GM News Online

ഈ അച്ചായന്‍ പറയുന്നതില്‍ യുക്തിയുണ്ടോ?, യേശുക്രിസ്തു ഇന്ത്യയില്‍ വന്നിരുന്നോ?

തന്‍റെ ജീവിതത്തിലെ അജ്ഞാതമായ ആ പതിനെട്ടു വര്‍ഷങ്ങള്‍ യേശുക്രിസ്തു എപ്രകാരം ചെലവിട്ടു? വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരുപോലെ അറിയാന്‍ ഏറെ ആകാംക്ഷയുള്ള ഒരു ചോദ്യമാണ്. ഇന്‍റര്‍നെറ്റില്‍ അന്വേഷിച്ചാല്‍ ഈ വിഷയത്തില്‍ പുസ്തകങ്ങള്‍, ഡോക്യുമെന്‍ററികള്‍, കഥകള്‍, ഉപന്യാസങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിങ്ങനെ വിവിധങ്ങളായ ഉപാധികളില്‍ അനേകായിരങ്ങളഉടെ ഉത്തരം നമ്മുടെ മുന്നിലെത്തും. ഇതില്‍ ശരിയേത്, തെറ്റേത് എന്നത് വീണ്ടും മറ്റൊരു ചോദ്യമായി നമ്മുടെ മുന്നില്‍ നില്‍ക്കും. യേശുവേ, അങ്ങയുടെ ജീവിതത്തിലെ ആ പതിനെട്ടു വര്‍ഷങ്ങള്‍ എവിടെപ്പോയി? ഉത്തരംതേടി ബൈബിളിലേക്കു തന്നെ നോക്കാം.

 

സാമൂവല്‍ കൂടല്‍

 

യേശുക്രിസ്തു ഭാരതത്തില്‍ വന്നുവെന്ന് വാദിക്കുന്ന ഒരു കൂട്ടരുണ്ട്. ഈ അടുത്ത സമയത്ത് സാമൂവല്‍ കൂടല്‍ എന്ന വ്യക്തി യൂടൂബിലൂടെ ഈ വിഷയത്തെ ആസ്പദമാക്കി സംസാരിക്കുന്നതു കണ്ടു. ഈ വാദഗതി എന്താണെന്നു നോക്കാം.

 

