GM News Online

ദൈവത്തിന്‍റെ നിക്ഷേപം

അമേരിക്കയില്‍ തുടര്‍ച്ചയായി കൊലപാതകങ്ങള്‍ ചെയ്ത് കുപ്രസിദ്ധനായ ആളായിരുന്നു ജെഫ്രി ഡാഹ്മര്‍. 1978നും 1991നും ഇടയില്‍ 17 പേരെയാണ് ജെഫ്രി അതിക്രൂരമായി കൊലപ്പെടുത്തിയത്. പണത്തിന്‍റെ പ്രലോഭനത്തില്‍ കുടുങ്ങി ലൈംഗിക വേഴ്ചയ്ക്കോ നഗ്നചിത്രങ്ങളെടുക്കുന്നതിനോ സമ്മതിച്ചെത്തുന്ന ഇരകള്‍ക്ക് മയക്കുമരുന്നിട്ട പാനീയങ്ങള്‍ നല്‍കി ബോധം കെടുത്തിയശേഷം കഴുത്തുഞെരിച്ചും കത്തി ഉപയോഗിച്ചും അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്. മിക്കവരുടെയും തലയോട്ടി കുഴിച്ച് ഹൈഡ്രോക്ലോറിക് ആസിഡോ ചൂടുവെള്ളമോ കുത്തിവച്ച ശേഷം മൃതശരീരത്തില്‍ രതിക്രിയകള്‍ നടത്തിയും അവരുടെ ശരീരഭാഗങ്ങള്‍ ഭക്ഷിക്കുകയും വെട്ടിനുറുക്കി സൂക്ഷിക്കുകയും ചെയ്ത ഈ ഭീകരകുറ്റവാളിക്ക് 936 വര്‍ഷത്തെ പരോളില്ലാത്ത ജയില്‍വാസമായിരുന്നു ലഭിച്ച ശിക്ഷ. വിസ്കോണ്‍സിന്‍ സ്റ്റേറ്റില്‍ കറ്റവാളികള്‍ക്ക് മരണശിക്ഷ ഒഴിവാക്കിയിരുന്നതിനാലാണ് ഇയാള്‍ ജയിലഴികള്‍ക്കുള്ളിലേക്ക് പോയത്.

 

താന്‍ ചെയ്ത കുറ്റങ്ങള്‍ക്കുള്ള ശിക്ഷ ഏറ്റുവാങ്ങി ജയലഴിക്കുള്ളിലേക്ക് കയറുമ്പോഴും തന്‍റെ തെറ്റുകളെ ലോകത്തിന് ഒരിക്കലും ക്ഷമിക്കാനാവില്ലെന്ന് ജെഫിനറിയാമായിരുന്നു. തന്‍റെ ഇരകളുടെ കുടുംബങ്ങളും തന്നോടു ക്ഷമിക്കില്ലെന്ന് അയാള്‍ തന്‍റെ ന്യായാധിപനു മുന്നില്‍ തുറന്നു സമ്മതിച്ചു. മരണവിധി മാത്രമാണ് തനിക്കു വേണ്ടതെന്ന് അയാള്‍ ഏറ്റുപറഞ്ഞു.

 

മൃതശരീരത്തോടുള്ള ലൈംഗികാസക്തി ഉളവാക്കുന്ന മാനസികരോഗത്തിന് (necrophilia) അടിയമായിയിരുന്ന ജെഫ്, കൊലചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രചോദനത്തെ നിയന്ത്രിക്കാന്‍ ആവതു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു ഭാഗത്ത് ചെയ്തുപോയ കൊടുംക്രൂരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള കുറ്റബോധം മനഃസാക്ഷിയുടെ കോടതയില്‍ അയാളെ പീഡിപ്പിക്കുമ്പോള്‍ തന്നെ അത്തരം കുറ്റങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുവാനുള്ള പ്രേരകശക്തിയെ ഭയപ്പെടുന്ന ജെഫ് ജലിയഴികളില്‍ കഴിയുന്നതിനേക്കാള്‍ മരണശിക്ഷ ഏറ്റുവാങ്ങാന്‍ ഏറെ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നിര്‍ത്തലാക്കിക്കൊണ്ട് വിസ്കോണ്‍സിന്‍ സ്റ്റേറ്റില്‍ 1853ല്‍ നിയമം നടപ്പിലാക്കിയിരുന്നു. മരണത്തെ കൊതിച്ച ജെഫിനെ ജയലഴിക്കുള്ളിലേക്ക് പറഞ്ഞയച്ചത് ആ നിയമത്തിന്‍റെ പഴുതിലൂടെയാണെങ്കിലും തന്നെക്കുറിച്ചുള്ള ദൈവികപദ്ധതി പൂര്‍ത്തീകരിക്കാന്‍ അങ്ങനയെരു നിയമം അവിടെ ആവശ്യമായിരുന്നു.

