GM News Online

സാംസ്കാരിക അനുരൂപണം: ഹൈന്ദവദര്‍ശനങ്ങളിലൂടെ ക്രിസ്തുവിലേക്ക്?

 

ലോകം വിവിധ സംസ്കാരങ്ങളാല്‍ സമ്പന്നമാണ്. സംസ്കാരങ്ങള്‍ മനുഷ്യസമൂഹങ്ങളുടെ മേല്‍വിലാസവും മുഖവുമാണ്. സാംസ്കാരികവൈവിധ്യം അതിശയകരമാംവിധം മനുഷ്യനെ വ്യത്യസ്തനാക്കുന്നു. ജനിച്ചുവളര്‍ന്ന സംസ്കാരത്തെ മൂടിവച്ച് ഒരാള്‍ക്കും നിലനില്‍ക്കാന്‍ കഴിയില്ല. ഹൃദയത്തെയും ആത്മാവിനെയും സ്വാധീനിച്ചിരിക്കുന്ന ശക്തിമത്തായ ഒരു വികാരമാണ് സംസ്കാരം. അത് ഭാഷയായും വസ്ത്രധാരണരീതിയായും ഭക്ഷണശീലങ്ങളായും ചിന്തകളായും പെരുമാറ്റങ്ങളായും ആചാരമര്യാദകളായും പ്രതികരണങ്ങളായും യുക്തിചിന്തകളായും കഥകളായും കവിതകളായും എല്ലാം രൂപപ്പെട്ട്, ബലവത്തായ ഒരു ഭൗതികവസ്തുവായി രൂപംപ്രാപിച്ചിരിക്കുന്നു.

വൈകാരികമായി മാത്രമേ ഓരോരുത്തര്‍ക്കും തങ്ങളുടെ സംസ്കാരത്തെക്കുറിച്ചു പറയാന്‍ കഴിയുകയുള്ളൂ. സംസ്കാരത്തെ ചോദ്യംചെയ്യുകയെന്നത് അസ്തിത്വത്തെ ചോദ്യംചെയ്യുന്നതിനു തുല്യമാണ്. സംസ്കാരങ്ങള്‍ രാക്ഷസീയമാം വിധത്തില്‍ വളര്‍ന്ന് സംഘടിതശക്തിയായി മാറിയ ഈ കാലഘട്ടത്തില്‍ സംസ്കാരങ്ങളുടെ പിള്ളത്തൊട്ടിലുകളില്‍തന്നെ ജനിച്ചു വളര്‍ന്നുവന്ന മതവിചാരങ്ങള്‍ക്ക് അതിനാല്‍തന്നെ മനുഷ്യനില്‍ അമിതമായ സ്വാധീനശക്തിയുണ്ട്. മതത്തില്‍നിന്ന് സംസ്കാരത്തെയോ സംസ്കാരത്തില്‍നിന്ന് മതത്തെയെ വേര്‍പിരിക്കാനാവാത്തവിധം ഇവ യോജിച്ചുപ്രവര്‍ത്തിക്കുന്നു. സംസ്കാരം ബാഹ്യമായും മതം ആന്തരീകമായും മനുഷ്യനെ ബന്ധിതനാക്കുന്നതിനാല്‍ മതത്തെ ചോദ്യം ചെയ്യുന്നത് സംസ്കാരത്തെയും സംസ്കാരത്തെ നിഷേധിക്കുന്നത് മതബോധത്തെയും അലോസരപ്പെടുത്തുന്നു. മതങ്ങളുടെ പേരില്‍ മനുഷ്യന്‍ ഇന്ന് കാണിക്കുന്ന എല്ലാ ധാര്‍ഷ്ട്യത്തിനും അക്രമങ്ങള്‍ക്കും അടിസ്ഥാനം ഈ അലോസരചിന്തകളാണ്.