പന്ത്രണ്ട് വയസിനു ശേഷം യേശുക്രിസ്തു ഇന്ത്യയില്‍ വന്നുവെന്ന് വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ഉണ്ട്. ഈ ചിന്ത വളരെ വര്‍ഷങ്ങള്‍ക്കു മുമ്പേ വ്യാപരിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയമാണ്. യേശുവിന് ഇന്ത്യയുമായി എങ്ങനെ ബന്ധപ്പെടാന്‍ കഴിഞ്ഞു? ഇതിനു പറയുന്ന ന്യയം, കാലിത്തൊഴുത്തില്‍ ഉണ്ണിയേശുവിനെക്കാണാന്‍ കിഴക്കുനിന്നെത്തിയ വിദ്വാന്മാരിലൂടെ അത്ഭുതശിശുവിന്‍റെ ജനനം കിഴക്കന്‍ രാജ്യങ്ങള്‍ അറിഞ്ഞിരുന്നുവത്രെ. ഈ ജ്ഞാനികള്‍ പറഞ്ഞതനുസരിച്ച് മറ്റൊരു കൂട്ടം ജ്ഞാനികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം യേശുവിനെ അന്വേഷിച്ച് പോവുകയും അവര്‍ ജറുസലേം ദൈവാലയത്തില്‍ ന്യായശാസ്ത്രികളുമായി തര്‍ക്കിച്ച് വിജയിച്ചിരിക്കുന്ന ബാലനായ യേശുവിനെ കണ്ടുമുട്ടുകയും ചെയ്തു. ഈ സംഘം ഭാരതത്തെക്കുറിച്ചും ഭാരത ആത്മീയതയെക്കുറിച്ചും യോഗയെക്കുറിച്ചും യേശുവിനോടു സംസാരിച്ചു. ഈ നവീന ആത്മീയതയില്‍ ആകൃഷ്ടനായി യേശു അവരോടൊപ്പം ഭാരതത്തില്‍ വന്നുവെന്നും അവിടെ വിവിധ വിദ്യാപീഠങ്ങള്‍ സന്ദര്‍ശിച്ച്, വേദാന്തങ്ങളെയും അതിലുള്ള ആത്മീയ ചിന്തകളെയും സ്വായത്തമാക്കിയെന്നും പറയുന്നു. വിവിധതരം യോഗകള്‍ പഠിച്ച്, ശരീരത്തിന്‍റെ ഭാരത്തെ നിയന്ത്രിച്ചുകൊണ്ട് വെള്ളത്തിന്മേല്‍ നടക്കാന്‍ പരിശീലിച്ചുവെന്നും ആത്മാവിനെ സ്വന്തം ശരീരത്തില്‍നിന്നും എടുത്തുമാറ്റുവാനും തിരികെ എത്തിക്കുവാനും പരിശീലിച്ചുവെന്നും ഇവര്‍ വിശ്വസിക്കുന്നു (ഇതൊക്കെ വെറും അവകാശവാദമാണ്. യോഗ ഇത്രമേല്‍ പ്രചുരപ്രചാരം നേടിയ ഇക്കാലത്തുപോലും ഇതൊക്കെ ചെയ്യുന്ന ആരും ഇതുവരെയും മുന്നോട്ടു വന്നിട്ടില്ല)

 

യേശുക്രിസ്തു ഭാരതത്തിന്‍റെ സ്വാധീനത്തില്‍ ആയിരുന്നു എന്നു വിശ്വസിക്കുന്നവര്‍ പ്രചരിപ്പിക്കുന്ന ചില ഉദാഹരണങ്ങള്‍ നോക്കാം. ഭാരത ആത്മീയചിന്തയുടെ ശക്തിസ്രോതസ്സായ ഉപനിഷത്തുകളില്‍ (ചാന്ദോക്യോപനിഷത്ത്) പ്രതിപാദിക്കുന്നത് ദൈവവും മനുഷ്യനും ഒന്നാണെന്നാണ്. ദൈവത്തെ തേടി അലഞ്ഞ മനുഷ്യന്‍ ഒടുവില്‍ തന്നിലേക്ക് തന്നെ നോക്കി. അവിടെ ദൈവം വസിക്കുന്നതായും ദൈവം തന്നില്‍ കുടികൊള്ളുന്നതായും ദൈവം എന്നത് “ഞാന്‍ തന്നെയാണെ”ന്നുമുള്ള സത്യം കണ്ടെത്തുന്നു. ഈ ദര്‍ശനത്തെ സംസ്കൃതത്തില്‍ “തത്വമസി” എന്ന് പറയുന്നു. നീ ആരേ അന്വേഷിക്കുന്നുവോ അത് നീ തന്നെ, അല്ലെങ്കില്‍ നിന്നില്‍ തന്നെ എന്നാണ് തത്വമസി എന്ന വാക്കിന്‍റെ അര്‍ത്ഥം. വൃതമെടുത്ത് ഇരുമുടിക്കെട്ടുമായി ശബരിമലയിലെ പതിനെട്ടാം പടി കയറിച്ചെല്ലുന്ന അയ്യപ്പഭക്തനെ എതിരേല്‍ക്കുന്നത് ഈ വചനമാണ്. നീ ആരേ അന്വേഷിച്ചുവന്നോ അത് നിന്നില്‍തന്നെ കുടികൊള്ളുന്നൂ എന്ന സന്ദേശമാണ് ഇവിടെയുള്ളത്.

