GM News Online

സത്യാരാധന: സത്യവും മിഥ്യയും

ആദമിന് എനോശ് ജനിച്ചശേഷമാണ് മനുഷ്യന്‍ ദൈവാരാധന ആരംഭിച്ചത് എന്ന് ഉല്‍പ്പത്തി 4:26ല്‍ കാണുന്നു. കയീനും ഹാബേലും തങ്ങളുടെ അധ്വാനഫലത്തില്‍നിന്നും ദൈവസന്നിധിയില്‍ ചിലതു കൊണ്ടുവന്നുവെങ്കിലും അവര്‍ ഒരു യാഗപീഠം പണിത് അതില്‍ യാഗമര്‍പ്പിച്ചുവെന്ന് വ്യക്തമായി തിരുവെഴുത്തില്‍ കാണുന്നില്ല. എന്നാല്‍ ഒരു യാഗപീഠം പണിത് ആദ്യമായി ആരാധനയായി ബലിയര്‍പ്പിച്ചത് നോഹയായിരുന്നു (ഉല്‍പ്പത്തി 8:20). പ്രളയത്തിനുശേഷം പെട്ടകത്തില്‍നിന്ന് പുറത്തിറങ്ങിയ നോഹ ആദ്യമായി ദൈവത്തിന് ബലിയര്‍പ്പിക്കുകയായിരുന്നു. പെട്ടകത്തിലൂടെ രക്ഷപ്പെട്ട ആദ്യമനുഷ്യന്‍ ദൈവമുമ്പാകെ څശുദ്ധിയുള്ള മൃഗچങ്ങളെ അര്‍പ്പിച്ചു ആരാധിക്കുന്നതായി ഇവിടെ കാണാം. പിതാവ് ആരാധനയുടെ സൗരഭ്യവാസന ആസ്വദിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു. പെട്ടകം സ്നാനത്തിന് ഒരു നിഴലാണെന്നു 1 പത്രോസ് 3:21ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ ജലസ്നാനത്തിലൂടെ യേശുക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗമായ ഓരോ മനുഷ്യനും ബലിയര്‍പ്പണത്തിലൂടെ ദൈവത്തെ പ്രസാദിപ്പിക്കേണ്ടതാണെന്ന് ഇത് വ്യക്തമാക്കുന്നു.

 

ദൈവാരാധനയുടെ ഭാഗമായി മൃഗങ്ങളെയും ധാന്യങ്ങളെയും എല്ലാം നോഹയുടെ കാലംമുതലേ ആദിമപിതാക്കന്മാര്‍ യാഗമര്‍പ്പിച്ചിരുന്നു. ഇയ്യോബ് പാപപരിഹാരയാഗം അര്‍പ്പിച്ചത് 1:5ല്‍ വായിക്കുന്നു. പാപപരിഹാരത്തിനായും നന്ദിസൂചകമായും മറ്റും ആടുകള്‍, കാളകള്‍, പ്രാവുകള്‍ എന്നിങ്ങനെ വിവിധ മൃഗങ്ങളെ ബലിയര്‍പ്പിച്ചുവെങ്കിലും ഇതിലെ ശ്രദ്ധേയമായ വസ്തുത ബലിപീഠത്തില്‍ ഇവയ്ക്കൊന്നും ജീവന്‍ ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ജീവനറ്റവയുടെ യാഗമായിരുന്നു ഇവയൊക്കെ. ആദ്യമായി ഒരു മനുഷ്യനെ ബലിയര്‍പ്പിക്കാന്‍ അബ്രഹാം തയാറായപ്പോള്‍ ദൈവം തടഞ്ഞതും പകരം ഒരു ആടിനെ നല്‍കിയതും ശ്രദ്ധേയമാണ്. ജീവനുള്ളവ യാഗപീഠത്തില്‍ അര്‍പ്പിക്കപ്പെടേണ്ട കാലം വരാനിരിക്കുന്നതേ ഉള്ളൂ. ആ കാലഘട്ടമാണ് നാം ഇന്ന് ജീവിക്കുന്ന പുതിയനിയമകാലഘട്ടം. ദൈവം മനുഷ്യനോട് പുതിയൊരു ഉടമ്പടിയില്‍ ഇടപെടാന്‍ മാറ്റിച്ചിരിക്കുന്ന കാലഘട്ടം (ഹെബ്രായര്‍ 8:10). ആ കാലഘട്ടത്തിനു മുമ്പ് ജീവനുള്ളതിനെ യാഗമാക്കുവാന്‍ പിതാവ് അനുവദിച്ചില്ല.