മതങ്ങളുടെ പൊതുസ്വഭാവം എന്നത് മനുഷ്യന്‍റെ വൈകാരികതയെ ഊതിപ്പെരുപ്പിച്ചുള്ള അഭ്യാസങ്ങളാണ്. മതവികാരങ്ങള്‍ക്ക് മുറിവേല്‍ക്കുക എന്നത് രക്തരൂക്ഷിത സംഘട്ടനങ്ങളിലേക്ക് മനുഷ്യസമൂഹങ്ങളെ എത്തിക്കും. ഇതാണ് ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നത്. മത-സംസ്കാര ചിന്തകളില്‍ ഏല്‍ക്കുന്ന ചെറിയ പോറലുകള്‍ക്കുപോലും മനുഷ്യനെ ഏറെ അപകടകാരിയായി മാറ്റിയെടുക്കാന്‍ കഴിയും. ആയതിനാല്‍ ആരും ആരുടെയും മതവികാരത്തെയും സംസ്കാരപശ്ചാത്തലത്തെയും ചോദ്യം ചെയ്യാതെ, പോറലേല്‍പ്പിക്കാതെ വളരെ സൂക്ഷ്മതയോടെ മുമ്പോട്ടു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് ഇന്നുള്ളത്.

ഇതര മത-സാംസ്കാരചിന്തകളെ സ്പര്‍ശിക്കുന്നത് ഗുരുതരമാകുന്നപോലെതന്നെ ഗൗരവം നിറഞ്ഞതാണ് ഇതരമതചിന്തകളെ മറ്റൊരു ലാക്കോടെ സ്വീകരിക്കുന്നതും അതിനു പുതിയൊരു ഭാഷ്യം നല്‍കി അതേ സമൂഹത്തില്‍ പുനരവതരിപ്പിക്കുന്നതും. ഒരുകൂട്ടര്‍ക്ക് പവിത്രമായ മത-സംസ്കാരചിന്തകള്‍ മറ്റൊരു കൂട്ടര്‍ക്ക് ഒരു തമാശയായിരിക്കും. മത-സംസ്കാരചിന്തകള്‍ക്ക് വൈകാരികതയുടെ ഒരു വശംകൂടി ഉള്ളതിനാല്‍ മത-സാംസ്കാരിക ബിംബങ്ങളെ കടംവാങ്ങി അതിന്‍റെ നിറംമാറ്റി പ്രതിഷ്ഠിക്കുമ്പോള്‍ അത് പ്രതിഷേധാര്‍ഹമാകുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. ഈ പ്രതിഷേധങ്ങള്‍ സംഘര്‍ഷാത്മകമാണ്. സാംസ്കാരികാനുരൂപണം എന്നത് നിര്‍ദോഷിയായ ഒരു കൊടുക്കല്‍ വാങ്ങല്ല, അത് സംഘര്‍ഷഭരിതവും പ്രതികൂലഫലം ഉളവാക്കുന്നതുമാണ്. വര്‍ത്തമാനകാല ഇന്ത്യയില്‍ ഹിന്ദു -ക്രിസ്ത്യന്‍ സമൂഹങ്ങള്‍ തമ്മില്‍ രൂപപ്പെട്ട വിഭാഗീയതയ്ക്ക് ഈ സാംസ്കാരിക അനുരൂപണം ഒരു വലിയ കാരണമായിട്ടുണ്ട്. ഹിന്ദുവിന്‍റെ ആചാരങ്ങളെ അടിച്ചുമാറ്റി രൂപപ്പെടുത്തിയെടുത്തത് എന്നൊരു ആരോപണം പല ക്രൈസ്തവപാരമ്പര്യങ്ങള്‍ക്കും ഉണ്ട്. ഇത് വ്യാപകമായി ഉയര്‍ന്നിരിക്കുന്ന പരാതിയാണ്.

സാംസ്കാരിക അനുരൂപണം വ്യാപകമായപ്പോള്‍ ഇപ്പോള്‍ കേള്‍ക്കുന്ന ശ്രദ്ധേയമായ വിഷയമാണ് ക്രിസ്ത്വാനുഭവ യോഗ ധ്യാനം എന്നത്. യോഗയെയും ക്രിസ്ത്വാനുഭവത്തെയും സംയുക്തമായി അവതരിപ്പിച്ച് ഭാരതീയമായി ക്രിസ്തുവിനെ അറിയുക എന്നതാണ് ക്രിസ്ത്വാനുഭവധ്യാനക്കാര്‍ പ്രചരിപ്പിക്കുന്നത്.