 

യേശുക്രിസ്തു തന്‍റെ പരസ്യജീവിതകാലത്ത് പറഞ്ഞു: ഞാനും പിതാവും ഒന്നാകുന്നു (യോഹന്നാന്‍ 10:30). ഈ വചനം ഹൈന്ദവ തത്വശാസ്ത്രചിന്തയിലെ അദ്വൈതവാദമാണെന്ന് വിശ്വസിക്കുന്നവുരണ്ട്. മനുഷ്യനും ദൈവവും ഒന്നുതന്നെയാണെന്നുള്ള ചിന്തയാണ് അദ്വൈതവാദം. സകലവും ബ്രഹ്മമയം എന്നതാണ് ഇന്ത്യന്‍ തത്വചിന്തയുടെ ഉറവിടം. തൂണിലും തുരുമ്പിലും പുല്ലിലും പൂവിലും ദൈവം ഇരിക്കുന്നു എന്ന ചിന്ത. അഹിംസാസിദ്ധാന്തത്തിലേക്ക് ഗാന്ധിയെ നയിച്ചതും ഈ ചിന്തയായിരുന്നു എന്നു പറയുന്നവരുണ്ട്. ഒന്നിനെയും ഹിംസിക്കരുത് (കൊല്ലരുത്), എല്ലാറ്റിലും ദൈവം കുടികൊള്ളുന്നു. ഭക്ഷണപദാര്‍ത്ഥങ്ങളിലും ദൈവം ഉണ്ട്. എന്നാല്‍ അതിജീവിക്കുവാനായി മനുഷ്യന്‍ എന്തെങ്കിലും ഭക്ഷിച്ചേ മതിയാകൂ. അതിനാല്‍ അതിജീവനത്തിനായി ഏറ്റവും കുറച്ച് ഹിംസ ചെയ്ത് അതായത് ഏറ്റവും കുറച്ച് ഭക്ഷിച്ച് ജീവിക്കുക. ഭക്ഷണം കുറയ്ക്കുന്നതിലൂടെ ഹിംസ കുറയുന്നു, എന്നിങ്ങനെ ഹിംസയുടെ ലഘൂകരണത്തിലൂടെ ഈശ്വരപ്രീതി സമ്പാദിക്കുക എന്നതാണ് അഹിംസാവാദത്തിന്റെ അന്തസത്ത. എന്നാല്‍ ഇവിടെ രസകരമായ മറ്റൊരു കാര്യം പറയട്ടെ, ജാതിചിന്തയുടെ അടിസ്ഥാനത്തില്‍ താഴ്ന്നജാതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന മനുഷ്യനില്‍മാത്രം ദൈവം കുടികൊള്ളുന്നതായി സവര്‍ണ്ണര്‍ വിശ്വസിക്കുന്നില്ല. മൃഗത്തിലും തൂണിലും തുരുമ്പിലും പെരിച്ചാഴിയിലും കറുകപ്പുല്ലില്‍പോലും ദൈവത്വം ആരോപിച്ച് അതിനെ ആരാധിക്കുന്നവര്‍ക്ക് താഴ്ന്നജാതിയില്‍പെട്ട മനുഷ്യനെ ദൈവാംശമില്ലാത്ത, മൃഗത്തിലും താഴ്ന്ന ഒരു അന്യഗ്രഹജീവിയായിട്ടാണ് കാണുന്നത്! അല്ലെങ്കില്‍ സകലമൃഗങ്ങളിലും കുടികൊള്ളുന്ന ഈശ്വരനുപോലും വേണ്ടാത്തവനായി ശൂദ്രര്‍ (താഴ്ന്നജാതിക്കാര്‍) ജനിക്കുകയും തിരോഭവിക്കുകയും ചെയ്യുന്നുവെന്നര്‍ത്ഥം. അഹിംസ, തത്വമസി തുടങ്ങിയ ചിന്തകള്‍ പ്രതിരോധകവചം നഷ്ടപ്പെട്ട് വിമര്‍ശനശരങ്ങളേറ്റ് നിലംപരിശായതും അന്ത്യശ്വാസം വലിക്കുന്നതും ഇവിടെ നാം കാണുന്നു.

