GM News Online

സാംസ്കാരിക അനുരൂപണം എത്രത്തോളം ആകാം?

കത്തോലിക്കാ സഭ ഏതെങ്കിലും ഒരു ദേശത്ത് കടന്നുചെല്ലുമ്പോള്‍ അവിടെ നിലവിലുള്ള മതത്തെയും സാമൂഹിക -സാംസ്കാരിക ചിന്താഗതിയെയും ഉള്‍ക്കൊണ്ടുകൊണ്ട്, തങ്ങളുടെ വിശ്വാസത്തെ പ്രകടിപ്പിക്കുന്ന ഒരു പ്രവണത നൂറ്റാണ്ടുകളായി സഭയില്‍ നിലനില്‍ക്കുന്നുണ്ട്. മറ്റൊരു സംസ്കാരത്തോട് അനുരൂപപ്പെട്ടുകൊണ്ട് തങ്ങളുടെ വിശ്വാസം പ്രദര്‍ശിപ്പിക്കുകയും മറ്റൊരു സമൂഹത്തിന്‍റെ അല്ലെങ്കില്‍ രാജ്യത്തിന്‍റെ സംസ്കാരത്തെയും വിശ്വാസ ആചാരങ്ങളെയും സ്വീകരിച്ചും അംഗീകരിച്ചും കാലാന്തരത്തില്‍ അത് തങ്ങളുടെയും വിശ്വാസത്തിന്‍റെയും ആചാരത്തിന്‍റെയും ഭാഗമാക്കിമാറ്റുന്ന ഈ പ്രക്രിയയെ സാംസ്കാരിക അനുരൂപണം (inculturation) എന്നാണ് വിളിക്കുന്നത്.

മാര്‍ വര്‍ക്കി വിതയത്തില്‍

“പത്രോസിന്‍റെ സഭ ഒരു വലിയ കപ്പലാണ്. പല സംസ്കാരങ്ങളാകുന്ന തുറമുഖങ്ങളിലും അത് അടുക്കും. ഓരോ തുറമുഖത്തുനിന്നും ലഭ്യമാകുന്ന മനോഹരമായ വസ്തുക്കള്‍ വാങ്ങി സഭ ഈ വിശ്വാസനൗകയെ മോടിപിടിപ്പിക്കും. ഇങ്ങനെ രണ്ടായിരം കൊല്ലത്തെ ചരിത്രത്തിനിടയില്‍ വിവിധ തുറമുഖങ്ങളില്‍നിന്നു സ്വീകരിച്ച മനോഹര വസ്തുക്കളെക്കൊണ്ട് ഈ കപ്പലിനെ അലങ്കിരിച്ചു. ഇപ്പോള്‍ അത് ഏറെ അലംകൃതയായി കാണപ്പെടുന്നു”. സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്‍റെ മുന്‍ കര്‍ദിനാള്‍ ആയിരുന്ന മാര്‍ വര്‍ക്കി വിതയത്തില്‍ കത്തോലിക്കാ സഭയുടെ സംസ്കാരികാനുരൂപണത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞതിന്‍റെ സംക്ഷിപ്തമാണിത്.

കത്തോലിക്കാ സഭയുടെ സാംസ്കാരിക് അനുരൂപണം എന്നത് തങ്ങള്‍ ആയിരിക്കുന്ന സമൂഹത്തിലുള്ള സംസ്കാരത്തെയും ആചാരങ്ങളെയും ക്രൈസ്തവവിശ്വാസത്തിലേക്ക് ഉള്‍ക്കൊണ്ട്, അവയെ ക്രൈസ്തവികമാക്കി മാറ്റി അവയ്ക്ക് ക്രിസ്തീയതയുടെ ചട്ടക്കൂടുകളില്‍ പ്രാധാന്യം നല്‍കുന്ന പ്രകിയയാണ്. ലളിതമായി പറഞ്ഞാല്‍, യേശുവിന്‍റെ അമ്മയായ മറിയം വെളുത്ത് സുന്ദരിയായ ഒരു മധ്യേഷ്യന്‍ യുവതിയുടെ മുഖഭാവത്തിലാണ് ഇന്ത്യന്‍ ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ യൂറോപ്യന്‍ ചിത്രങ്ങളില്‍ മറിയം