 

ആ ജയിലഴിക്കുള്ളിലെ പിന്നീടുള്ള ജെഫിന്‍റെ ചരിത്രം പരിശോധിച്ചാല്‍ സര്‍വ്വപ്രഞ്ചത്തിന്‍റെയും ന്യായാധിപനായ ദൈവം നേരിട്ടിടപെടുന്നതായി നമുക്കു കാണാം. (എന്തുകൊണ്ട് ദൈവം അതുവരെ ഇടപെട്ടില്ലെന്ന് നമ്മുടെ അറിവിനും അതീതമായ കാര്യം. ദൈവത്തെക്കുറിച്ച് നമുക്ക് അറിയാത്തെ ഒട്ടേറെ കാര്യങ്ങളുണ്ടല്ലോ).

 

പിന്നീട് നാം കാണുന്നത് ലോകം മുഴുവന്‍ വെറുക്കുന്ന കൊടും ക്രൂരനും ഭീകരനുമായ ജെഫിനെ അറിയുന്നൊരു ദൈവത്തെയാണ്. അങ്ങനൊരാളെ സ്നേഹിക്കുന്നൊരു ദൈവം. അപാരമായ ആ സ്നേഹത്തിലൂടെ അയാളുടെ സര്‍വ്വാപരാധങ്ങളും ക്ഷമിക്കുന്ന ദൈവം. ആ ക്ഷമയിലൂടെ ജെഫിനെ സ്വര്‍ഗീയപൗരത്വം നല്‍കിയ ദൈവം. ജെഫ് തന്‍റെ പ്രിയ മകനാണെന്ന് പറയുന്ന ദൈവം. ആ ദൈവമാണല്ലോ റോയ് റാറ്റ്ക്ലിഫ് എന്ന പ്രസംഗനെ ജെഫിനുവേണ്ടി ജയില്‍ മിനിസ്റ്റര്‍ ആക്കി അവിടെ നിയമിച്ചത്! മരിക്കുന്നതിനു മുമ്പ് ദൈവത്തിന്‍റെ പ്രിയമകനായി നിത്യത പുല്‍കുവാന്‍ ദൈവം കാണിച്ച മഹാകരുണയും കൃപയും ലോകനീതിക്ക് നിരക്കുന്നതല്ലെന്ന് സമ്മതിക്കുന്നു. “ആ പിശാചിന്” ജലസ്നാനം നല്‍കി ആശീര്‍വദിച്ച പാസ്റ്റര്‍ റോയിയെ കുറ്റപ്പെടുന്നവരുണ്ടായത് അങ്ങനെയാണ്.

 

മഹാപാപിയായ ജെഫിനെപ്പോലൊരാളുടെ സര്‍വ്വ അപരാധങ്ങളും ക്ഷമിച്ച് കുറ്റവിമുക്തനാക്കാന്‍ നീതിമാനായ ദൈവത്തിന് കഴിയുന്നതെങ്ങനെ? സാമാന്യ മനസ്സുകളില്‍ ദൈവത്തോടുപോലും വെറുപ്പും വിദ്വേഷവും തോന്നിയാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. നീചവും ഹീനവും മ്ലേഛവും പൈശാചികവും അറപ്പുളവാക്കുന്നതുമായ കുറ്റം ചെയ്ത ഒരാള്‍ക്ക് സ്വര്‍ഗ്ഗം നല്‍കുന്ന ദൈവത്തെക്കുറിച്ച് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ! എന്നാല്‍ ഈ ദൈവത്തെക്കുറിച്ചുള്ള നമ്മുടെ പരിമിതമായ അറിവില്‍നിന്നാണ് അങ്ങനെയൊക്കെ ചിന്തിച്ചതെന്ന് തിരിച്ചറിയുന്നതുവരെയുള്ളു ഇത്തരം ചോദ്യങ്ങളുടെ ആയുസ്.