 

യാഗപീഠത്തിനു വെളിയില്‍വച്ച് കൊല്ലപ്പെട്ട മൃഗളെ ഇസ്രായേലില്‍ മക്കള്‍ നൂറ്റാണ്ടുകളോളം ദൈവത്തിന് അര്‍പ്പിച്ചുകൊണ്ടിരുന്നു. സോളമന്‍റെ കാലഘട്ടത്തില്‍ ആലയസമര്‍പ്പണത്തിന് സമര്‍പ്പിച്ച മൃഗങ്ങളുടെ സംഖ്യയും ഒഴുകിയ ചോരയും യഹൂദമതത്തെ ഒരു പ്രാകൃതമതമോ എന്ന് സംശയിപ്പിക്കുന്ന വിധമായിരുന്നു. എന്നാല്‍ ഹെബ്രായലേഖനം 9:22 വായിക്കുമ്പോഴാണ് ഇതിന്‍റെ അര്‍ത്ഥം മനസ്സിലാകുന്നത്. څരക്തം ചിന്താതെ പാപമോചനമില്ലچ എന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. മനുഷ്യന്‍റെ പാപത്തിന്‍റെ കാഠിന്യം څമറയ്ക്കുچവാനേ മൃഗരക്തം കൊണ്ടു കഴിഞ്ഞുള്ളൂ. എന്നാല്‍ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായ യേശുക്രിസ്തു, ആട്ടുകൊറ്റന്മാരുടെയും കോലാടുകളുടെയും രക്തത്താലല്ല, സ്വന്തരക്തത്താല്‍ ഒരിക്കലായിട്ട് വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ച് എന്നേക്കുമായുള്ള വീണ്ടെടുപ്പ് സാധിച്ചു (ഹെബ്രായര്‍ 9:11,12). യേശുക്രിസ്തുവിന്‍റെ രക്തം മനുഷ്യന്‍റെ പാപത്തെ എന്നെന്നേക്കുമായി കഴുകിക്കളയുന്നു എന്ന് 1 യോഹന്നാന്‍ 1:7ല്‍ വായിക്കുന്നു.

 

പഴയ ഉടമ്പടിയുടെ കാലഘട്ടം കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടായിരം കൊല്ലമെങ്കിലും ആയിരിക്കുന്നു. യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിനുശേഷമുള്ള ആദ്യ പെന്‍റക്കൊസ്റ്റ് ദിനം മുതല്‍ സ്വര്‍ഗീയപിതാവ് നമ്മോടു ഇടപെടുന്നത് ഈ പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്. ഈ ഉടമ്പടിയില്‍ ചത്തമൃഗങ്ങളുടെ യാഗമല്ല ജീവനുള്ളയാഗം അര്‍പ്പിക്കുവാന്‍ (റോമ 12:1) ആണ് വചനത്തിന്‍റെ പ്രമാണം.