Indian Mary

ഒരു യൂറോപ്യന്‍ വനിതയുടെ മുഖമാണ്. ആഫ്രിക്കന്‍ ജനങ്ങള്‍ക്ക് ഈ രണ്ട് ചിത്രങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതിനാല്‍ അവര്‍ കറുത്ത മറിയത്തെ ആരാധിക്കുന്നു. ചൈനീസ് തുടങ്ങിയ മംഗോളിയന്‍ വംശജര്‍ക്ക് മറിയം പാതിയടഞ്ഞ ദിവാസ്വപ്നം കാണുന്ന കണ്ണുകളും പതിഞ്ഞമൂക്കുമുള്ള ജാപ്പനീസ് സുന്ദരിയാണ്.  ഈ വിധത്തില്‍, സഭയുടെ സ്വന്തമായതിനെ, ഭാഷയുടെയും സംസ്കാരത്തിന്‍റെയും നിറത്തിന്‍റെയും വംശത്തിന്‍റെയും ദേശത്തിന്‍റെയും അടിസ്ഥാനത്തില്‍ പുനരാലേഖനം ചെയ്ത് അംഗീകാരം കൈക്കലാക്കുന്ന ഒരുതരം (കു)തന്ത്രമാണ് സാംസ്കാരിക അനുരൂപണം എന്നത്.

 

Chinese Mary

താമരക്കൂമ്പില്‍ തലയുയര്‍ത്തിനില്‍ക്കുന്ന കുരിശും സാരിയുടുത്ത മറിയവും കാവിയുടുത്ത് കണ്ണടച്ച് യോഗാസനത്തില്‍ ഇരിക്കുന്ന യേശുവുവം എല്ലാം ഭാരത സാംസ്കാരിക അനുരൂപണത്തിന്‍റെ ഭാഗമായി അള്‍ത്താരകളും പൂമുഖങ്ങളും അലങ്കരിക്കുന്നുണ്ട്. സംസ്കാരത്തെ അറിഞ്ഞും ഉള്‍ക്കൊണ്ടും അതിനെ ക്രൈസ്തവജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും പ്രചരിപ്പിക്കുകയും അതിലൂടെ സഭയെ സമൂഹത്തില്‍ നിലനിര്‍ത്താനുമുള്ള തീവ്രപരിശ്രമത്തിന്‍റെ ഭാഗമാണ് സാംസ്കാരിക അനുരൂപണത്തിനു പിന്നിലുള്ളത്. മറിയത്തെ ഭാരതവല്‍ക്കരിച്ച്, സാരിയുടുപ്പിച്ച് പൊട്ടുതൊട്ട സുന്ദരിയാക്കുമ്പോള്‍ അക്രൈസ്തവരായ ഇതരമതസ്ഥര്‍ക്ക് മറിയം കൂടുതല്‍ സ്വീകാര്യയായ മാന്യവനിതയാകുന്നു. ഇതിലൂടെ അവര്‍ മറിയഭക്തകളാകുന്നു. ഉദ്ദിഷ്ഠകാര്യസാധനത്തിലൂടെ മറിയത്തിന്‍റെ അത്ഭുതശക്തി തിരിച്ചറിയുന്ന വ്യക്തികള്‍ക്ക് ക്രൈസ്തവര്‍ സ്വീകാര്യരാകുന്നു. അങ്ങനെ ക്രൈസ്തവസഭയുടെ അതിജീവനം ഏറെ എളുപ്പമാകുന്നു.