 

“ഞാനും പിതാവും ഒന്നാണ്” എന്ന് യേശു പറഞ്ഞത് ഭാരതത്തിന്‍റെ സ്വാധീനംകൊണ്ടായിരുന്നോ? ഒരിക്കലുമല്ല. യേശുക്രിസ്തുവിന്‍റെ പരസ്യജീവിതകാലത്ത് യേശു പറഞ്ഞ ഏറെ ശ്രദ്ധേയമായ ഒരു പ്രഖ്യാപനമായിരുന്നു څഞാനും പിതാവും ഒന്നാകുന്നുچ എന്നത്. താന്‍ ദൈവമായിരുന്നു എന്ന് യേശു പറഞ്ഞോ എന്ന് ചോദിക്കുന്നവരുണ്ട്. എത്രമേല്‍ ഉത്തരം നല്‍കിയാലും ഇക്കൂട്ടര്‍ക്ക് തൃപ്തിയാകില്ല. എന്നാല്‍ ഞാനും പിതാവും ഒന്നാകുന്നുവെന്നുള്ള യേശുവിന്‍റെ പ്രഖ്യാപനം, താന്‍ ദൈവമാകുന്നു എന്നുള്ള വ്യക്തമായ പ്രഖ്യാപനമായിരുന്നു. കൂടാതെ, യോഹന്നാന്‍ 5:18ല്‍ യേശു, തന്നെ ദൈവത്തോടു സമനാക്കിയതായും യഹൂദര്‍ യേശുവിനെ വധിക്കുവാന്‍ ശ്രമിച്ചതായും രേഖപ്പെടുത്തിയിരിക്കുന്നു.

 

ഞാനും (യേശു) പിതാവും ഒന്നാണ് എന്ന് യേശു പറയുമ്പോള്‍, യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന് മുമ്പ് യേശുവും പിതാവും ഒന്നായിരുന്നു എന്നതിന് എന്തെങ്കിലും തെളിവുണ്ടോ? ഉത്തരം ഏശയ്യാ പ്രവചനം ആറാം അധ്യായത്തില്‍ കാണുന്നു. ڇഉസിയാരാജാവു മരിച്ചവര്‍ഷം കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവന്‍ നിറഞ്ഞുനിന്നു. 2 അവിടുത്തെ ചുറ്റും സെറാഫുകള്‍ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ പറക്കാനുള്ളവയായിരുന്നു. 3 അവ പരസ്പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്ധന്‍, പരിശുദ്ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ് പരിശുദ്ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വം നിറഞ്ഞിരിക്കുന്നു (ഏശയ്യ 6:1-3). ഇവിടെ ഏശയ്യാ പ്രവാചകന്‍ ദര്‍ശിച്ച ഈ സംഹാസനത്തില്‍ ഉപവിഷ്ടനായിരുന്നത് ആരായിരുന്നു? ഇതിനുള്ള ഉത്തരം യേശുക്രിസ്തുതന്നെ യോഹന്നാന്‍ 12:38-41ല്‍ നല്‍കുന്നതു കാണുക: ڇഏശയ്യാ പ്രവാചകന്‍ പറഞ്ഞവചനം പൂര്‍ത്തിയാകേണ്ടതിനാണ് ഇത്. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം ആരു വിശ്വസിച്ചു? കര്‍ത്താവിന്‍െറ ഭുജം ആര്‍ക്കാണു വെളിപ്പെട്ടത്? അതുകൊണ്ട് അവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏശയ്യാ വീണ്ടും പറഞ്ഞിരിക്കുന്നു: അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ടു കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്കു തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയുംചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു. അവന്‍െറ മഹത്വം കാണുകയും അവനെപ്പറ്റി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് ഏശയ്യാ ഇങ്ങനെ പ്രസ്താവിച്ചത്ڈ (യോഹന്നാന്‍ 12:38-41).