 

യാഗപീഡത്തില്‍ അര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെ രക്തം ആരാധകന് ജഡശുദ്ധി (cleansing of the flesh – Hebrew 9:14) അല്ലെങ്കില്‍ ബാഹ്യമായ ശുദ്ധീകരണമേ നല്‍കിയുള്ളൂവെങ്കില്‍ നിഷ്കളങ്കനായ യേശുവിന്‍റെ രക്തം മനുഷ്യന്‍റെ മനഃസാക്ഷിയുടെ (conscience) ശുദ്ധീകരണമാണ് നിര്‍വ്വഹിക്കുന്നത് (ഹെബ്രായര്‍ 9:14). നോഹയുടെ കാലഘട്ടം മുതല്‍ ഭൂമുഖത്ത് അര്‍പ്പിക്കപ്പെട്ട ഒരു മൃഗബലിക്കും ആരാധകന്‍റെ മനഃസാക്ഷിയുടെ ശുദ്ധീകരണം സാധിച്ചില്ല. ഭക്ഷ്യങ്ങളും പാനീയങ്ങളും വഴിപാടുകളും യാഗവും കൂടെക്കൂടെ അര്‍പ്പിക്കപ്പെട്ടുവെങ്കിലും മനഃസാക്ഷിയില്‍ പുര്‍ണ്ണസമാധാനം വരാതെയായിരുന്നു ഓരോ യഹൂദനും ആലയത്തില്‍നിന്നും മടങ്ങിപ്പോയത്. എന്നാല്‍ യേശുവിലൂടെ ദൈവത്തെ അന്വേഷിക്കുന്നവന് കാല്‍വരിയാഗത്തിലൂടെ, മനഃസാക്ഷിയുടെ സമ്പൂര്‍ണ്ണ സമാധാനം അഥവാ വിശുദ്ധീകരണം ആണ് വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത്. വിശ്വസിക്കുന്നുവന് യേശുക്രിസ്തുവിന്‍റെ രക്തത്തിലൂടെ പ്രാശ്ചിത്വവും പാപമോചനുവം വരുത്തുവാന്‍ ദൈവം യേശുക്രിസ്തുവിനെ പരസ്യമായി നിറുത്തിയിരിക്കുന്നു എന്ന് റോമാ 3:25ല്‍ വായിക്കുന്നു. ആയതിനാല്‍ യേശുക്രിസ്തുവിന്‍റെ കാല്‍വരിയാഗത്തില്‍ വിശ്വസിക്കുന്ന വ്യക്തിക്ക് ഇനി പാപമോചനത്തിനായി മറ്റ് യാതൊരു കര്‍മങ്ങളോ അനുഷ്ഠാനങ്ങളോ പ്രാശ്ചിത്തമോ തീര്‍ത്ഥാടനമോ ആവശ്യമില്ല. മലകയറ്റമോ പുണ്യസ്ഥല സന്ദര്‍ശനങ്ങളോ ആവശ്യമില്ല. കുമ്പസാരവും പാപം മറ്റൊരു മനുഷ്യനോട് ഏറ്റുപറയുന്നതും ദൈവമുമ്പാകെയുള്ള പാപമോചനത്തിന് വേണ്ടിവരുന്നില്ല. യേശുക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് അതിനു വേണ്ടത്. വിശ്വസിക്കുന്നവര്‍ക്ക് അവന്‍റെ തന്‍റെ രക്തം മൂലം പ്രാശ്ചിത്തമാകുവാന്‍ ദൈവം യേശുവിനെ പരസ്യമായി നിറുത്തിയിരിക്കുന്നു. (റോമ 3:25) ഇനി പാപങ്ങള്‍ക്കുവേണ്ടിയോ ദേഹിയുടെയും മനഃസാക്ഷിയുടെയും വിശുദ്ധീകരണത്തിനായും പാപമോചനത്തിനായും മറ്റൊരു യാഗവും ആവശ്യമില്ല എന്ന് ഹെബ്രായര്‍ 10:18 അടിസ്ഥാനത്തില്‍ നമുക്ക് വിശ്വസിക്കാം.