 സാരിയുടുപ്പിച്ച് പൊട്ടുതൊട്ട സുന്ദരി മറിയം

https://www.telegraphindia.com/1130826/jsp/jharkhand/story_17271593.jsp

സാംസ്കാരിക അനുരൂപണം എന്ന ആശയത്തിന്‍റെ ചരിത്രം നൂറ്റാണ്ടുകള്‍ പുറകിലോട്ടുള്ളവയാണ്. ഈശോസഭാ വൈദികര്‍ എന്നറിയപ്പെടുന്ന ജസ്യൂട്ട് പുരോഹിതരാണ് ഈ ആശയത്തിന്‍റെ ബുദ്ധികേന്ദ്രം. പതിനാറാം നൂറ്റാണ്ടില്‍ ചൈനയില്‍ ക്രിസ്തീയപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജസ്യൂട്ടുകള്‍ വിവിധയിടങ്ങളില്‍ ഔദ്യോഗിക അംഗീകാരത്തോടെ സഭ സ്ഥാപിക്കുകയും ചെയ്തു. കണ്‍ഫ്യൂഷ്യനിസത്തിന്‍റെയും താവോയിസത്തിന്‍റെയും സ്വാധീനത്തിലും വിശ്വാസത്തിലും കഴിഞ്ഞിരുന്ന ചൈനക്കാര്‍ക്ക് കത്തോലിക്കാ സഭയില്‍ വന്നിട്ടും തങ്ങളുടെ പൂര്‍വ്വമതവിശ്വാസങ്ങളെ ഉപേക്ഷിക്കേണ്ടിയിരുന്നില്ല. ഇതില്‍ പ്രധാനമായിരുന്നു ഇവരുടെ മരിച്ചവരോടുള്ള ഭക്തിയും തിരുശേഷിപ്പ് വണക്കവും ഭൗതികഅവശിഷ്ഠ ആരാധനയും എല്ലാം. ഇത്തരം വിശ്വാസങ്ങള്‍ ഉപേക്ഷിക്കാതെ അനേകര്‍ കത്തോലിക്കരായപ്പോള്‍ ജസ്യൂട്ടുകളുടെ ഒപ്പം ചൈനയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാന്‍സിസ്കന്‍ വൈദികരും ഡൊമിനിക്കന്‍ വൈദികരും ഇതിനെ എതിര്‍ത്തു. ഒടുവില്‍ വിഷയം റോമില്‍ വിശ്വാസതിരുസംഘത്തിന്‍റെ മുമ്പാകെയെത്തി. നീണ്ടകാല ചര്‍ച്ചകള്‍ക്കും പഠനത്തിനും ഒടുവില്‍ റോം ജസ്യൂട്ടുകളെ കൈയൊഴിയുകയും ഡൊമിനിക്കന്‍ വൈദികരുടെ പക്ഷത്ത് നില്‍ക്കുകയും ചെയ്തു.

Black Mary

താവോയിസവും കണ്‍ഫ്യൂഷ്യനിസവും കുത്തിനിറച്ചുള്ള ക്രൈസ്തവികതയ്ക്കെതിരായി റോം നിലയുറപ്പിച്ചതോടെ ചൈനയിലെ  ക്രൈസ്തവര്‍ക്ക് ആരാധാന സ്വാതന്ത്ര്യം നിഷേധച്ചുകൊണ്ടാണ് ചൈനയിലെ ഭരണാധികാരികള്‍ മറുപടി നല്‍കിയത്. 17ാം നൂറ്റാണ്ടുമുതല്‍ ഇതോടെ ക്രൈസ്തവര്‍ക്ക് ചൈനയില്‍ പ്രയാസം ഏറി. ചൈനയില്‍നിന്ന് തിരിച്ചടിയുണ്ടായി സഭാപ്രവര്‍ത്തനങ്ങള്‍ നിന്നു പോയി. എന്നാല്‍ ചൈനയിലെ സാംസ്കാരത്തോട് അനുരൂപപ്പെട്ട് പതിറ്റാണ്ടുകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായി ചൈനയിലെ പാഗന്‍ വിശ്വാസ ആചാരങ്ങള്‍ കത്തോലിക്കാ സഭയിലേക്ക് ഇതിനോടകം നുഴഞ്ഞുകയറിയിരുന്നു. അത് കത്തോലിക്കാ ലോകത്താകമാനം വ്യാപിക്കാന്‍ കാരണമായി. മരിച്ചവരോടുള്ള ഭക്തി, തിരുശേഷിപ്പ് വണക്കം എന്നീ തിരുവചനവിരുദ്ധമായ ഉപദേശങ്ങള്‍ സഭയില്‍ ഇന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ആചാരങ്ങളായി മാറി. കത്തോലിക്കാ സഭയില്‍ ഇന്നുള്ള ഇത്തരം ആചാരങ്ങള്‍ക്ക് ചൈനീസ് പാഗന്‍ ചിന്തകളോടാണ് കടപ്പാടുള്ളത്.

