GM News Online

ആണ്ടറുതിയും പുതുവത്സരപ്പിറവിയും

കടിച്ചുകീറാന്‍ ഓടിയടുത്ത ഹിംസ്രജന്തുവിന്‍റെ പിടിയില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാന്‍പേടയുടെ നിശ്വാസംപോലെയാണ് പുതുവര്‍ഷത്തെ നാം എതിരേല്‍ക്കുന്നത്. മുമ്പോട്ടു നോക്കുമ്പോള്‍, നാം കടന്നുവന്ന വഴികളേക്കാള്‍ ദുര്‍ഘടമാണ് മുമ്പോട്ടുള്ള പാതകളെന്ന് അറിഞ്ഞുകൂടാത്ത ആരാണ് ഇന്നുള്ളത്?

 


നാം അധിവസിക്കുന്ന ഭൂമി പതിവുപോലെ സൂര്യനെ ചുറ്റിയള്ള തന്‍റെ പ്രദക്ഷിണം ഒരു പ്രാവശ്യംകൂടെ വിജയകരമായി പൂര്‍ത്തീയാക്കിയിരിക്കുന്നു. മുന്നൂറ്റി അറുപത്തിയഞ്ച് ദിനരാത്രങ്ങള്‍ വട്ടംകറങ്ങി നമ്മെ ഊട്ടി ഉറക്കുന്നതിനിടയിലാണ് ഈ യാത്ര വിഘ്നംകൂടാതെ തുടരുന്നത്. വിശ്രമം കൂടാതെയുള്ള ഭൂമിയുടെ പ്രയാണത്തിന്‍റെ ഗുണഭോക്താക്കളെന്ന നിലയില്‍ പുതുവര്‍ഷ പുലരിയെ ആഘോഷമാക്കി മാറ്റാന്‍ ന്യൂയോര്‍ക്കും ലണ്ടനും സിഡ്നിയും ദുബായിയും ലോകത്തിലെ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു.

 

മനോഹരമായ ഈ തീരത്ത് ജീവിക്കാന്‍ ലഭിച്ച ഭാഗ്യം ആടിയും പാടിയും ആലിംഗനം ചെയ്തു ആസ്വദിക്കാന്‍ ഒത്തുകൂടുന്നവര്‍ക്ക് പറയാന്‍ നിരവധി കാര്യങ്ങളുണ്ട്. പുതുവര്‍ഷം കൊണ്ടെത്തിക്കുന്ന ഭൂമിയോടുള്ള നന്ദികൊണ്ടാണോ അതോ തെറ്റുകൂടാതെ അതിനെ ചലിപ്പിക്കുന്ന പ്രപഞ്ചസൃഷ്ടാവിനോടുള്ള ആദരവുകൊണ്ടാണോ പുതുവര്‍ഷം പൊടിപൂരമാക്കുന്നതെന്ന് ചോദിച്ചാല്‍ ഉത്തരം ലഭിച്ചെന്നു വരില്ല. പോയവര്‍ഷത്തെ പരാജയങ്ങളെയും വെല്ലുവിളികളെയും മറക്കാനും നല്ലൊരു നാളെയെ ആശ്ലേഷിക്കാനും ആശംസിക്കാനുമാണ് ഈ ഒത്തുചേരലുകള്‍. അതിനുള്ള കൂട്ടാളിയായി ലോകം കണ്ടെത്തിരിക്കുന്നത് മദ്യലഹരിയെയാണ്. ടൈം മാസികയുടെ കണക്കനുസരിച്ച് മദ്യപാനംമൂലം ഏറ്റവുമധികം അപകടങ്ങള്‍ നടക്കുന്ന അവധിദിനങ്ങളില്‍ ഒന്നാണ് പുതുവത്സരദിനം.

 

