര്‍ത്തുവാനുള്ള അത്യന്തശക്തിയാണ് മനുഷ്യവര്‍ഗ്ഗത്തിനു നല്‍കിയത്. മനുഷ്യന്‍ ക്ഷമിക്കേണ്ടവനാണെന്നുള്ള അത്യുന്നതമായ ഈ ആത്മീയദര്‍ശനമാണ് കുരിശിലൂടെ ലോകം കണ്ടത്. ക്ഷമിക്കാന്‍ കഴിയുന്നവന്‍ അതിശക്തനാണെന്നു ലോകചിന്തകന്മാര്‍പോലും തിരിച്ചറിഞ്ഞ യാഥാര്‍ത്ഥമായി. അക്രമവും ബലാത്സംഗവും നീതിനിഷേധവും സഹിക്കാന്‍ വിധിക്കപ്പെട്ട നിരപരാധികളും അശരണരുമായ ആയിരങ്ങള്‍ ജീവിതത്തെ സധൈര്യം നേരിട്ടത് ക്രിസ്തുദര്‍ശനങ്ങളില്‍ നിന്നായിരുന്നു. ക്ഷമിക്കാന്‍ കഴിഞ്ഞതുകൊണ്ടുമാത്രം ജീവിച്ചു മുന്നേറാന്‍ സാധിച്ച അശരണരായ ആയിരങ്ങള്‍ കുരിശിലെ സന്ദേശത്തോട് കടപ്പെട്ടവരാണ്. പ്രതികാരത്തേക്കാളും ബലവത്താണ് ക്ഷമിക്കുന്നതിന്‍റെ ശക്തിയെന്ന് കഴിഞ്ഞ രണ്ടായിരംവര്‍ഷത്തെ ലോകചരിത്രത്തില്‍ മനുഷ്യന്‍ തിരിച്ചറിഞ്ഞത് കാല്‍വരിക്കുരിശില്‍നിന്നും ഉയര്‍ന്ന ക്ഷമയുടെ സന്ദേശത്തില്‍നിന്നുമായിരുന്നു. ശത്രുവിനെ ആയുധംകൊണ്ട് കീഴ്പ്പെടുത്തുന്ന യുഗത്തില്‍നിന്നും ശത്രുവിനെ ക്ഷമയിലൂടെ കീഴ്പ്പെടുത്തുന്ന യുഗമായി ബി.സിയും(Before Christ) എ.ഡിയും (After Christ) ക്രിസ്തുവിന്‍റെ കുരിശിലൂടെ വിഭജിക്കപ്പെട്ടു.
നിന്‍റെ ശത്രുവിനോടു ക്ഷമിക്കുക എന്ന ക്രിസ്തുവചനം ലോകത്തിനു സ്വര്‍ഗ്ഗത്തില്‍നിന്നു വീണുകിട്ടിയ അമൂല്യദര്‍ശനമായിരുന്നു. ഈ ദര്‍ശനത്തിന്‍റെ സ്വാധീനം കഴിഞ്ഞ ഇരുപത്തിയൊന്നു നൂറ്റാണ്ടുകളെ അതിജീവിക്കുവാന്‍ മനുഷ്യനെ കഴിയുമാറാക്കി. വെറുപ്പിന്‍റെയും പകയുടെയും വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും ലോകത്തില്‍ ക്ഷമയുടെ പ്രതികമായി അനേകം ക്രിസ്തുഭക്തന്മാര്‍ څڅഞാന്‍ നിന്നോടു ക്ഷമിക്കുന്നുچچ എന്ന് പറയുവാന്‍ മുന്നോട്ടുവന്നു. څڅഞാന്‍ നിന്നോടു ക്ഷമിക്കുന്നുچچ എന്ന് ഒടുവിലായി പറഞ്ഞുകൊണ്ട് എത്രയോ ക്രിസ്തുഭക്തമാര്‍ ക്രിസ്തീയജീവിതപന്ഥാവില്‍ രക്തസാക്ഷിത്വം വരിച്ചു! രക്തസാക്ഷിത്വത്തിന്‍റെ ബലിവേദികളില്‍ ഒടുവിലായി അവര്‍ ഉച്ഛരിച്ച കുരിശിന്‍റെ വചനങ്ങള്‍ എത്രയോ കിരാതന്മാരെ ക്രിസ്തുവിന്‍റെ മുന്നണിപ്പോരാളികാളാക്കി! സഭയുടെ ആദ്യരക്തസാക്ഷിയായ സ്തെഫാനോസിന്‍റെ അവസാനവാക്കുകള്‍ തന്‍റെ ഘാതകന്മാരോടുള്ള ക്ഷമയുടെ പ്രഖ്യാപനമായിരുന്നു. ڇകര്‍ത്താവേ, ഇവരുടെമേല്‍ ഈ  പാപം കണക്കിടരുതേڈ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടായിരുന്നു സ്തെഫാനോസ് ക്രിസ്തുവിന്‍റെ ആദ്യ രക്തസാക്ഷിയായത്.