 

പാപമോചനത്തിനായി ഇനി യാതൊരു യാഗവും ആവശ്യമില്ലെന്നു പറയുമ്പോള്‍ റോമാ ലേഖനം 12:1,2 വാക്യങ്ങളില്‍ പറയുന്ന ബുദ്ധിയുള്ള ആരാധന അഥവാ ജീവനുള്ള ആരാധന എന്നത് എന്താണ്? നമുക്ക് ഇതേക്കുറിച്ച് അല്‍പ്പമായി ചിന്തിക്കാം. യേശുക്രിസ്തു കാല്‍വരിയില്‍ യാഗമായത് മനുഷ്യന്‍റെ പാപമോചനത്തിനായിട്ട് ആയിരുന്നു. ഇത് ഒരുക്കലായി മാത്രം സംഭവിച്ചതായിരുന്നു. (ഹെബ്രായര്‍ 9:26) ഇതിന് അനുകരണമില്ല, അനുകരണം പാടില്ല. എന്നാല്‍ റോമാ ലേഖനം 12ല്‍ പറയുന്ന ജീവനുള്ളയാഗം ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍ ദൈവമുമ്പാകെ നടക്കേണ്ട ദിനംതോറുമുള്ള ആരാധനയാണ്. ഇതിന് യോഹന്നാന്‍ 4:20-23ല്‍ പറയുന്നത് സത്യാരാധനയെന്നും റോമാ 12:1ല്‍ പറയുന്നത് ജീവനുള്ള ആരാധനയെന്നുമാണ്. സത്യത്തില്‍, അല്ലെങ്കില്‍ വാസ്തവമായി തന്നെ ആരാധിക്കുന്നവരെയാണ് പിതാവ് അന്വേഷിക്കുന്നത്.

 

പുതിയനിയമകാലഘട്ടത്തോടെ ബലിയര്‍പ്പണത്തിന് പുതിയ നിര്‍വ്വചനം നിലവില്‍വന്നു. ബലിവസ്തുവിന്‍റെ സ്ഥാനത്ത് ചത്തമൃഗങ്ങള്‍ മാറി, ജീവനുള്ള ബലിവസ്തു യാഗപീഠത്തില്‍ യാഗമാകുവാനുള്ള കാലഘട്ടമായി. ജീവനുള്ള മനുഷ്യനായ അബ്രഹാം, ജീവനുള്ള തന്‍റെ മകനെ ബലിപീഠത്തില്‍വച്ച് യാഗമാക്കുന്നത് പിതാവ് തടഞ്ഞുവെങ്കില്‍, പുതിയനിയമകാലഘട്ടത്തില്‍ ആരാധകന്‍ തന്നെത്തന്നെ പിതാവിന് ആത്മീയയാഗമാക്കി ദിവസേന സമര്‍പ്പിക്കുന്നത് പിതാവിന് സ്വീകാര്യമാകുന്നു. ദിവസേനയുള്ള ഈ ആത്മീയയാഗം അഥവാ ആത്മീയ ആരാധനയാണ് (Spiritual worship) പിതാവ് അന്വേഷിക്കുന്ന സത്യാരാധന (true worship). പെട്ടകത്തിലൂടെ രക്ഷപ്രാപിച്ച നോഹ ശുദ്ധിയുള്ള മൃഗത്തെ യാഗമാക്കിയെങ്കില്‍ څപെട്ടകچത്തിലൂടെ രക്ഷപ്രാപിച്ച പുതിയനിയമസഭയിലെ വിശ്വാസി ജീവനുള്ള വിശുദ്ധയാഗമായി ദിവസേന തന്നെത്തന്നെ പിതാവിന് സമര്‍പ്പിക്കപ്പെടുന്നു. ഇതാണ് പുതിയനിയമസഭയിലെ ആത്മീയ ആരാധന.