 

ഈ വചനങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് ഞാനും പിതാവും ഒന്നാകുന്നു എന്ന് യേശു പറയുന്നത് ഭാരതതത്വചിന്തയുടെ ജല്‍പനങ്ങളായിട്ടല്ല, ദൈവികതയുടെ യാഥാര്‍ത്ഥ്യബോധത്തില്‍നിന്നുള്ള പ്രഖ്യാപനമായിട്ടാണ് സുബോധമുള്ളവര്‍ മനസ്സിലാക്കുന്നത്.

 

യേശുക്രിസ്തുവിന്‍റെ ദൈവത്വവും പൗരസ്ത്യദര്‍ശനങ്ങളും ആദ്യമേ ചോദ്യം ചെയ്യേണ്ടിയിരുന്ന വ്യക്തി അപ്പൊസ്തൊലനായ പൗലോസ് ആയിരുന്നു. യഹൂദദൈവശാസ്ത്രത്തില്‍ ആഴമേറിയ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. യേശുവിന്‍റെ ദര്‍ശനം ലഭിച്ചശേഷം ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു പ്രത്യക്ഷനായ നിരവധിപേരെ കണ്ടുമുട്ടുകയും യേശുക്രിസ്തുവിനെക്കുറിച്ച്, ക്രിസ്തുശിഷ്യന്മാരില്‍നിന്ന് വ്യക്തമായി മനസ്സിലാക്കുകയും ചെയ്തിരുന്നു. ഏതെങ്കിലും തത്വചിന്തയായിരുന്നു ക്രിസ്തുവിനെ നയിച്ചിരുന്നതെങ്കില്‍ ക്രിസ്തുവിന്‍റെ ആദ്യത്തെ എതിരാളി അപ്പൊസ്തൊലനായ പൗലോസ് ആകുമായിരുന്നു. എന്നാല്‍, തന്‍റെ ജീവിതവും എഴുത്തുകളും പ്രസംഗങ്ങളും എല്ലാം ക്രുശിക്കപ്പെട്ട, ഉയിര്‍പ്പിക്കപ്പെട്ട, ജീവിക്കുന്ന ദൈവപുത്രനും ദൈവം തന്നെയുമായ ക്രിസ്തുവിനെക്കുറിച്ചുള്ളതായിരുന്നു (റോമ 1:4-5, 1 കൊരി 1:23, 15:6).

 

പിതാവ് എന്നെ അയച്ചിരിക്കുന്നു എന്നത് യേശു പറഞ്ഞത് യോഹന്നാന്‍ 10:36ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. അപ്പോള്‍ അയച്ചവനും അയക്കപ്പെട്ടവനുമുണ്ട്. അതായത് അദ്വൈതചിന്തയുടെ പ്രതിഫലനമല്ല ഇവിടെ കാണുന്നത്. പിതാവും പുത്രനും രണ്ട് വ്യക്തിത്വങ്ങളാണെന്നുതന്നെയാണ് ഇതിനര്‍ത്ഥം. അതോടൊപ്പം, ഞാന്‍ പിതാവിലും പിതാവ് എന്നിലും (യോഹന്നാന്‍ 10:38) എന്നത്, പിതാവും പുത്രനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയും കാണിക്കുന്നു.