 

പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ സഭയെ കൂടുതല്‍ സംസ്കാരങ്ങളുടെ ഒരു കേന്ദ്രമാക്കിമാറ്റാനുള്ള നീക്കം നടന്നു. ലോകക്രൈസ്തവരില്‍ ലാറ്റിന്‍സംസ്കാരം അടിച്ചേല്‍പ്പിക്കാതെ എല്ലാ സംസ്കാരങ്ങളെയും നിലനിര്‍ത്തി അതിനെ കൂടുതല്‍ വര്‍ണാഭമാക്കുവാനുള്ള പരിശ്രമം നടന്നു. ആഗോളകത്തോലിക്കാസഭയില്‍ സാംസ്കാരിക അനുരൂപണം ഒരു ചര്‍ച്ചയും ഘടനയും കൈവരിക്കുന്നത് ലിയോ പതിമൂന്നാമന്‍റെ കാലം മുതലാണ്. സഭ നിലകൊള്ളുന്ന രാജ്യങ്ങളിലെ സംസ്കാരത്തില്‍ അധിഷ്ഠിതമായ രൂപത്തില്‍ ക്രൈസ്തവികസത്യങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു ഇതിന്‍റെ ലക്ഷ്യം. പള്ളികളുടെയും അള്‍ത്താരകളുടെയും രൂപഘടന, പുരോഹിതന്മാരുടെ സ്ഥാനവസ്ത്രങ്ങളും സ്ഥാനചിഹ്നങ്ങളും, കുര്‍ബാനരീതിയും ക്രമങ്ങളും എന്നിവയെല്ലാം അതത് ദേശത്തിന്‍റെ സംസ്കാരത്തിന്‍റെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിച്ചു. സാംസ്കാരികാനുരൂപണം എവിടെവരെയെന്ന് നിര്‍വ്വചിക്കാതെ, പരിധിയില്ലാതെ പോയതിന്‍റെ ഫലമായി ഇതരസംസ്കാരങ്ങളില്‍നിന്നും ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ഒരു പ്രവാഹംതന്നെ കത്തോലിക്കാസഭയിലേക്ക് അടിച്ചുകയറി.

 

സാംസ്കാരിക അനുരൂപണ ചിന്ത ഭാരതത്തിലേക്ക് വന്നതോടെ ഗൃഹണിപിടിച്ചിരിക്കുന്നവര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ കത്തോലിക്കാ സഭ അതില്‍ അര്‍മാദിക്കുന്നതാണ് പിന്നെ നാം കാണുന്നത്. സാംസ്കാരികാനുരൂപണത്തിന് വിധേയമാകാത്ത ഏതെങ്കിലും മേഖല ഭാരതകത്തോലിക്കാസഭയില്‍ ഇന്ന് അവശേഷിക്കുന്നണ്ടോ എന്ന് സംശയമാണ്. നൂറ്റാണ്ടുകളായി ഹിന്ദുവിന്‍റേതായിരുന്ന പലതും കത്തോലിക്കാ മാമോദീസായില്‍ മുങ്ങിപ്പൊങ്ങി കത്തോലിക്കരുടേതുംകൂടിയായി. ഹൈന്ദവസംസ്കാരത്തിന് അനുരൂപമായതിനാല്‍ കത്തോലിക്കാ സഭയില്‍ കാണപ്പെടുന്ന പലതിനേയും ഹിന്ദു അമ്പലങ്ങളിലും ആചാരങ്ങളിലും കാണാം. തിരിച്ചറിയാനാകാത്തവിധം ഐതിഹ്യങ്ങളും പുരാണകഥകളും തോളോടു തോള്‍ ചേര്‍ന്ന്, അമ്പലത്തിലെ ദേവിയെ പെങ്ങളായും തൊട്ടടുത്ത കത്തോലിക്കാ ദേവാലയത്തിലെ പുണ്യാളനെ ആങ്ങളയായും കാണുന്നതുവരെ കാര്യങ്ങളെത്തി. “ആങ്ങള അമ്പലത്തിലും, പെങ്ങള്‍ പള്ളിയിലും” മതസൗഹാര്‍ദ്ദത്തിന്‍റെ മൂര്‍ത്തികളായിമാറി. “ചേട്ടന്‍ പള്ളിയിലും അനുജന്‍ അമ്പലത്തിലുമായി” ആത്മീയകൂട്ടുകെട്ടുകളില്‍ രക്തബന്ധവും പ്രസിദ്ധമായി.