മനുഷ്യന്‍റെ ശാരീരികവും മാനസികവും ആത്മീയവുമായ അഭിവൃദ്ധിക്കായി ഭാരത ഹിന്ദുസംസ്കാരം രൂപപ്പെടുത്തിയ ഒരു ആത്മീയ അഭ്യാസമാണ് (spiritual practice) ആണ് യോഗ. വിവിധതരം വ്യായാമമുറകളിലൂടെയും അഭ്യാസങ്ങളിലൂടെയും മനസ്സിനെയും ശരീരത്തെയും നിയന്ത്രണവിധേയമാക്കുക എന്നതാണ് ഈ അഭ്യാസങ്ങളുടെ ലക്ഷ്യം. ഭക്തിമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന ഒരു ഹിന്ദുവിനെ സംബന്ധിച്ചിടത്തോളം അത് ഏറെ പ്രയോജനം ചെയ്യുന്നതാണ്. അഷ്ടാംഗങ്ങള്‍ എന്ന പേരിലുള്ള വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ആത്മനിയന്ത്രണത്തിനും മനഃശക്തിക്കുമായി ചെയ്യുന്ന യമം, ഈശ്വരഭക്തിയുടെ വര്‍ദ്ധനയ്ക്കായി ചെയ്യുന്ന നിയമം, ശരീരത്തിന്‍റെ ആരോഗ്യത്തിനായി ചെയ്യുന്ന വിവിധ ആസനങ്ങള്‍, ശ്വാസഗതിയെ നിയന്ത്രിച്ചുകൊണ്ട് ആന്തരികാവയവങ്ങളുടെ ഗുണത്തിനായി ചെയ്യുന്ന പ്രാണായാമങ്ങള്‍, ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ ചെയ്യുന്ന പ്രത്യാഹാരക്രിയകള്‍, മനസ്സിന്‍റെ ഏകാഗ്രതയ്ക്കായി ചെയ്യുന്ന ധാരണ എന്ന അഭ്യാസം, ശരീരത്തിന്‍റെയും മനസ്സിന്‍റെയും ഏകീകൃതമായ അവസ്ഥയ്ക്കായി ചെയ്യുന്ന ധ്യാനം, പരിപൂര്‍ണ്ണ ജ്ഞാനത്തിനായി അനുഷ്ഠിക്കേണ്ട സമാധി എന്നിങ്ങനെയുള്ള എട്ട് മാര്‍ഗ്ഗങ്ങള്‍ ആണ് യോഗയുടെ അടിസ്ഥാനം.

വാസ്തവത്തില്‍ ഇന്ത്യന്‍ ഫിലോസഫിയുടെ മുഴുവന്‍ ഫലശേഖരവും നടക്കുന്നത് യോഗാഭ്യാസനത്തിലൂടെയാണ്. യോഗ ചെയ്യാത്ത ഹിന്ദു ഹിന്ദുവല്ല. അത്തരക്കാര്‍ ഹിന്ദുവെന്ന് അവകാശപ്പെടുന്നതേയുള്ളൂ. അത്രമേല്‍ ഹിന്ദുദര്‍ശനവുമായി ബന്ധിതമാണ് യോഗാഭ്യാസം. യോഗ ഹിന്ദുത്വത്തിന്‍റെ മുക്തിമാര്‍ഗമാണ് (രക്ഷാമാര്‍ഗ്ഗം). ദൈവത്തെപ്പറ്റിയുള്ള കേവലജ്ഞാനമല്ല, ദൈവം, തന്നെത്തന്നെ അറിയുന്നതുപോലെ ദൈവത്തെ മനുഷ്യന് അറിയുവാനുള്ള ഒരു ജ്ഞാനമാര്‍ഗ്ഗമായിട്ടാണ് യോഗയെ നിര്‍ദേശിച്ചുട്ടുള്ളത്. ഹിന്ദുദര്‍ശനം പറയുന്ന കാലാതിവര്‍ത്തിയായ ഈ അറിവിനുമുന്നില്‍ പദാര്‍ത്ഥവും (matter) ഈ മഹാപ്രപഞ്ചവും ഒന്നുമില്ല (nothing). സൃഷ്ടവസ്തുക്കള്‍ എല്ലാം മനുഷ്യന്‍റെ ഇന്ദ്രിയങ്ങളെ വഞ്ചിക്കുന്നതിന്‍റെ (deceive) ഫലമായി എന്തൊക്കെയോ ഉണ്ടെന്നുള്ള തോന്നലാണ് സൃഷ്ടപ്രപഞ്ചത്തില്‍നിന്നും നമുക്ക് ഉളവാകുന്നത്. ഈ തോന്നലുകളെ മായ (illusion) എന്നു വിളിക്കുന്നു. സര്‍വ്വലോകവും മായയാണ്. മായയില്‍നിന്ന് വിടുതല്‍ നേടുവാനും ശാശ്വതസത്യമായ ബ്രഹ്മത്തെ കണ്ടെത്താനും യോഗയാണ് ഏകമാര്‍ഗ്ഗം. ഈ മാര്‍ഗ്ഗമായിരുന്നു ശ്രീ ശങ്കരാചാര്യര്‍ നിര്‍ദ്ദേശിച്ച ഹിന്ദുദര്‍ശനം. യോഗാഭ്യാസനത്തിന്‍റെ ഒടുവിലത്തെയും പരമപ്രധാനവുമായ തലമായ സമാധിയിലൂടെ ബ്രഹ്മത്തില്‍ ലയിക്കുന്നതിലേക്ക് മനുഷ്യന്‍ എത്തിച്ചേരുന്നു. (ഇതൊക്കെ സവര്‍ണ്ണഹിന്ദുവിനു മാത്രം അവകാശപ്പെടാവുന്നതാണെന്നത് മറക്കരുത്) ശ്രീ ശങ്കരാചാര്യരുടെ ദര്‍ശനങ്ങളിലൂടെ യോഗയെയും ഹിന്ദുത്വത്തെയും ദര്‍ശിക്കുമ്പോള്‍ മാത്രമേ യോഗയിലെ അക്രൈസ്തവികതയെ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂ.