 

ബൈബിളിലെ ദൈവം ആരോടും സൗജന്യമായി ക്ഷമിക്കാതിരിക്കുന്നില്ല എന്ന് നിങ്ങൾ അറിയാതിരിക്കരുത് . 936 വര്‍ഷം ജീവിച്ചിരുന്ന് ജയില്‍ശിക്ഷ മുഴുവനും അനുഭവിച്ച് ജെഫ്രി മരിച്ചാലും അയാള്‍ ദൈവകോടതയില്‍ കുറ്റവിമുക്തനാകുമായിരുന്നില്ല. നീതിമാനായ ഒരു ദൈവത്തിനും ജെഫ്രിയെ ന്യായീകരിക്കാനുമാവില്ല. പക്ഷേ ബൈബിളിലെ ദൈവം ജെഫ്രിയെ നീതീകരിച്ചതെങ്ങനെ? അവിടെയാണ് മനുഷ്യവര്‍ഗ്ഗത്തിന്‍റെ പാപങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ച യേശുവിന്‍റെ യാഗത്തിന്‍റെ മൂല്യം കുടികൊള്ളുന്നത്. മനുഷ്യസൃഷ്ടിക്കു മുമ്പ്, ലോകസ്ഥാപനത്തിനും മുമ്പേ, തന്‍റെ ഓമനക്കുമാരനെ നമ്മുടെ കുറ്റങ്ങള്‍ക്കുള്ള പ്രായ്ശ്ചിത്തമായി സ്നേഹനിധിയായ ദൈവം നിക്ഷേപിച്ചിരുന്നു (വേര്‍തിരിച്ചിരുന്നു).

 

മയക്കുമരുന്നിലും മദ്യപാനത്തിനും ലൈംഗികഅധാര്‍മികതയ്ക്കും അടിമപ്പെട്ട് ദൈവനിഷേധിയായ ജീവിച്ചിരുന്ന മോണിക്കയുടെ മകനെ സെന്‍റ് അഗസ്റ്റിനാക്കിയത് ദൈവത്തിന്‍റെ ഈ നിക്ഷേപമാണ്. അമെയ്സിംഗ് ഗ്രെയ്സ് (മാമ്വശിഴ ഴൃമരല) എന്ന വിശ്വവിഖ്യാതമായ പാട്ടെഴുതിയ ജോണ്‍ ന്യൂട്ടന്‍റെ പാപത്തിന് വിലകൊടുത്തത് ദൈവത്തിന്‍റെ ഈ നിക്ഷേപത്തില്‍നിന്നായിരുന്നു. അടിമവ്യാപാരിയായിരുന്ന തന്‍റെ പരിവര്‍ത്തനം ഗ്രേറ്റ് ബ്രിട്ടനില്‍നിന്നും അടിമത്തം നിയമവിരുദ്ധമാക്കുവാനും ഇടയാക്കിയല്ലോ. ഒരാളില്‍ ക്രിസ്തു ജനിച്ചാല്‍ അത് മറ്റെത്രയോ പേരുടെ ജീവിതത്തില്‍ ആനന്ദം പകരുമെന്നതിന് വേറെ ഉദാഹരണം എന്തിന്?