 

കത്തോലിക്കാ സഭയ്ക്ക് ഇതിലൂടെ ഉണ്ടായ നേട്ടം കണ്ട് സാംസ്കാരികാനുരൂപണം എന്ന ചുടുചോറില്‍ കൈയിട്ടുവാരി നേട്ടം കൊയ്യാന്‍ മലങ്കര കത്തോലിക്കരും യാക്കോബായ – ഓര്‍ത്തഡോക്സ് സഭകളും സി.എസ്.ഐ, മാര്‍തോമാ സഭകളും മത്സരിക്കുന്നതാണ് ഇന്ന് നാം കാണുന്നത്. ഭാരത എപ്പിസ്കോപ്പല്‍ സഭകള്‍ക്ക് സ്വന്തമെന്നു പറയാന്‍ എന്താണ് ഇന്ന് ഉള്ളതെന്ന് ചോദിച്ചാല്‍ ഒന്നും ഇല്ല എന്ന സ്ഥിതിയിലേക്ക് സാംസ്കാരിക അനുരൂപണം എത്തിയിരിക്കുന്നു.

 

ക്രൈസ്തവികതയില്‍ ഉണ്ടായിരിക്കേണ്ട സത്താപരമായ വിശ്വാസരൂപഘടനയില്‍ കാതലായ വ്യതിയാനങ്ങള്‍ വരുത്തിക്കൊണ്ടാണ് സാംസ്കാരിക അനുരൂപണത്തിന്‍റെ പേരില്‍ കത്തോലിക്കാ സഭയില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഘടനകളും സമ്പ്രദായങ്ങളും രൂപപ്പെട്ടുവന്നത്. അരക്ഷിതനായിരുന്ന മനുഷ്യന്‍റെ രക്ഷയ്ക്കായി ദൈവം മനുഷ്യവംശത്തില്‍ ജനിക്കുകയും ജീവിക്കുകയും മരിക്കുകയും അതിലൂടെ രക്ഷയുടെ മാര്‍ഗ്ഗം കാണിച്ചുതരികയും ചെയ്തു. ദൈവം മനുഷ്യചരിത്രത്തില്‍ ഇറങ്ങിവന്ന് മനുഷ്യനോടുകൂടെ സ്ഥിരവാസിയാകുന്ന മര്‍മ്മമാണ് ക്രിസ്തു. കാലാകാലങ്ങളിലായി മനുഷ്യന് മറഞ്ഞിരുന്ന പല ആത്മീയരഹസ്യങ്ങളും ക്രിസ്തുവില്‍ മറനീക്കി വെളിവായി വന്നു. ഈ മര്‍മ്മങ്ങളുടെ സങ്കലനമാണ് ദൈവവചനത്തില്‍ വിരചിതമായിരിക്കുന്നത്.