 

യേശുവില്‍ അദ്വൈതചിന്ത ദര്‍ശിച്ചയാരുന്നു കത്തോലിക്കാ ഗാനരചയിതാവായിരുന്ന ഫാദര്‍ ആബേല്‍ സി.എം.ഐ പ്രശസ്തമായ ഗാനം -ഈശ്വരനെ തേടി ഞാനലഞ്ഞൂ എന്നത് എഴുതിയത്. ഈശ്വരനെ തേടി പലയിടങ്ങളിലും അലഞ്ഞ മനുഷ്യന്‍ അവസാനം എന്നിലേക്കു ഞാന്‍ തിരിഞ്ഞു, ഹൃദയത്തിലേക്ക് നോക്കി, അപ്പോള്‍ ഈശ്വരനെ അവിടെ ദര്‍ശിച്ചു. ഇപ്രകാരം അനേകം ഭാരത ക്രൈസ്തവര്‍ അദ്വൈതചിന്തയില്‍ ആശയക്കുഴപ്പം നേരിട്ടവരാണ്. ഈ ആശയക്കുഴപ്പത്തില്‍ ഉഴലുന്നവര്‍ക്ക് ഇന്നും യേശു ഗുരുവാണ്.

 

യേശുക്രിസ്തുവിന്‍റെ ജീവിതത്തിലെ അറിയപ്പെടാത്ത ആ പതിനെട്ടുവര്‍ഷങ്ങളുടെ നിഗൂഢതകളെ അന്വേഷിച്ചുനടന്നവര്‍ സ്വയംതൃപ്തരാകുവാനായി കണ്ടെത്തിയ ന്യായവാദങ്ങളായിരുന്നു ഇന്ത്യന്‍ഫിലോസഫിയും അദ്വൈതചിന്തകളും എല്ലാം.

 

യേശുവിന്‍റെ പേരില്‍ ഇന്ത്യയില്‍ മറ്റൊരു കഥ പ്രചരിക്കുന്നുണ്ട്. അത് കാഷ്മീരിലെ കല്ലറയുടെ പേരിലാണ്. മുസ്ലിംങ്ങളാണ് ഈ കഥ പ്രചരിപ്പിക്കുന്നത്. യേശുക്രിസ്തുവിനെ കുരിശില്‍ തറയ്ക്കാന്‍ റോമന്‍ പട്ടാളക്കാര്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലെന്നും ക്രിസ്തുവിന്‍റെ മുഖസാദൃശ്യമുള്ള മറ്റൊരു വ്യക്തിയെ ദൈവം ക്രൂശിക്കുന്നതിനായി വിട്ടുകൊടുത്തുവെന്നും ക്രൂശീകരണത്തില്‍നിന്ന് രക്ഷപ്പെട്ട് യേശു കാഷ്മീരിലെത്തിയെന്നും അവിടെവച്ച് മരിച്ചുവെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. കാഷ്മീരിലെ യേശുവിന്‍റെ കല്ലറ ഈ പേരില്‍ പ്രസിദ്ധവുമാണ്.

 

ജപ്പാനില്‍ യേശുക്രിസ്തു ജീവിച്ചിരുന്നുവെന്നും അവിടെവച്ച് മരിച്ച് ഒമോറി ജില്ലയിലുള്ള ഹെരായ ഗ്രാമത്തില്‍ യേശുവിനെ അടക്കിയതിന്‍റെ തെളിവുകളുണ്ടെന്നും ജപ്പാനിലെ ഒരുകൂട്ടം ആളുകള്‍ വിശ്വസിക്കുന്നു.

 

അറിയപ്പെടാത്ത ആ പതിനെട്ടു വര്‍ഷങ്ങള്‍ വാസ്തവത്തില്‍ യേശു എവിടെയായിരുന്നു? ഊഹങ്ങളും അനുമാനങ്ങളും മാറ്റിവച്ച് ദൈവവചനത്തില്‍തന്നെ ഇത് അന്വേഷിക്കാം. പന്ത്രണ്ടു വയസുവരെയുള്ള യേശുവിന്‍റെ ജീവിതത്തിന്‍റെ അവസാനം യേശുവിനെ ദേവാലയതതില്‍ വേദശാസ്ത്രികളുമായി തര്‍ക്കുന്നതാണ് കാണുന്നത്. (ലൂക്കോസ് 2:46-49). തുടര്‍ന്ന് മാതാപിതാക്കള്‍ യേശുവിനെ നസെറത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അവിടെ യേശു മാതാപിതാക്കള്‍ക്ക് കീഴടങ്ങി ജീവിച്ചു, ജ്ഞാനത്തില്‍ വളര്‍ന്നു (ലൂക്ക് 2:51) എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