സ്തെഫാനോസിന്‍റെ ഈ വചനങ്ങള്‍ സാവൂള്‍ എന്നൊരു കൊലപാതകിയുടെ കടങ്ങള്‍ ഇളച്ചുനല്‍കുവാന്‍ ദൈവഹൃദയത്തെ പ്രേരിപ്പിച്ചു. സ്തെഫാനോസിന്‍റെ വാക്കുകളിലൂടെ സാവൂള്‍ ക്ഷമിക്കപ്പെടുകയായിരുന്നു. ക്ഷമിക്കപ്പെട്ട സാവൂള്‍ പൗലോസായി രൂപാന്തരപ്പെട്ടുകൊണ്ട്, സ്തെഫാനോസ് അവസാനിപ്പിച്ചിടത്തുനിന്ന് പ്രയാണം തുടങ്ങി. ക്രിസ്തുഭക്തന്‍ തന്‍റെ ശത്രുവിനോടു ക്ഷമിക്കുന്നതിലൂടെ അവനെ നിത്യതയിലേക്ക്, ദൈവരാജ്യത്തിലേക്ക് നേടിയെടുക്കുകയാണ് ചെയ്യുന്നത് എന്ന അതിമഹത്തായ സന്ദേശം സഭയ്ക്ക് നല്‍കിയാണ് ആദ്യരക്തസാക്ഷി തന്‍റെ ഓട്ടം തികച്ചത്. സ്തെഫാനോസിന്‍റെ ഈ മാതൃക പൗലോസ് തന്‍റെ ജീവിതത്തില്‍ ഏറ്റെടുത്തതിന്‍റെ തെളിവുകള്‍ 2 കൊരിന്ത്യലേഖനം 2:10 അദ്ദേഹം ഏറ്റുപറയുന്നു: ڇനിങ്ങള്‍ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു. ഞാന്‍ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ നിമിത്തം ക്രിസ്തുവിന്‍റെ സന്നിധാനത്തില്‍ ക്ഷമിച്ചിരിക്കുന്നുڈ. ക്രിസ്തുവിന്‍റെ  സന്നിധാനത്തില്‍ സ്തെഫാനോസ് ക്ഷമിച്ചതിന്‍റെ അനുസ്മരണമായിരിക്കാം പൗലോസിന്‍റെ ഈ പ്രഖ്യാപനം.
ശത്രുവിനോട്, എതിരാളിയോടു ക്ഷമിക്കുന്നവന്‍ ക്രിസ്തുവിന്‍റെ സന്നിധാനത്തിലാണ് ക്ഷമിക്കുന്നത്. ഇതാണ് പുതിയനിയമത്തിലെ ക്ഷമയുടെ മാതൃക. ഇതാണ് കുരിശിന്‍റെ സന്ദേശവും. ദാവീദിന്‍റെ മാതൃക പിന്‍പറ്റി പുറമെ ക്ഷമിക്കുകയും അകമെ പകയുടെ കൈയ്പ്പ് നിലനിര്‍ത്തുകയും ഒടുവില്‍ തരംകിട്ടുമ്പോള്‍ എതിരാളിയെ ഒടുക്കിക്കളയുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ക്രിസ്തുവിനെ അറിയാത്തവരാണ്. ക്ഷമിക്കാന്‍ കഴിയാത്തവന്‍ സാത്താന്‍റെ കൈയിലെ കളിപ്പാവയാണ്. സാത്താന്‍റെ തന്ത്രങ്ങളുടെ പ്രധാന ഇരയാണ് ക്ഷമിക്കാന്‍ കഴിയാത്തവന്‍ എന്നാണ് ദൈവാത്മാവ് പൗലോസിലൂടെ സഭയെ അറിയിക്കുന്നത്. “സാത്താന്‍ നമ്മേ തോല്‍പ്പിക്കരുത്; അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ”. സാത്താന്‍റെ തന്ത്രങ്ങള്‍ ഒരു ക്രിസ്തുഭക്തനെ പരാജയപ്പെടുത്തുന്നത് അവനില്‍ ക്ഷമിക്കാന്‍ അനുവദിക്കാത്ത മനുസ്സ് രൂപപ്പെടുത്തിയാണ്. പ്രതികാരചിന്തകളുമായി ജീവിക്കുന്ന ക്രിസ്ത്യാനികളാണ്  കുരിശിന്‍റെ വചനത്തെ ഭോഷത്തമായി കണ്ട് നാശത്തിലേക്ക് പോകുന്നവര്‍. ക്രിസ്ത്യാനിയുടെ ഈ നിത്യനാശത്തിനാണ്  സാത്താന്‍റെ തന്ത്രം മെനയുന്നത് എന്ന് എത്രപേര്‍ തിരിച്ചറിഞ്ഞിരിക്കുന്നു?