 

ദൈവവചനത്തിന്‍റെ ആധികാരികതയ്ക്കു അപ്പുറത്ത് ക്രിസ്തുവിശ്വാസികളെ മനുഷ്യജ്ഞാനത്തിന്‍റെയും മാനുഷികപാരമ്പര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വഴിതിരിച്ചുവിട്ട് ലക്ഷ്യം തെറ്റിച്ചുകളയുന്ന അപകടമാണ് ഇതരമതങ്ങളിലെയും സംസ്കാരങ്ങളിലെയും തിളക്കമുള്ളവയെ എടുത്തണിയുമ്പോള്‍ സംഭവിക്കുന്നത്. ഈ അപകടം തിരിച്ചറിയാതെ, സാംസ്കാരികാനുരൂപണം എന്ന പാഷാണത്തിന്‍റെ മയക്കം ബാധിച്ച് സുബോധവും യാഥാര്‍ത്ഥ്യബോധവും നഷ്ടപ്പെട്ട് മൃതാവസ്ഥയിലാണ് കത്തോലിക്കാ സഭ. സഭയുടെ സാംസ്കാരികാനുരൂപണത്തിന്‍റെ ഏറ്റവും വലിയ ഇര ഇന്ത്യന്‍ കത്തോലിക്കരും പ്രത്യേകിച്ച് കേരള കത്തോലിക്കരുമാണ്. സംസ്കാരത്തിന്‍റെ പേരില്‍ ഏത് വള്ളിക്കെട്ടിനെയും കയറിപ്പിടിക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന കുറെ കത്തനാരന്മാരും ഇവര്‍ക്ക് ഓശാന പാടാന്‍ കുറെ കുഞ്ഞാടുകളും കന്യാസ്ത്രീകളും. എന്നാല്‍, ഈ പ്രതിലോമസംസ്കാരത്തിന്‍റെ ഗുണദോഷങ്ങളറിയാതെ ആയിരക്കണക്കിന് നിഷ്കളങ്കരായ ക്രൈസ്തവര്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

 

ക്രൈസ്തവചരിത്രം കടന്നുപോന്ന എല്ലാ നാല്‍കവലകളില്‍നിന്നും രൂപഭംഗിയുള്ളതെല്ലാം കൈക്കലാക്കി അതെല്ലാം സാംസ്കാരികാനുരൂപണം എന്ന പേരില്‍ തുന്നിച്ചേര്‍ത്ത് ഒടുവില്‍ രണ്ടായിരം കൊല്ലത്തിനിപ്പുറത്തേക്ക് വന്നപ്പോള്‍ മതചന്തയിലെ കോമാളിയുടെ രൂപം കെട്ടിയാടുന്നവനെപ്പോലെ ആയിരിക്കുന്നു ഭാരതക്രൈസ്തവര്‍. ഈ കുപ്പായത്തില്‍ എടുത്തു ചാര്‍ത്താന്‍ കൊള്ളുന്നവയും അല്ലാത്തവയും എന്തെന്ന് വിവേചിക്കാനുള്ള കഴിവെല്ലാം നഷ്ടപ്പെട്ട്, എതിര്‍ക്രിസ്തു എറിഞ്ഞുകൊടുക്കുന്നതെന്തോ അതെല്ലാം വെട്ടിവിഴുങ്ങാന്‍ പാകത്തില്‍ സഭാഗാത്രം ആകെ മാറിയിരിക്കുന്നു. സാംസ്കാരികാനുരൂപണത്തിന്‍റെ പേരില്‍ എന്തും ആകാം എന്നൊരു മരണസംസ്കാരത്തിന് അടിമയായിരിക്കുകയാണ് കത്തോലിക്കാ സഭ. ഹൈന്ദവികതയെ കണ്ണടച്ച് പുല്‍കാനുള്ള ഒരു ത്വര ഇന്ന് ഇന്ത്യന്‍ കത്തോലിക്കരായ സകലര്‍ക്കും ഉണ്ട്.

 

ഹിന്ദുത്വത്തില്‍ നിമജ്ജനം ചെയ്ത ഒരു ചിന്തയാണ് ക്രിസ്തീയത എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് കത്തോലിക്കാ പുരോഹിതരില്‍ മഹാഭൂരിഭാഗവും. രുദ്രാക്ഷമാലയും കാഷായവസ്ത്രവും ധരിച്ച പുരോഹിതരും തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ കാഷായത്തില്‍ മുങ്ങിനില്‍ക്കുന്ന യുവതലമുറയും ഈ സംസ്കാരത്തിന്‍റെ സന്തതികളാണ്.

(തുടരും)

Mathew Chempukandathil

2 comments

Most discussed