 

മാതാപിതാക്കള്‍ക്ക് കീഴടങ്ങി ഒരു യഹൂദബാലന്‍ എപ്രകാരം ആയിരിക്കണം ജീവിക്കേണ്ടത്? നിശ്ചയമായും വീട്ടില്‍, മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം ജീവിച്ചു; സമപ്രായക്കാരായ കുട്ടികളോടൊത്ത് കളിച്ചും വിദ്യാലയത്തില്‍ പോയി പഠിച്ചും മാതാപിതാക്കളെ സഹായിച്ചും യഹൂദബാലനായി യേശു ജീവിച്ചു എന്ന് സ്പഷ്ടം. പിതാവിനോടൊത്ത് ഒരു മരപ്പണിശാലയില്‍ ആ നാട്ടിലെ ആളുകള്‍ക്ക് മരഉരുപ്പിടികള്‍ നിര്‍മിച്ചു നല്‍കി ഉപജീവനം കണ്ടെത്തി. സാബത്തില്‍ ദേവാലയത്തില്‍പോകുമ്പോള്‍ വാഗ്ദത്ത മശിഹായേക്കുറിച്ചുള്ള പ്രസംഗങ്ങള്‍ മുപ്പതു വര്‍ഷത്തോളം അവിടുന്നു കേട്ടു, എന്നാല്‍ പിതാവ് അനുവദിക്കുന്ന സമയം വരെ അതെല്ലാം കേട്ടു നശ്ശബ്ദനായിരുന്നു.

 

യേശുവിന്‍റെ പരസ്യജീവിതകാലത്ത്, തന്നെ അവിശ്വസിച്ച യഹൂദ ഫരിസേയരോടു സംസാരിക്കുമ്പോള്‍ യേശു ചോദിക്കുന്ന ഒരു ചോദ്യം ശ്രദ്ധിക്കുക: നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തും? (യോഹന്നാന്‍ 8:46). യേശുവിന്‍റെ ജീവിതത്തിലെ പതിനെട്ടു വര്‍ഷങ്ങള്‍ എവിടെയായിരുന്നു എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയാണ് യേശു ചോദിച്ച ഈ ചോദ്യം. എന്തായിരുന്നു ഈ ചോദ്യത്തിന്‍റെ പ്രസക്തി?

 

യേശുവിന്‍റെ ഈ ചോദ്യത്തിന് ഉത്തരം നല്‍കുവാന്‍ ആ സമൂഹത്തില്‍ ആര്‍ക്കും സാധിച്ചില്ല എന്ന് വളരെ സ്പഷ്ടം. ഇവിടെയാണ് യേശുവിന്‍റെ രഹസ്യജീവിതം മാതാപിതാക്കളോടു വിധേയപ്പെട്ട് അവരോടൊപ്പം മാത്രമായിരുന്നു എന്നത് തെളിയുന്നത്. മാതാപിതാക്കള്‍ക്ക് വിധേയപ്പെടാതെ യേശു ഒരു ലോകസഞ്ചാരിയായി ഇന്ത്യയിലും ടിബറ്റിലും കാഷ്മീരിലും കറങ്ങി നടക്കുകയായിരുന്നുവെങ്കില്‍ ആ സമൂഹത്തിന് തിരിച്ചു ചോദിക്കാന്‍ കഴിയുമായിരുന്നു ڇപതിനെട്ടോളം വര്‍ഷങ്ങളിലായി അജ്ഞാതവാസത്തില്‍ കഴിഞ്ഞ നീ പാപിയല്ല എന്ന് എങ്ങനെ ഉറപ്പിച്ചു പറയാന്‍ കഴിയും? നിന്‍റെ ജീവിതം എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ലല്ലോ, പിന്നെ എങ്ങനെ നീ പാപിയാണോ അല്ലയോ എന്ന് പറയാന്‍ കഴിയും സുഹൃത്തെ?ڈ ആ സമൂഹത്തില്‍ തന്നെ യേശുവിന് വെല്ലുവിളി ഉയരുമായിരുന്നു. എന്നാല്‍ ആരും അതിന് തയാറായില്ല എന്നത് സുവ്യക്തമാണ്.