യോഗ എന്തുമാകട്ടെ, ഇതിനെ ക്രിസ്ത്യന്‍ പക്ഷത്തുനിന്ന് നോക്കിക്കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇതിന് ഹിന്ദുദര്‍ശനങ്ങളുടെ പുണ്യഭൂമികയില്‍ മഹത്തായ അര്‍ത്ഥമുള്ളതിനാല്‍ അതിനെ ബഹുമാനത്തോടെ മാത്രമേ ഞാന്‍ കാണുന്നുള്ളൂ. എന്നാല്‍, വിശുദ്ധ ബൈബിള്‍ കൈയില്‍ വച്ചുകൊണ്ട്, യോഗയെ ക്രൈസ്തവദേവാലയത്തിലേക്കും അതിലൂടെ അനേകം ക്രൈസ്തവരുടെ ജീവിതത്തിലേക്കും സാംസ്കാരികാനുരൂപണത്തിന്‍റെ പേരില്‍ ആനയിക്കുന്നതിനെ ശക്തിയുക്തം എതിര്‍ക്കേണ്ടതു തന്നെയാണ്. യോഗയെ യോഗയായി അവതരിപ്പിക്കാതെ, യോഗയെ ക്രിസ്ത്വാനുഭവത്തിനുള്ള മാര്‍ഗ്ഗമായി അവതരിപ്പിക്കുക എന്ന സാംസ്കാരിക അനുരൂപണം കൊണ്ടുവരുന്ന വിരോധാഭാസം എന്തെന്നു പരിശോധിക്കുമ്പോള്‍ മാത്രമേ രാവും പകലും പോലെ വ്യത്യസ്തമാണ് യോഗയും ക്രിസ്തുമാര്‍ഗ്ഗങ്ങളും എന്നു കാണാം. ക്രിസ്തീയതയെ ഹിന്ദുത്വത്തില്‍ ലയിപ്പിച്ച്, കാഷായത്തിന്‍റെ നിറക്കൂട്ടുകളില്‍ ക്രിസ്തുദര്‍ശനങ്ങളെ മുക്കിയെടുക്കുന്ന ഈ ആധുനിക പ്രവണത തികച്ചും പ്രതിഷേധാര്‍ഹമാണ്. ക്രിസ്തുവിനെ അറിയാത്ത ജനകോടികള്‍ക്കു മുന്നില്‍ ഉള്‍ക്കരുത്തില്ലാത്ത, ലക്ഷ്യബോധമില്ലാത്ത ഒരു ക്രിസ്തീയതയാണ് ഇക്കൂട്ടര്‍ വിളംബരം ചെയ്യുന്നത്. യോഗയിലൂടെ ക്രിസ്തുവിനെ ദര്‍ശിക്കുകയും അനുഭവിക്കുകയും ചെയ്യുക എന്ന ചിന്ത ദൈവവചനത്തില്‍ യാതൊരു അറിവുമില്ലാത്ത ചിലരുടെ ഭാവനയും സൃഷ്ടിയുമാണ് എന്നത് ദൈവവചനപഠനത്തിലൂടെ തിരിച്ചറിയാന്‍ കഴിയും.