സാത്താന്‍റെ തന്ത്രങ്ങളോട് എതിര്‍ത്തുനില്‍ക്കുവാന്‍ ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊള്ളുക എന്ന് ദൈവവചനം നമ്മെ ഓര്‍മിപ്പിക്കുന്നു (എഫേ 6:11). നമുക്ക് പോരാട്ടമുള്ളത് ജഡരക്തങ്ങളുമായി ജീവിക്കുന്ന മനുഷ്യരോടല്ല. ക്ഷമിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഒരുവന്‍ മറ്റൊരുവനോടു (ജഡരക്തങ്ങളോടു) പോരാടുന്നത്. ജഡരക്തങ്ങളോടു  പോരാടുന്നവന്‍ സാത്താനോടു പോരാടാന്‍ കഴിയാതെ തളര്‍ന്നുപോകുന്നു. ഈ തളര്‍ച്ചയാണ് നാശത്തിലേക്കു ഭക്തനെ തള്ളിയിടുന്ന പൈശാചികതന്ത്രങ്ങള്‍. ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗങ്ങള്‍ എല്ലാം നമ്മെ പ്രബലരാക്കുന്നതിന്‍റെ ഒരു പ്രധാന സംഗതി എതിരാളിയോടു ക്ഷമിക്കുവാനുള്ള ശക്തിക്കാണ്.
നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രെ എന്ന വാചകത്തിന്‍റെ മറ്റൊരു വ്യാഖ്യാനം ഏറെ ശ്രദ്ധേയമണ്.  For we are not fighting against people made of flesh and blood, but against persons without bodies (Living Bible ജഡരക്തമുള്ള വ്യക്തികളോടല്ല നമ്മുടെ പോരാട്ടം, ശരീരമില്ലാത്ത വ്യക്തികളോടാണ് നാം പോരാടുന്നത്) ശരീരമില്ലാത്തവനോടുള്ള പോരാട്ടമാണ് ക്രിസ്തീയജീവിതത്തിലെ പോരാട്ടമെന്നതും ശരീരമില്ലാത്ത ഈ ആത്മരൂപികളെ പരാജയപ്പെടുത്തുന്നതിലൂടടെയാണ് ക്രിസ്തീയജീവിതം വിജയിക്കുന്നത് എന്നുമാണ് ഇവിടെ വിവക്ഷിക്കുന്നത്.
അന്ധകാരശക്തികളോടു പോരാടി ജയിക്കുന്ന ക്രിസ്തീയജീവിതമാണ് ജയജീവിതം. യേശുക്രിസ്തുവിന്‍റെ കുരിശിലെ സന്ദേശവും അതുതന്നെയാണ്. “കുരിശില്‍ യേശു വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വയ്പ്പിച്ചു ജയോത്സവം കൊണ്ടാടി അവയെ പരസ്യമായ കാഴ്ചയാക്കി”യെന്ന് കൊലോസ്യര്‍ 2:15ല്‍ വായിക്കുന്നു. എന്തായിരുന്നു യേശുവിന്‍റെ കുരിശിലെ വിജയം? കുരിശിലെ വിജയം എന്തെന്ന് അറിയണമെങ്കില്‍ ലൂക്കോസ് 23:34 വായിക്കണം. അവിടെ ഇപ്രകാരം കാണുന്നു: “എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കണമേ എന്നു പറഞ്ഞു”. സാത്താന്‍ സര്‍വ്വസന്നാഹങ്ങളുമായി റോമന്‍ സൈന്യത്തെയും യഹുദമതതീവ്രവാദികളെയും ഉപയോഗിച്ച് ഏറ്റവും ക്രൂരമായി യേശുവിനെ പീഡിപ്പിച്ചിട്ടും കുരിശില്‍നിന്ന് മനുഷ്യവര്‍ഗ്ഗത്തോടു മുഴുവന്‍ ക്ഷമിക്കുന്ന ദൈവപുത്രന്‍റെ ശബ്ദമാണ് മുഴങ്ങിയത്. ഇവിടെ, ക്രിസ്തു ക്ഷമയുടെ വചനം ഉദ്ധരിക്കാതെ മരിച്ചിരുന്നുവെങ്കില്‍ അത് സാത്താന്‍റെ വിജയമാകുമായിരുന്നു. അതിലൂടെ മാനവകുലം രക്ഷ (മെഹ്മശേീി)യില്ലാതെ എന്നെന്നേക്കുമായി നശിക്കുമായിരുന്നു. എന്നാല്‍, ഘോരമായ പീഡനങ്ങളിലൂം മനുഷ്യവര്‍ഗ്ഗത്തോടു ക്ഷമിച്ചുകൊണ്ട് സാത്താന്‍റെ തന്ത്രങ്ങളെ പരാജയപ്പെടുത്തുവാന്‍ യേശുവിന് സാധിച്ചതാണ് കുരിശിന്‍റെ സന്ദേശത്തിന്‍റെ മര്‍മ്മം.
ക്ഷമിക്കുന്ന ഓരോ ക്രിസ്തുഭക്തനും ജയിക്കുന്നവനാണ്, ഇതാണ് ജയജീവിതം.  ക്ഷമിക്കാന്‍ കഴിയാത്തവന്‍ കുരിശിലെ സന്ദേശത്തെ ഭോഷത്തമായി കാണുന്നു; സര്‍വ്വനാശമാണ് ഇതിന്‍റെ അന്ത്യം.

Mathew Chempukandathil

Add comment

Most discussed