 

മോശെയുടെ ന്യായപ്രമാണത്തില്‍ പറയുന്നത് നോക്കുക “അപ്പന്‍റെയും അമ്മയുടെയും വാക്കു കേള്‍ക്കാതെയും അവര്‍ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന മകനെ മാതാപിതാക്കള്‍ പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കലെത്തിച്ച്, മാതാപിതാക്കള്‍ മകന്‍റെ കുറ്റം ചൂണ്ടിക്കാട്ടണമെന്നും അപ്രകാരമുള്ള മകനെ കല്ലെറിഞ്ഞു കൊല്ലണമെന്നുമാണ് (ദിനവൃത്താന്തം 21:18)”. അങ്ങനെയെങ്കില്‍, ലോകസഞ്ചാരിയായി നടന്ന് തിരിച്ചുവരുന്ന മകനെ മാതാപിതാക്കള്‍ തന്നെ ശിക്ഷയ്ക്കു വിധേയമാക്കണമായിരുന്നു. എന്നാല്‍ യേശുവിന്‍റെ കാര്യത്തില്‍ മാതാപിതാക്കള്‍ അതു ചെയ്തില്ല! അതിന് കാരണം ഒന്നുമാത്രം, യേശു ഒരു ലോകസഞ്ചാരിയായി ഇസ്രായേലിന് വെളിയില്‍ എങ്ങും പോയില്ല എന്നതു തന്നെ.

 

തന്‍റെ ജീവിതത്തിലെ അറിയപ്പെട്ടതും അജ്ഞാതവുമായ രണ്ട് കാലഘട്ടങ്ങളുടെ ഒടുവിലാണ് പിതാവ് പറയുന്നത്: നീ എന്‍റെ പ്രിയപുത്രന്‍, നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു (ലൂക്ക് 3:22) എന്ന്. പിതാവായ ദൈവം സസൂക്ഷ്മം ആ ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടിരുന്നു, യേശുവില്‍ യാതൊരു നിയമലംഘനവും പിതാവ് കണ്ടില്ല.

 

ദൈവവചനത്തിലെ ഈ വചനങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് യേശുവിന്‍റെ അജ്ഞാതകാലം എന്നു വിശേഷിപ്പിക്കുന്ന പന്ത്രണ്ടു വയസുമുതല്‍ മൂപ്പതുവയസുവരെയുള്ള കാലം യേശുക്രിസ്തു മാതാപിതാക്കള്‍ക്കും തന്നെ അയച്ച പിതാവിനും വിധേയപ്പെട്ട് നസറത്തില്‍ ജീവിച്ചു എന്നുതന്നെയാണ്. ഇതിന് വിരുദ്ധമായി ചിന്തിക്കുന്നത് ദൈവവചനത്തിലെ അജ്ഞതയും ക്രിസ്തുവിനെ മനഃപൂര്‍വ്വം നിരാകരിക്കുന്നതിനായുള്ള വളരെ ബാലിശമായ ചിന്തകളുമാണ് എന്നതില്‍ രണ്ടുപക്ഷമില്ല.

 

Mathew Chempukandathil

Add comment

Most discussed