യോഗാഭ്യാസം ക്രിസ്തീയതയിലേക്ക് വരുമ്പോള്‍, ക്രിസ്തുദര്‍ശനവുമായി വിയോജിക്കുന്നത് എവിടെയാണെന്ന് ആദ്യമേ തിരിച്ചറിയണം. ഒന്നാമതായി, ക്രിസ്തീയത പരിപൂര്‍ണ്ണമായി വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. ക്രിസ്തീയത വിശ്വാസമാര്‍ഗ്ഗവും ഹിന്ദുത്വം കര്‍മമാര്‍ഗ്ഗവുമാണ്.

റോമാ ലേഖനം 3:21-28 നോക്കുക. “നിയമവും പ്രവാചകന്‍മാരും സാക്ഷ്യപ്പെടുത്തിയിട്ടുള്ള ദൈവനീതി നിയമത്തിലൂടെയല്ലാതെ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നു. 22 ഈ ദൈവനീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം കൂടാതെ യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി ലഭിക്കുന്നതാണ്. 23 എല്ലാവരും പാപംചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി. 24 അവര്‍ അവിടുത്തെ കൃപയാല്‍ യേശുക്രിസ്തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു. 25 വിശ്വാസം വഴി സംലബ്ധമാകുന്ന രക്തംകൊണ്ടുള്ള പാപപരിഹാരമായി ദൈവം അവനെ നിശ്ചയിച്ചുതന്നു. 26 അവിടുന്നു തന്‍െറ ക്ഷമയില്‍ പഴയ പാപങ്ങളെ അവഗണിച്ചുകൊണ്ട് ഇപ്പോള്‍ തന്‍െറ നീതി വെളിപ്പെടുത്താനും, അങ്ങനെ, താന്‍ നീതിമാനാണെന്നും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനാണെന്നും തെളിയിക്കാനുമാണ് ഇപ്രകാരം ചെയ്തത്. അതുകൊണ്ട്, നമ്മുടെ വന്‍പുപറച്ചില്‍ എവിടെ? അതിനു സ്ഥാനമില്ലാതായിരിക്കുന്നു. എന്തടിസ്ഥാനത്തില്‍? പ്രവൃത്തികളുടെ അടിസ്ഥാനത്തിലോ? അല്ല, വിശ്വാസത്തിന്‍െറ അടിസ്ഥാനത്തില്‍. 28 എന്തെന്നാല്‍, നിയമാനുഷ്ഠാനം കൂടാതെതന്നെ വിശ്വാസത്താല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു (conclude)”.

യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവം വിശ്വസിക്കുന്നവര്‍ക്ക് നല്‍കുന്ന നീതീകരണം (ഫിലിപ്പിയര്‍ 3:9) ആണ് വിശുദ്ധ ബൈബിള്‍ പ്രസംഗിക്കുന്ന ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത (the Goodnews of the Kingdom) വിശ്വാസമാര്‍ഗ്ഗത്തില്‍നിന്ന് കര്‍മ്മമാര്‍ഗ്ഗത്തിലേക്ക് ക്രിസ്തീയതയെ നയിച്ചാല്‍ പിന്നെ വിശ്വാസം എന്നതിന് യാതൊരു അര്‍ത്ഥവും പ്രസക്തിയുമില്ല. വിശ്വാസം കൂടാതെ കര്‍മ്മത്തിലൂടെ ദൈവത്തെ പ്രസാദിപ്പിച്ചാല്‍ പിന്നെ ക്രിസ്തുവിന്‍റെ പീഡാസഹനവും മരണവും വ്യര്‍ത്ഥമായി. ഹിന്ദുദര്‍ശനങ്ങളുടെ ഉപാധിയായ യോഗ നിര്‍ദേശിക്കുന്ന പ്രവൃത്തികളുടെ പിന്‍ബലമാണ് ദൈവമുമ്പാകെയുള്ള നീതീകരണത്തിനും അതിലൂടെയുള്ള മോക്ഷത്തിനും (രക്ഷ salvation) ഹേതുവാകുന്നതെങ്കില്‍ യേശുവിന്‍റെ മരണം വ്യര്‍ത്ഥമായിപ്പോയി (ഗലാത്യര്‍ 2:21) ഗലാത്യന്‍ സഭയും വിശ്വാസമാര്‍ഗ്ഗത്തില്‍നിന്നും കര്‍മ്മമാര്‍ഗ്ഗത്തിലേക്ക് വഴുതിവീണപ്പോള്‍ അവരെ ദൈവവചനം വിളിക്കുന്ന പേര്‍ യോഗയിലൂടെ ക്രിസ്ത്വാനുഭവം വിളംബരം ചെയ്യുന്നവരും കേള്‍ക്കേണ്ടതാണ് “ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ” (ഗലാത്യര്‍ 3:1). ഗലാത്യര്‍ വിഡ്ഢികളാകാന്‍ കാരണം അവരെ ആരോ ക്ഷൂദ്രം ചെയ്ത് മയക്കി ബുദ്ധിഹീനരാക്കിയതായിരുന്നു. ഈ കാരണം തന്നെയാണ് ഹിന്ദുദര്‍ശനങ്ങളുടെ വ്യാഖ്യാനങ്ങളുടെ വെളിച്ചത്തില്‍ ക്രിസ്തുദര്‍ശനങ്ങളെ കാണുന്നവര്‍ക്കും സംഭവിച്ചിരിക്കുന്നത്. ക്ഷുദ്രപ്രയോഗത്തിന് വിധേയരാക്കപ്പെട്ടവര്‍ കൊണ്ടുനടക്കുന്ന വ്യാജ ഉപദേശമാണ് യോഗയിലൂടെയുള്ള ക്രിസ്ത്വാനുഭവം. ആയതിനാല്‍ ഇത് പൈശാചികവും ഭയാനകവുമാണ്.

ഹൈന്ദവദര്‍ശനങ്ങളില്‍നിന്ന് ക്രിസ്തുമാര്‍ഗ്ഗം വിഭിന്നമാണെന്നതിന് മേല്‍ ഉദ്ധരിച്ച രണ്ട് ദൈവവചനത്തിന്‍റെ അടിസ്ഥാനത്തല്‍ ഇതില്‍കൂടുതല്‍ തെളിവ് ആര്‍ക്കാണ് വേണ്ടത്? ദൈവവചനത്തെ നോക്കുകുത്തിയാക്കി മാറ്റിനിര്‍ത്തി, ഹൈന്ദവികതയുടെ ഭാഗമാണ് ക്രിസ്തീയത എന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നത്. ഈ തോന്നലുകളെ ബലപ്പെടുത്താന്‍ കാഷായവും രുദ്രാക്ഷവും ധരിച്ച് ക്രിസ്തുഭജനയും ചൊല്ലി ജീവിക്കുന്ന വ്യക്തികള്‍ ക്രിസ്തുമാര്‍ഗ്ഗത്തിന് എതിര്‍ദിശയില്‍ യാത്രചെയ്യുന്ന നിര്‍ഭാഗ്യവാന്മാരാണ് എന്നേ പറയേണ്ടൂ. മനുഷ്യനായി അവതരിച്ച ദൈവമായ യേശുക്രിസ്തുവിനെ ഇന്ത്യന്‍ ഗുരുപരമ്പരയിലെ ഒരംഗമായി കാണുന്നവര്‍ക്ക് യോഗയും ധ്യാനവും വനപര്‍വ്വവും സന്യാസവും മരവുരിയും കമണ്ഡലുവും കാഷായവും രുദ്രാക്ഷവും ഭജനയും എല്ലാം വേണ്ടിവരും.