 

ജീവനുള്ള ആരാധന എന്നതിന് മെസേജ് ബൈബിള്‍ നല്‍കുന്ന വിവര്‍ത്തനം ആശയത്തെ കുറേക്കൂടി വ്യക്തമാക്കുന്നു. അവിടെ പറയുന്നത് ശ്രദ്ധിക്കുക: Take your everyday, ordinary life—your sleeping, eating, going-to-work, and walking-around life—and place it before God as an offering. ജീവനുള്ള ആരാധനയെന്നത് ഒരു വിശ്വാസിയുടെ സമ്പൂര്‍ണ്ണ ജീവിതമാണ്. ദൈനംദിന ജീവിതത്തിലെ, ഉറക്കം, ഭക്ഷണം കഴിക്കുന്നത്, ജോലിചെയ്യുന്നതും തുടങ്ങി ജീവിതത്തിലെ എല്ലാം ചേരുന്നതാണ് ആരാധന. അപ്പോള്‍ ആത്മീയാരാധന കേവലം സഭായോഗത്തിലെ ഒരു പാട്ടോ കൈകൊട്ടലോ അല്ലെന്ന് വ്യക്തമാകുന്നു. ശരീരത്തിലെ അവയവങ്ങള്‍ എല്ലാറ്റിനെയും പൂര്‍ണ്ണമായും ദൈവസ്വീകാര്യം ലഭിക്കുന്ന വിധത്തില്‍ ആഴ്ചയില്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതാണ് ബുദ്ധിയുള്ള ആരാധന അല്ലെങ്കില്‍ ജീവനുള്ള ആരാധന. ഇതില്‍ പാട്ടിനോ കൈകൊട്ടലിനോ ആര്‍പ്പുമുഴക്കുന്നതിനോ സംഗീതോപകരണങ്ങള്‍ക്കോ സ്ഥാനമില്ല. ഏകാന്തതയിലും നിശ്ശബ്ദതയിലും ആള്‍ക്കൂട്ടത്തിലും യാത്രയിലും ജോലിയിലും നാം ദൈവസന്നിധിയില്‍ ആരാധകനായിരിക്കും.

 

വീണ്ടും ജനനം പ്രാപിച്ച ഓരോ വിശ്വാസിയും രാജപുരോഹിതനാണ് എന്ന് ദൈവവചനം വ്യക്തമാക്കുന്നു. ദൈവത്തിന് സ്വീകാര്യമായ ആത്മീയയാഗം യേശുക്രിസ്തുവിലൂടെ അര്‍പ്പിക്കുവാന്‍ തെരഞ്ഞെടുക്കപ്പെട്ട രാജപുരോഹിതനാണ് വിശ്വാസി (1 പത്രോസ് 2:5). സ്വന്തം ശരീരം അഥവാ ജീവിതം ആണ് യാഗവസ്തു. ഇസ്രായേലിലെ മഹാപുരോഹിതന്‍ ജീവനില്ലാത്ത മൃഗങ്ങളെ ദൈവമുമ്പാകെ യാഗം കഴിച്ചുവെങ്കില്‍ പുതിയനിയമസഭയിലെ രാജപുരോഹതിന്‍ സ്വന്തം ജീവിതവുമായി ദൈവസന്നിധിയില്‍ നിരന്തരയാഗം കഴിക്കുവാന്‍ നില്‍ക്കുന്നു. വിശുദ്ധിയുടെ അലങ്കാര വസ്ത്രമാണ് പുതിയനിയമ രാജപുരോഹിതന്‍ ധരിക്കുന്നത്.

 