പുതുവര്‍ഷത്തിലെ ആഹ്ലാദപ്രകടനങ്ങള്‍ നാളെകളെക്കുറിച്ചുള്ള പ്രത്യാശയേക്കാള്‍ ഒരുവര്‍ഷംകൂടി സുരക്ഷിതമായി പിന്നിട്ടല്ലോയെന്ന് ഓര്‍ത്തിട്ടായിരിക്കും. മനുഷ്യജീവന്‍ ഇന്ന് അത്ര അപകടത്തിലാണല്ലോ. അടുത്തുനില്‍ക്കുന്നവന്‍ ചാവേറാണോ എന്നറിയാതെ സംശയത്തിന്‍റെ നിഴലില്‍, പരസ്പരവിശ്വസം നഷ്ടപ്പെട്ട് ഭയത്തില്‍ കഴിയുന്ന സമൂഹത്തിന്‍റെ ഭാഗമല്ലെ നിങ്ങളും ഞാനും! ഐസിസും കിം ജോങ് ഉന്നും സൈബര്‍ കുറ്റകൃത്യങ്ങളഉടെ കടന്നാക്രമണവും ഇപ്പോഴും നമ്മുടെ ഉറക്കം കെടുത്തുന്നു. കടിച്ചുകീറാന്‍ ഓടിയടുത്ത ഹിംസ്രജന്തുവിന്‍റെ പിടിയില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട മാന്‍പേടയുടെ നിശ്വാസംപോലെയാണ് പുതുവര്‍ഷത്തെ നാം എതിരേല്‍ക്കുന്നത്. മുമ്പോട്ടു നോക്കുമ്പോള്‍, നാം കടന്നുവന്ന വഴികളേക്കാള്‍ ദുര്‍ഘടമാണ് മുമ്പോട്ടുള്ള പാതകളെന്ന് അറിഞ്ഞുകൂടാത്ത ആരാണ് ഇന്നുള്ളത്? പുതുവര്‍ഷത്തില്‍ മദ്യം പലര്‍ക്കും കൂട്ടാളിയാകുന്നതും ഇങ്ങനെയാണെന്നു തോന്നുന്നു.

 

ക്രൈസ്തവസമൂഹം ദേവാലയങ്ങളില്‍ ഒത്തുകൂടി ഭക്തിനിര്‍ഭരമായ ആരാധനയോടെയാണ് പുതുവത്സരത്തെ എതിരേല്‍ക്കുന്നത്. പോയവര്‍ഷത്തില്‍ ദൈവം നടത്തിയ വഴികളെ ഓര്‍ത്ത് നന്ദി പ്രകടിപ്പിച്ചും പുതുവര്‍ഷത്തില്‍ അനുഗ്രഹാശിസുകള്‍ തേടിയുമുള്ള പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചുമുള്ള ആരാധനകള്‍ വിശ്വാസികളെ സംബന്ധിച്ചടത്തോളം ഒരു നല്ല തുടക്കത്തിന്‍റെ ശുഭസൂചനയാണ്. ദൈവത്തോടുകൂടെ എന്തും ആരംഭിക്കുന്നത് ഏതൊരു ഭക്തനും സന്തോഷം ഉളവാക്കുന്ന കാര്യം തന്നെ. തിരുവത്താഴത്തെക്കുറിച്ച് വ്യത്യസ്ത പഠിപ്പിക്കലുകളുണ്ടെങ്കിലും “ഞാന്‍ വരുവോളം എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്യുവിന്‍” എന്ന യേശുകര്‍ത്താവിന്‍റെ കല്‍പ്പന അനുസരിക്കുന്നതില്‍ ക്രൈസ്തവര്‍ എക്കാലത്തും ഐക്യത്തിലാണ്. തിരുവത്താഴശുശ്രൂഷകളോടെയാണ് മിക്ക ദേവാലയങ്ങളിലും പുതുവത്സരശുശ്രൂഷകള്‍ അവസാനിക്കാറ്.

 

ക്രൈസ്തവരുടെ കൂട്ടത്തില്‍ വര്‍ഷാവസാന ശുശ്രൂഷകള്‍ക്ക് ഏറെ സമയം ചെലവഴിക്കുന്നത് പെന്‍റക്കൊസ്റ്റ് സമൂഹമാണ്. “ആണ്ടറുതിയോഗ”മെന്ന പേരില്‍ ഉപവാസവും പ്രാര്‍ത്ഥനയും സാക്ഷ്യവുമായി ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന കൂടിവരുവകളാണിത്. സാക്ഷ്യം എന്നാല്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം പോയവര്‍ഷത്തില്‍ ദൈവം നടത്തിയ കാര്യങ്ങളും പകരം ദൈവത്തിനുവേണ്ടി ചെയ്തതും ചെയ്യാന്‍ പറ്റാതെപോയതുമായ കാര്യങ്ങളും ആണ്. എല്ലാ നന്മകളും ദൈവത്തില്‍നിന്നു ലഭിക്കേണ്ടതിനായി പുതുവര്‍ഷത്തില്‍ കര്‍ത്താവിനുവേണ്ടി ചെയ്യാന്‍ പോകുന്ന കാര്യങ്ങളും പറയാനുള്ള അവസരമാണിത്. സഭയിലെ വിശ്വാസികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആണ്ടറുതി യോഗങ്ങളുടെ എണ്ണം ആഴ്ചകളോളം നീണ്ടുപോകും.