 

അഞ്ച് ഭര്‍ത്താക്കന്മാരെയും ഉപേക്ഷിച്ച് ആറാമെന്‍റെ കൂടെ കഴിഞ്ഞ ശമര്യാക്കാരിയുടെ ഉള്ളില്‍ യേശു ജനിച്ചപ്പോള്‍ ശമര്യ പട്ടണം മുഴുവന്‍ യേശുവിനെ തങ്ങളുടെ രക്ഷകനാക്കിയില്ലെ? എലിസബത്തിന്‍റെ ഉള്ളില്‍ കിടന്നു തുള്ളിയ പിള്ള മുതല്‍ ഈ വരികള്‍ വായിക്കുന്നവര്‍ വരെ ക്രിസ്തുവിലൂടെ ആനന്ദം കണ്ടെത്തിയവരുടെ എണ്ണം തിട്ടപ്പെടുത്താനാവുമോ?

 

ചരിത്രത്തിന് പിറകിലും ഇനി മമ്പോട്ടുള്ള കാലഘട്ടങ്ങളിലുമായി ക്രിസ്തുമസിന്‍റെ സന്തോഷം പങ്കുവെച്ചവരും പങ്കുവയ്കാനിരിക്കുന്നവരും എത്രയധികം? സര്‍വ്വജനത്തിനുമായി നല്‍കിയ ദൈവികസമ്മാനം പ്രിയവായനക്കാരില്‍ ആര്‍ക്കെങ്കിലും ലഭിക്കാതെ പോകരുതെ. ദൈവം പറയുന്നു: നിങ്ങളുടെ പാപങ്ങള്‍ രക്താംബരം പോലെ കടും ചുവപ്പായിരുന്നാലും യേശുക്രിസ്തുവിലൂടെ ആ പാപങ്ങളെ മായിച്ച് ഹിമംപോലെ വെണ്മയുള്ളതാക്കാം. ക്രിസ്തു നിങ്ങളില്‍ ജനിച്ചുവെന്ന് ഉറപ്പ് വരുത്തുന്നതാകട്ടെ ഈ ക്രിസ്തുമസിലെ ഏറ്റവും വലിയ സന്തോഷം.

 

പാപികളായ മനുഷ്യവര്‍ഗ്ഗത്തിന്‍റെ നീതിനിര്‍വ്വഹണത്തിനുള്ള നിക്ഷേപമാണ് കാലസമ്പൂര്‍ണ്ണതയില്‍ സ്ത്രീയുടെ സന്തതിയായി ഭൂമിയിലേക്ക് വന്ന യേശു. സര്‍വ്വജനത്തിനുമുള്ള മഹാസന്തോഷമായി യേശു ബേതലഹേമിലെ കാലിത്തൊഴുതുത്തില്‍ പിറന്നതിന്‍റെ ആഘോഷമാണല്ലോ ക്രിസ്തുമസ്. സാക്ഷാല്‍ ദൈവമായിരുന്നവന്‍ സ്വര്‍ഗ്ഗമഹിമകള്‍ വിട്ട് മനുഷ്യനായി ഒരു സ്ത്രീയുടെ ഉദരത്തിലൂടെ പാപത്താല്‍ ശാപഗ്രസ്ഥമായ ഈ ഭൂമിയില്‍ പിറന്നുവെന്നത് സാമാന്യബൂദ്ധികൊണ്ട് വിശ്വസിക്കാന്‍ പ്രയാസം തോന്നും. എങ്കിലും കടന്നുപോയ 21 നൂറ്റാണ്ടുകളിലായി ബഹുസഹസ്രകോടി ജനങ്ങള്‍ വിശ്വസിച്ച് ഏറ്റുപാടുന്ന സത്യമാണത് -അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം. ആ ദൈവപ്രസാദം ലഭിച്ചവര്‍ക്കെ ക്രിസ്തുമസിന്‍റെ മാധുര്യം നുകരാന്‍ കഴിയൂ. കേവലം കാലിത്തൊഴുത്തിന്‍റെ ഓര്‍മയ്ക്കപ്പുറം നമ്മുടെ ഉള്ളില്‍ ക്രിസ്തു ഉരുവാകുമ്പോഴാണ് ക്രിസ്തുമസിന്‍റെ ആഘോഷം സമ്പൂര്‍ണ്ണമാകുന്നത്.

 

Benjamin Edakkara

Benjamin Edakkara

1 comment

Most discussed