എന്നാല്‍, ഈ അര്‍ത്ഥഗാംഭീര്യമുള്ള യാഗത്തെയും ജീവനുള്ള ആരാധനയെയും വെറും പാട്ടിലും കൈയടിയിലും തുള്ളിച്ചാട്ടത്തിലും ഒതുക്കി, നിരന്തരഹോമയാഗം നിര്‍ത്തല്‍ ചെയ്ത് സംഗീതവൃന്ദത്തെ പ്രതിഷ്ഠിക്കുന്ന മ്ലേഛതയാണ് ഇന്ന് സഭകളില്‍ നടക്കുന്നത്. ഇതാണ് ആത്മീയരെ എന്നെന്നേക്കും ശൂന്യമാക്കുന്നത് (ദാനിയേല്‍ 10:14). പ്രെയ്സ് ആന്‍ഡ് വര്‍ഷിപ് സംഘങ്ങള്‍ ആണ് ആരാധന നയിക്കുന്നത് എന്ന ധാരണ അത് വചനാധിഷ്ഠിതമല്ല, വചനവിരുദ്ധമാണ്; അല്ലെങ്കില്‍ പൈശാചികമാണ്. പാട്ടുപാടുന്നതും കൈകൊട്ടുന്നതും ആര്‍പ്പിടുന്നതുമാണ് പുതിയനിയമ ആരാധനയെന്ന് ധരിച്ചുവെച്ചിരിക്കുന്ന വ്യക്തിയാണ് ഇതു വായിക്കുന്നതെങ്കില്‍ ദൈവത്തിന്‍റെ മനസ്സലിവ് ഓര്‍മിപ്പിച്ച് നിങ്ങളെ പ്രബോധിപ്പിക്കട്ടെ: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന് പ്രസാദവുമുള്ള യാഗമായി സമര്‍പ്പിക്കുവിന്‍.

 

ആത്മീയഗാനങ്ങള്‍ പാടരുത് എന്നല്ല ഇപ്പറയുന്നതിന്‍റെ അര്‍ത്ഥം. സഭായോഗത്തില്‍ പാട്ടു പാടരുതെന്നോ കൈകൊട്ടരുതെന്നോ ആര്‍പ്പോടെ, ഘോഷത്തോടെ ദൈവസന്നിധിയില്‍ ആനന്ദിക്കരുതെന്നോ ഇതിന് അര്‍ത്ഥമില്ല. എന്നാല്‍, പാട്ടും കൈയടിയും അല്ല പുതിയനിയമസഭയിലെ ആത്മീയാരാധന എന്നേ ഇപ്പോറയുന്നതിന് അര്‍ത്ഥമുള്ളൂ. യേശുവും ശിഷ്യന്മാരും സ്തോത്രഗാനം പാടിയതായി മാര്‍ക്കോസിന്‍റെ സുവിശേഷം 14:26ല്‍ കാണുന്നു. സഭാമധ്യേ, സഹോദരന്മാരുടെ മധ്യേ പിതാവിനെ സ്തുതിക്കുന്ന യേശുവിനെ ഹെബ്രായര്‍ 2:12ല്‍ കാണുന്നു. സ്തുതിഗാനങ്ങള്‍ സ്തുതിഗാനങ്ങള്‍ തന്നെയാണ്. എന്നാല്‍ പുതിയനിയമ ആരാധനയെ പാട്ടുകള്‍കൊണ്ട് പൂര്‍ത്തീകരിക്കാനാവില്ല.

 