 

സഭയിലെ സാക്ഷ്യങ്ങളുടെയെല്ലാം സംക്ഷിപ്തം രണ്ടു വാക്കില്‍ ഒതുക്കാം. വരാമായിരുന്ന രോഗത്തില്‍നിന്നും അപകടത്തില്‍നിന്നും ദൈവം രക്ഷിച്ചു, അനേകര്‍ ഈ ലോകം വിട്ടുപോയപ്പോള്‍ ജീവനുള്ളവരുടെ ദേശത്ത് തങ്ങളേയും ശേഷിപ്പിച്ചു. തങ്ങള്‍ ദൈവത്തെ പിന്‍പറ്റുന്നതിന്‍റെ രത്നച്ചുരുക്കമാണ് ഈ സാക്ഷ്യങ്ങള്‍. എന്തായാലും രാത്രി കൃത്യം പന്ത്രണ്ടോടെ സാക്ഷ്യങ്ങള്‍ നിര്‍ത്തി സ്തോത്രാലാപനത്തോടെപുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആത്മാവിന് കുളിര്‍മയും പുത്തനുണര്‍വ്വും പകരുന്ന അനര്‍ഘനിമിഷങ്ങളുടെ അനുഭൂതി അനുഭവിച്ച് അറിയേണ്ടതു തന്നെയാണ്. പുതുവര്‍ഷപ്പുലരിയില്‍ കര്‍ത്താവിന്‍റെ മേശയില്‍ പങ്കുകൊള്ളുന്നതും മറ്റെല്ലാറ്റിനേക്കാളും ആനന്ദം പകരുന്ന സംഗതിതന്നെ. എന്നാല്‍ തിരുവത്താഴശേഷം സമയം സഭാശുശ്രൂഷകന്മാര്‍ പറഞ്ഞുനിര്‍ത്തുന്ന വാക്കുകള്‍ “സഹോദരന്മാരേ, ഈ മേശ വിളിച്ചറിയിക്കുന്നൊരു സത്യമുണ്ട്: നമ്മുടെ കര്‍ത്താവ് ഇതുവരെ വന്നിട്ടില്ല”

.
സഹോദരങ്ങള്‍ തമ്മിലുള്ള വിശുദ്ധചുംബനത്തോടെ സഭ പിരിഞ്ഞു മടങ്ങുമ്പോള്‍ ശുശ്രൂഷകന്‍റെ അവസാനത്തെ വാക്കും എന്‍റെ സാക്ഷിവാചകവും തമ്മില്‍ ഉടക്കിയതായി എനിക്കു തോന്നി. എന്‍റെ കര്‍ത്താവ് ഇതുവരെ വരാഞ്ഞതിനെക്കുറിച്ച് വല്ല വിചാരവും ഉണ്ടായിരുന്നെങ്കില്‍ ജീവനുള്ളവരുടെ ദേശത്ത് ശേഷിച്ചിരിക്കുന്നതിനെക്കുറിച്ച് നാം ഇത്ര സന്തോഷിക്കുമായിരുന്നോ? 2017ലെ നേട്ടങ്ങളും കോട്ടങ്ങളും പറയുന്ന നേരം എന്‍റെ കര്‍ത്താവ് ഈ ആണ്ടിലും വന്നില്ലല്ലോ എന്ന ആ നൊമ്പരമല്ലെ എന്നെ ഭരിക്കേണ്ടിയിരുന്നത്?

 