രണ്ടാമതായി, ഹിന്ദുദര്‍ശനത്തില്‍ ആത്മനിയന്ത്രണത്തിനും ഇന്ദ്രിയജയത്തിനുമുള്ള ഉപാധിയായി യോഗയെ നിര്‍ദേശിച്ചിരിക്കുന്നു. എന്നാല്‍ ക്രിസ്തുമാര്‍ഗ്ഗത്തില്‍ ഇവിടെ പരിശുദ്ധാതമാവിനെയാണ് ക്രിസ്തുവിശ്വാസിയുടെ ആത്മനിയന്ത്രണത്തിന്‍റെ പരിശീലകനായും നിയന്താവായും നിയമിച്ചിരിക്കുന്നത്. വിശ്വാസമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്ന വ്യക്തിയെ സകലസത്യത്തിലും വഴിനടത്തുന്ന സഹായകനായിട്ടാണ് പരിശുദ്ധാത്മാവിനെ ക്രിസ്തു നല്‍കിയിരിക്കുന്നത്. “സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍െറ പൂര്‍ണതയിലേക്കു നയിക്കും” (യോഹ 16:13). പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളില്‍ ഒന്നായി ദൈവവചനം നിഷ്കര്‍ഷിക്കുന്നത് ആത്മനിയന്ത്രണമാണ് (self control) ഗലാത്യര്‍ 5:22,23. മനുഷ്യനിലെ എല്ലാ അധമവാസനകളെയും പരിശുദ്ധാത്മാവിനാല്‍ നിഗ്രഹിക്കുക (റോമ 8:13) എന്നതാണ് ദൈവവചനം ആവശ്യപ്പെടുന്നത്. അപ്പോള്‍, പരിശുദ്ധാത്മാവിന് പകരക്കാരനായി ക്രിസ്തുനാമധാരികള്‍ എന്ന് പറയപ്പെടുന്നവര്‍ കണ്ടെത്തിയ ഉപാധിയാണ് യോഗയും ക്രിസ്ത്വാനുഭവയോഗയും എല്ലാം. അതിനാല്‍ ക്രിസ്തുമാര്‍ഗ്ഗത്തെ യോഗയിലേക്കും അതിലൂടെ ആത്മനിയന്ത്രണത്തിലേക്കും വഴിതെറ്റിക്കുന്നവര്‍ എതിര്‍ക്രിസ്തുവിന്‍റെ ആത്മാവിനാലാണ് നയിക്കപ്പെടുന്നത് എന്നതില്‍ ആരും വിയേജിക്കുമെന്ന് കരുതുന്നില്ല.

വളരെ വ്യാഖ്യാനവ്യാപ്തിയുള്ള ഒരു വിഷയമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ ഈ വിഷയത്തിന്‍റെ എല്ലാ വശങ്ങളും ഇവിടെ പ്രതിപാദിച്ചിട്ടില്ല. ദൈവവചനത്തിന് പകരം മറ്റ് മാര്‍ഗ്ഗങ്ങള്‍തേടി ക്രിസ്ത്യാനി ചമഞ്ഞുനിന്ന ഗലാത്യന്‍ സഭയിലെ ക്രിസ്ത്യാനികളോടു ദൈവാത്മാവു പറയുന്ന ഒരു വചനം ഓര്‍മിപ്പിച്ച് ഈ ലേഖനം ഉപസംഹരിക്കട്ടെ. “ഞങ്ങള്‍ നിങ്ങളോടു അറിയിച്ചതിന് വിപരീതമായി ഞങ്ങള്‍ ആകട്ടെ, സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍” (ഗലാത്യര്‍ 1:8). മേല്‍കീഴ് ചിന്തയില്ലാത്ത ചില പാതിരിമാരും അവര്‍ക്ക് കുഴലൂത്തുകാരയ കുറെ അല്‍മായനേതാക്കന്മാരും കുഴിച്ചിട്ടിരിക്കുന്ന ചതിക്കുഴികള്‍ എന്തെന്ന് ദൈവവചനം വച്ച് പരിശോധിച്ച് സത്യമാര്‍ഗ്ഗത്തിലേക്ക് തിരിയുവാന്‍ ഈ ലേഖനം വായിക്കുന്ന ഓരോ വ്യക്തിക്കും കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

(തുടരും)

Mathew Chempukandathil

1 comment

  • Dear Mathew, greetings. Great to read your article. Very glad to know GM news got a second life. May God use you to guide truth seekers to the Truth of the Word and to Jesus Christ, the way, the truth and the life. Blessings.
    Mathew C. Vargheese

Most discussed