ശരീരത്തെയും ഇതിലെ ഓരോ അവയവത്തെയും അവയിലൂടെ ചെയ്തെടുക്കുന്ന ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന മനസ്സാണ് സത്യാരാധനയുടെ കേന്ദ്രബിന്ദു. സംശുദ്ധമായ മനസ്സാണ് പുതിയനിയമഭക്തന്‍റെ ആത്മീയനിലം. മനസ്സുപുതുക്കുമ്പോഴാണ്, അല്ലെങ്കില്‍ മനസ്സിനു വരുന്ന നവീകരണത്തിലൂടെയാണ് നാം ദൈവസന്നിധിയില്‍ സ്വീകാര്യരാകുന്നത്. തന്നില്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവരെ അന്വേഷിച്ച് യഹോവയുടെ കണ്ണ് ഭൂമിയില്‍ എല്ലാടവും സഞ്ചരിക്കുന്നു എന്ന് 2 ദിനവൃത്താന്തം 16:9ല്‍ വായിക്കുന്നു. കൂടാതെ 2 കൊരിന്ത്യന്‍സ് 11:2ല്‍ യേശുക്രിസ്തുവിനോടുള്ള ഏകാഗ്രതയില്‍ ആമഗ്നമായിരിക്കുന്ന മനസ്സുള്ളവരായി പുതിയനിയമഭക്തരെ വചനം വരച്ചുകാട്ടുന്നു. പിതാവിനോടും പുത്രനോടുമുള്ള ഈ ഏകാഗ്രചിത്തമാണ് ആരാധകനെ ദൈവന്നിധിയില്‍ സ്വീകാര്യനാക്കുന്ന ഒരു കാര്യം. ഹാബേലിലും അവന്‍റെ യാഗത്തിലും പ്രസാദിച്ചുവെങ്കില്‍ പുതിയനിയമഭക്തന്‍റെ ജീവിതവും ജീവിതത്തിന്‍റെ അടിസ്ഥാനത്തിലുള്ള സമര്‍പ്പണവുമാണ് ദൈവസന്നിധിയില്‍ അവനെ സ്വീകാര്യനാക്കുന്നത്. ഈ ആരാധനാ ജീവിതത്തില്‍ ശബ്ദത്തിനോ ശബ്ദമില്ലായ്മക്കോ പാട്ടിനോ കൈയടിക്കോ നൃത്തത്തിനോ ഒന്നും പ്രസക്തിയില്ല. മനസ്സും ഹൃദയവും ദൈവഭക്തിയില്‍ മുഴുകിയിരിക്കുമ്പോളാണ് അത് ആത്മാവിലും സത്യത്തിലും ആരാധനയാകുന്നത്. ദൈവസന്നിധിയിലേക്ക് ആദ്യഫലവുമായി വരുന്നതിനു മുമ്പ് കയീന്‍റെ ഹൃദയത്തില്‍ സഹോദരനോടു നീരസം ഉണ്ടായിരുന്നിരിക്കണം. ഈ നീരസമാണ് ദൈവസന്നിധിയിലെ അസ്വീകാര്യതയുടെ പേരില്‍ അവനെ കോപാകുലനാക്കുന്നതും ഒടുവില്‍ സഹോദരഹത്യയിലേക്കു അവനെ നയിക്കുന്നതും. കയീന്‍റെ ഹൃദയത്തിലെ ഈ കൈപ്പാണ് അവനെ ദൈവസന്നിധിയില്‍ അസ്വീകാര്യനാക്കിയത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ദൈവത്തിന് ആരോടും മുഖപക്ഷമില്ലല്ലോ (റോമ 2:11)

 

ശബ്ദത്തിനോ സംഗീതത്തിനോ കൈയടിക്കോ നല്‍കാനാവാത്തതും ഹൃദയത്തില്‍ നിറഞ്ഞുകവിയുന്നതുമായ വികാരമാണ് ഭക്തന്‍റെ ആരാധന. ഇതാണ് ബുദ്ധിയുള്ളതും പിതാവിന് സ്വീകാര്യവുമായ ആരാധന. സ്വന്തം ജീവിതത്തെയും സ്വന്തം ശരീര അവയവങ്ങളെയും വിശുദ്ധമായി സൂക്ഷിക്കുന്നതാണ് ദൈവമുമ്പാകെ സ്വീകാര്യമാകുന്ന പുതിയനിയമയാഗം. ഇതാണ് പിതാവിനെ പ്രസാദിപ്പിക്കുന്ന ആരാധന. ഈ യാഗം നിര്‍ത്തലാകാതെ ഓരോ വിശ്വാസിയുടെയും ജീവിതത്തില്‍നിന്ന് ആത്മീയസൗരഭ്യവാസന ദൈവസന്നിധിയിലേക്ക് ഉയരുമ്പോഴാണ് പുത്രത്വത്തിന്‍റെ അതിമഹത്തായ മറ്റൊരു ലക്ഷ്യത്തില്‍ നാം എത്തിച്ചേരുന്നത്. അവിടെയാണ് പുതിയനിയമഭക്തന്‍റെ ആത്മാവിലും സത്യത്തിലുമുള്ള ആരാധന ലക്ഷ്യപ്രാപ്തിയിലെത്തുന്നത്.

Mathew Chempukandathil

Add comment

Most discussed