ആദ്യനൂറ്റാണ്ടിലെ സഭകള്‍ ഇങ്ങനെ ആയിരുന്നില്ല. തങ്ങളെ വിട്ടുപോയ ആത്മരക്ഷകനെ അവര്‍ ഊണിലും ഉറക്കിലും കാത്തിരിക്കുന്നവരായിരുന്നു. “ഗലീല പുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്ക് നോക്കിനില്‍ക്കുന്നത് എന്ത്? നിങ്ങളെ വിട്ട് സ്വര്‍ഗ്ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെ തന്നെ അവന്‍ വരുമെന്നുള്ള” ദുതന്‍റെ ശബ്ദം അവരുടെ കാതുകളില്‍ മാറ്ററ്റൊലി കൊണ്ടിരുന്നു. ആദിമസഭ തങ്ങളുടെ ജീവിതകാലത്തുതന്നെ യേശു മടങ്ങിവരുമെന്ന് ഉറച്ചു വശ്വസിച്ചിരുന്നു. 1 തെസലോനിക്ക്യര്‍ 4:16,17 പൗലോസിന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക. “കര്‍ത്താവു താന്‍….. സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും. പിന്നെ ജീവിനോട് ശേഷിക്കുന്ന നാം അവരോടു ഒരുമിച്ച് ആകാശത്തില്‍ കര്‍ത്താവിനെ എതിരപ്പോന്‍ മേഘങ്ങളല്‍ എടുക്കപ്പെടും”. ജീവനോട് ശേഷിക്കുന്ന നാം എന്നതുകൊണ്ട് പൗലോസ് ഉദ്ദേശിച്ചത് താനും തന്‍റെ സഭയുമാണെന്ന് വ്യക്തമാണ്.

 

ആസന്നമായി മധ്യാകാശത്തില്‍ വെളിപ്പെടന്‍ പോകുന്ന യേശുവിനെ എതിരേല്‍ക്കാനുള്ള തിടുക്കം പൗലോസിന്‍റെ വാക്കുകളില്‍ പ്രകടമാണ്. ആധുനികസഭയ്ക്ക് നഷ്ടാമായതും അതുതന്നെ. ആദിമസഭ സുവിശേഷീകരണത്തിനായി ജീവത്യാഗം നല്‍കിയത് ഈ പ്രത്യാശയിലാരുന്നു. ക്രിസ്തുവിന്‍റെ ആസന്നമായ പ്രത്യാഗമനത്തിലുള്ള ദൃഢവിശ്വാസംകൊണ്ടേ ആധുനികസഭയ്ക്ക് മാനസാന്തരവും പുത്തന്‍ ഉണര്‍വ്വും ഉണ്ടാവുകയുള്ളൂ. തല ഉയര്‍ത്തിനോക്കിയാല്‍ വര്‍ത്തമാനകാല സംഭവങ്ങള്‍ എല്ലാം അവിടുത്തെ മടങ്ങിവരവിനുള്ള പ്രത്യാശ വര്‍ദ്ധിപ്പിക്കുന്നതു തന്നെ എന്നു കാണാം.

 

ഏതുനേരത്ത് യേശു മടങ്ങി വരുമെന്ന് വചനത്തില്‍ പറഞ്ഞിട്ടില്ലാത്തതിനാല്‍ ആ നാളിനെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജീവിതങ്ങളിലാണ് ക്രിസ്തുവിശ്വാസം കുടികൊള്ളുന്നത്. ആ വിശ്വാസത്തോടെ ജീവിക്കുന്നവരാണ് കര്‍ത്താവിനോടുകൂടെ എപ്പോഴും ഇരിക്കുന്നത്. അങ്ങനെയുള്ളവര്‍ തങ്ങളോടു തന്നെയും മറ്റുള്ളവരോടുമുള്ള സമീപനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരിക്കും. അങ്ങനെയുള്ളവര്‍ ലോകത്തിലുള്ളവരോടു യേശു എന്ന രക്ഷിതാവിനെക്കുറിച്ചു പറയും. അവര്‍ തമ്മില്‍ കാണുമ്പോള്‍ നമ്മുടെ കര്‍ത്താവ് ഇതുവരെ വന്നില്ലല്ലോ എന്നു പറയാതിരിക്കില്ല. അവര്‍ പിരിയുമ്പോള്‍ മാറാനാഥായെന്നും പറഞ്ഞിരിക്കും.

 

2018ലേക്ക് കാല്‍ ചവിട്ടുമ്പോള്‍ നമുക്കും ഒന്നുചേര്‍ന്നു പറയാം മാറാനാഥാ. അപ്പൊസ്തലന്മാരെപ്പോലെ ആത്മമണവാളന്‍റെ വരവിനു കാതോര്‍ത്ത് യാത്ര തുടരാം. അവന്‍ മടങ്ങിവരാതിരിക്കില്ല, വരികതന്നെ ചെയ്യും. ആമ്മേന്‍, കര്‍ത്തവേ വേഗം വരണമേ!

Benjamin Edakkara

Benjamin Edakkara

1 comment

Most discussed